തിരുവനന്തപുരം: സി.പി.എം ജില്ല സമ്മേളന പ്രവർത്തന റിപ്പോർട്ടിൽ സി.പി.ഐക്ക് നിശിത വിമർശനം. സംഘടന പ്രവർത്തനത്തിലെ വീഴ്ചക്ക് മുൻ എം.പി എ. സമ്പത്തിനും വിമർശനമുണ്ട്.
ഒരു പഞ്ചായത്ത് വാർഡിൽപോലും വിജയിക്കാനാകാത്ത പാർട്ടിയാണ് സി.പി.ഐയെങ്കിലും സി.പി.എമ്മിനെ തോൽപിക്കാൻ കഴിയുമെന്ന വിശ്വാസമാണ് അവർക്കുള്ളതെന്ന് റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. ജില്ലയിലൊരിടത്തും കാര്യമായ ശക്തിയുള്ള പാർട്ടിയല്ല സി.പി.ഐ. സി.പി.എമ്മിലെ അസംതൃപ്തരെ സ്വീകരിക്കാൻ അവർ ശ്രമിക്കുന്നു.
ആർ.എസ്.എസ് ശക്തി ജില്ലയിൽ വളർന്നുവരുന്നത് പോലെ എസ്.ഡി.പി.ഐ ചില മേഖലയിൽ ആധിപത്യം വളർത്തിക്കൊണ്ടുവരുന്നു. അത് അപകടകരമാണ്. ജമാഅത്തെ ഇസ്ലാമി വലിയതോതിൽ ഇസ്ലാമിക ഭീകരതക്ക് വളംവെക്കുന്ന ആശയങ്ങൾ വിതക്കുന്നു. ജമാഅത്തെ ഇസ്ലാമി ആശയങ്ങളെ കേരളത്തിലും രാജ്യത്തും പ്രതിരോധിക്കാൻ കഴിയണം. എ. സമ്പത്ത് സംഘടനാ പ്രവർത്തനത്തിൽ വേണ്ടത്ര ശ്രദ്ധ കാട്ടുന്നില്ലെന്നാണ് വിമർശനം.
സംസ്ഥാന പൊലീസിലെ ആർ.എസ്.എസ് വത്കരണത്തിനെതിരെ സി.പി.എം തിരുവനന്തപുരം ജില്ല സമ്മേളന പ്രതിനിധി ചർച്ചയിൽ രൂക്ഷ വിമർശനം. തദ്ദേശവകുപ്പിനും മന്ത്രി എം.വി. ഗോവിന്ദന്റെ ഓഫിസിനുമെതിരെ ചർച്ചയിൽ പ്രതിനിധികൾ വിമർശനമുയർത്തി.
പൊലീസിന് യഥേഷ്ടം വിഹരിക്കാൻ അനുമതി നൽകിയതോടെ ആർ.എസ്.എസിന് സഹായകമായി മാറി. കോവിഡ് കാലത്ത് വള ഊരി നൽകിയും മൃതദേഹം മറവുചെയ്തും മാതൃകയായ പൊലീസ്, റെയിൽവേ ട്രാക്കിൽ മരിച്ച് കിടക്കുന്നവന്റെ ദേഹത്തുനിന്ന് വാച്ച് ഊരിമാറ്റുന്ന തലത്തിലേക്ക് അധഃപതിച്ചു.
ഉത്തരേന്ത്യയിലെ പൊലീസിലെ ക്രിമിനൽവത്കരണവും ആർ.എസ്.എസ് വത്കരണവും ഇവിടെയുമുണ്ട്. പൊലീസിന്റെ സ്വഭാവം തുടർഭരണം വന്നിട്ടും മാറുന്നില്ല. അതിനെ നിയന്ത്രിക്കണം. എല്ലാവരെയും പരിഗണിക്കുന്നതുപോലെ പരിഗണിച്ചാൽ മതി.
സി.പി.എമ്മുകാർക്ക് പ്രത്യേക പരിഗണനയൊന്നും പൊലീസ് സ്റ്റേഷനിൽ വേണ്ട. പല പൊലീസ് സ്റ്റേഷനിലും ആർ.എസ്.എസ് അനുകൂലികളാണുള്ളത്. ന്യായമായ കാര്യങ്ങളുമായി ചെല്ലുമ്പോൾ താൽപര്യം കാണിക്കുമെങ്കിലും അവർ പരിഗണന നൽകുന്നത് ആർ.എസ്.എസുകാർക്കാണെന്നും പ്രതിനിധികൾ കുറ്റപ്പെടുത്തി.
തദ്ദേശ സ്വയംഭരണവകുപ്പിൽ നടക്കുന്നത് ഉദ്യോഗസ്ഥ ഭരണമാണെന്നും ആക്ഷേപമുയർന്നു. ഉദ്യോഗസ്ഥരുടെ പ്രവർത്തനം പലയിടത്തും തൃപ്തികരമല്ല. തദ്ദേശവകുപ്പ് മന്ത്രിയുടെ ഓഫിസിന്റെ പ്രവർത്തനം തൃപ്തികരമല്ല, ഇടപെടണം. പല പഞ്ചായത്തുകൾക്കും നല്ല ഉദ്യോഗസ്ഥരെയല്ല ലഭിച്ചിട്ടുള്ളത്. പഞ്ചായത്തുകൾക്ക് ഫണ്ട് നൽകുന്നില്ല.
പക്ഷേ, എല്ലാ പദ്ധതികളും നടപ്പാക്കണമെന്ന് നിർബന്ധം പിടിക്കുകയാണ്. ജമാഅത്തെ ഇസ്ലാമി കമ്യൂണിസ്റ്റ് വിരുദ്ധരാണെന്നും ചൂണ്ടിക്കാട്ടി. വർക്കല, ആറ്റിങ്ങൽ, വെള്ളറട, നെയ്യാറ്റിൻകര, പാറശ്ശാല ഉൾപ്പെടെ ഏരിയകളിൽ നിന്നുള്ളവരാണ് ഇന്നലെ ചർച്ചയിൽ പങ്കെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.