തിരുവനന്തപുരം: ഒറ്റമഴയിൽ തലസ്ഥാന നഗരം വെള്ളത്തിൽ മുങ്ങാൻ പ്രധാനകാരണം അനധികൃത നിർമാണങ്ങളും നഗരത്തിന് കൃത്യമായൊരു മാസ്റ്റർ പ്ലാൻ ഇല്ലാത്തതും. ഇന്ററിം ഡെവലപ്മെന്റ് ഓർഡർ (ഐ.ഡി.ഒ) എന്ന താൽക്കാലിക മാസ്റ്റർ പ്ലാനിന്റെ ചുവടുപിടിച്ചാണ് നിർമാണങ്ങൾ മിക്കതും നടക്കുന്നത്. വൻകിടക്കാർക്കും റിയൽ എസ്റ്റേറ്റുകാർക്കും നിർബാധം നിർമാണം നടത്താനുള്ള സാധ്യത ഇത് തുറന്നുനൽകുന്നു. നിയന്ത്രണങ്ങളുള്ള പലമേഖലകളിലും നിർമാണങ്ങൾ ഇപ്പോൾ തകൃതിയാണ്.
തോട്ടിലെയും ജലാശയങ്ങളിലെയും വെള്ളംപോലും സുഗമമായി ഒഴുകിപ്പോകാൻ പറ്റാത്തവിധം നിർമാണങ്ങളാണ് നടക്കുന്നത്. പ്രധാന ഓടകൾ മുഴുവൻ അനധികൃത നിർമാണങ്ങളാൽ അടഞ്ഞ സ്ഥിതിയിലാണ്. തലസ്ഥാന നഗരത്തിന്റെ യഥാർഥ പ്രശ്നങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കാൻ അധികൃതർ തയാറായില്ലെങ്കിൽ വരുംനാളുകളിൽ വലിയ ജലദുരന്തങ്ങൾക്കാവും തലസ്ഥാനനഗരം സാക്ഷിയാവുക. പാർവതി പുത്തനാറും കിള്ളിയാറും ഉൾപ്പെടെ ശുചിയാക്കാൻ കാലാകാലങ്ങളിൽ അനുവദിച്ച കോടിക്കണിന് രൂപ എങ്ങോട്ടേക്ക് ഒഴുകിയെന്ന് ആർക്കും അറിയില്ല.
സുസ്ഥിര നഗര വികസന പദ്ധതിയുടെ ഭാഗമായി ജലാശയങ്ങൾ വീണ്ടെടുക്കാൻ 2010ൽ 82 കോടി അനുവദിച്ചിരുന്നു. അതിന് മുമ്പും ശേഷവും കോർപറേഷൻ പാർവതീപുത്തനാറിന്റെയും കിള്ളിയാറിന്റെയും മറ്റ് ചെറിയ തോടുകളുടെയും പേരിൽ വൻതുകകൾ ചെലവഴിച്ചിട്ടുണ്ട്. ജലാശയങ്ങൾക്ക് സമീപത്തെ കൈയേറ്റങ്ങൾ, അനധികൃത നിർമാണങ്ങൾ, നഗരഹൃദയത്തിൽ പോലും ഓടകൾ മൂടിയുള്ള നിർമാണങ്ങൾ, അശാസ്ത്രീയമായ ഓടകളും റോഡുകളും എന്നിങ്ങനെ അനന്തമായി നീളുകയാണ് അടിസ്ഥാനപ്രശ്നങ്ങൾ.
നാടിന്റെ വികസനം എങ്ങനെ വേണമെന്നത് സംബന്ധിച്ച് കൃത്യമായ രൂപരേഖ നൽകുന്നതും ഉദ്യോഗസ്ഥർക്ക് വഴികാട്ടിയാകേണ്ടതുമായ മാസ്റ്റർപ്ലാനാണ് ഇപ്പോഴും ചർച്ചകളിൽ ഉടക്കിക്കിടക്കുന്നത്. 2014 മുതലുള്ള ചർച്ചയാണ് എങ്ങുമെത്താതെ നീളുന്നത്. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി തസ്ഥാന നഗരത്തിന് പുതിയൊരു മാസ്റ്റർപ്ലാൻ ഉടൻവരുമെന്നാണ് കോർപറേഷൻ പറയുന്നത്.
