തിരുവനന്തപുരം: സംശയരോഗം കാരണം ഭാര്യയെ കൊലപ്പെടുത്താൻ സ്വന്തമായി നാടൻ ബോംബ് നിർമിച്ച് എറിയാൻ ശ്രമിക്കവെ കൈയിലിരുന്ന് ബോംബ് പൊട്ടി വലത് കൈപ്പത്തിക്ക് പരിക്ക് പറ്റിയ കേസിൽ ഭർത്താവിന് 15 വർഷം കഠിനതടവ്.
തിരുവനന്തപുരം സ്‌ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള കുറ്റകൃത്യങ്ങൾ വിചാരണ ചെയ്യുന്ന സ്‌പെഷൽ ജില്ല കോടതി ജഡ്‌ജി എം.പി. ഷിബുവാണ് ശിക്ഷ വിധിച്ചത്. 2015 ജൂലൈ എട്ടിനായിരുന്നു സംഭവം.
വിതുര കല്ലാർ ബിജുഭവനിൽ വിക്രമനെയാണ് (67) ശിക്ഷിച്ചത്. ഭാര്യ കമലത്തോടുള്ള സംശയം കാരണം പ്രതി മാറി താമസിക്കുകയായിരുന്നു. ഇതിനുവേണ്ടി സ്വന്തമായി അഞ്ച് നാടൻ ബോംബുകൾ നിർമിച്ച് ഭാര്യ താമസിക്കുന്ന വീട്ടിലെത്തി.
പ്രതിയെ കണ്ട ഭാര്യ വീട്ടിൽകയറി വാതിലടക്കുകയും ഈ സമയം കൈയിലിരുന്ന ബോംബുമായി വാതിൽ തള്ളിത്തുറക്കാൻ ശ്രമിച്ച പ്രതിയുടെ കൈയിലിരുന്ന് ബോംബ് പൊട്ടി വലത് കൈപ്പത്തി നിശ്ശേഷം തകരുകയും ഭാര്യക്ക് പരിക്കേൽക്കുകയും ചെയ്‌തു.
പാലോട് പൊലീസാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പബ്ലിക് പ്രോസിക്യൂട്ടർ കാട്ടായിക്കോണം ജെ.കെ.അജിത് പ്രസാദ് ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.