പോത്തൻകോട്: ഗതാഗതം നിയന്ത്രിക്കുന്നതിനിടെ പൊലീസുകാരെ വാഹനമിടിച്ച് അപായപ്പെടുത്താൻ ശ്രമിക്കുകയും ആക്രമിക്കുകയും ചെയ്തു. കാറിലെത്തിയ രണ്ടംഗസംഘമാണ് ജങ്ഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന എ.എസ്.ഐ ഉൾപ്പെടെ മൂന്ന് പൊലീസുകാരെ ആക്രമിച്ചത്. ശനിയാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം.
എ.എസ്.ഐ ശശി, പൊലീസുകാരായ വരുൺ റാം, സുജിത്ത് എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ അണ്ടൂർക്കോണം സി.എച്ച്.സിയിൽ ചികിത്സ തേടി. ഉച്ചസമയത്ത് ജങ്ഷനിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി ഗതാഗതം നിയന്ത്രിക്കാൻ പോലീസുകാർ എത്തുകയായിരുന്നു. മേലേമുക്ക് ഭാഗത്ത് നിന്ന് അമിത വേഗത്തിൽ ജങ്ഷനിലെത്തിയ കാർ ഗതാഗതം നിയന്ത്രിക്കാൻ നിന്ന പൊലീസുകാരുടെ അടുത്തേക്ക് പാഞ്ഞടുക്കുകയായിരുന്നു.
വെഞ്ഞാറമൂട് ഭാഗത്ത് പോകാനായി കാർ ബസ് ടെർമിനലിന് മുന്നിൽ പോയി കറങ്ങി വരാൻ പൊലീസ് നിർദേശിച്ചെങ്കിലും കാറിലുണ്ടായിരുന്ന യുവാവും സ്ത്രീയും കാറിൽ നിന്നിറങ്ങി പൊലീസുകാരെ അസഭ്യം പറഞ്ഞു.
ഇതിനിടയിൽ യുവാവ് സ്ത്രീയെ മുന്നിൽ നിർത്തി മറ്റ് പോലീസുകാരെ മർദിക്കുകയായിരുന്നു. നിലമേൽ കുരിയോട് പരുത്തിയിൽ കോയിപ്പുറത്ത് വീട്ടിൽ ഹാജിറാബീവിയുടെ പേരിലുള്ള കാറിലാണ് രണ്ടംഗ സംഘം വന്നതെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. പൊലീസുകാരുടെ ജോലി തടസ്സപ്പെടുത്തിയതിനും ആക്രമിച്ചതിനും കേസെടുത്തതായി പോത്തൻകോട് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.