അപ്പോഴേക്കും തിരുവനന്തപുരത്തിന്റെ മുഖച്ഛായ തന്നെ മാറ്റിയെഴുതപ്പെടുമെന്ന വാദവും ശക്തമാണ്. എവിടെയൊക്കെ നിർമാണമാകാം, അനുമതി നൽകാൻ പാടില്ലാത്ത സ്ഥലങ്ങൾ ഏതെല്ലാം, ഓടകൾ എവിടെ വേണം, മഴവെള്ള സംഭരണികൾ ഉൾപ്പെടെ സംവിധാനങ്ങൾ എവിടെയെല്ലാം സ്ഥാപിക്കണം തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരുത്താൻ മാസ്റ്റർ പ്ലാനിലൂടെ മാത്രമേ സാധിക്കൂ.
ഓപറേഷൻ അനന്തയുടെ ‘ഒഴുക്ക്’ നിലച്ചത് തിരിച്ചടിയായി
തിരുവനന്തപുരം: 2015ൽ അന്നത്തെ ചീഫ് സെക്രട്ടറി ജിജി തോംസന്റെ ആശയം കലക്ടറായിരുന്ന ബിജുപ്രഭാകറിലൂടെ നടപ്പാക്കിയ പദ്ധതി ആയിരുന്നു ഓപറേഷൻ അനന്ത. നഗരത്തിലെ അതിരൂക്ഷമായ വെള്ളക്കെട്ട് ഒഴിവാക്കാൻ ലക്ഷ്യമിട്ട് ആരംഭിച്ചതാണ്. ഒഴുകിയെത്തുന്ന വെള്ളം ആമയിഞ്ചാന്‍ തോട്ടിലെത്തിക്കാന് ആഴത്തില്‍ ഓടകള്‍ നിർമിക്കാനും ഓടകളില്‍ മാലിന്യം വലിച്ചെറിയാതിരിക്കാനുമുള്ള മുന്‍കരുതലുകള്‍ എടുക്കാനും തോട് കടന്നുപോകുന്ന നഗരപ്രദേശങ്ങളില്‍ സ്ലാബിട്ട് അടക്കാനും ലക്ഷ്യമിട്ടാണ് ആരംഭിച്ചത്.
കൂടാതെ അട്ടക്കുളങ്ങര റോഡിലുണ്ടാകുന്ന വെള്ളപ്പൊക്കം ഓട വീതി കൂട്ടി അതിവേഗം കിള്ളിയാറില്‍ എത്തിക്കാനാണ് പദ്ധതിയില്‍ പ്ലാനിട്ടത്. പക്ഷേ, കിഴക്കേകോട്ട എത്തിയതോടെ അനന്തയുടെ ‘ഒഴുക്ക്’ നിലച്ചു. പ
ല വൻകിടക്കാരുടെയും കെട്ടിടങ്ങൾ ഓടക്ക് മുകളിലായതാണ് പ്രതിസന്ധിയായത്. കൈയേറ്റങ്ങള്‍ ഒഴിവാക്കാനും ആമയിഴഞ്ചാന്‍ തോടിലെ മാലിന്യ നിക്ഷേപം തടയാനും ശക്തമായ നടപടികള്‍ സ്വീകരിച്ചാല്‍ മാത്രമേ ഓപറേഷന് അനന്ത ഫലപ്രദമായി പൂര്‍ത്തിയാക്കാനാവൂ. ഇത് കണക്കിലെടുത്ത് കോര്‍പറേഷന്റെയും, രാഷ്ട്രീയ കക്ഷികളുടെയും സംയുക്തയോഗം വിളിച്ചുകൂട്ടി രണ്ടാംഘട്ടം ആസൂത്രണം ചെയ്യണമെന്ന ആവശ്യം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.