തിരുവനന്തപുരം: മെഡിക്കൽ കോളജിലെ പ്രവേശനവുമായി ബന്ധപ്പെട്ട തർക്കത്തിൽ കൂട്ടിരിപ്പുകാരായ രണ്ടുപേരെ മെഡിക്കൽ കോളജ് ട്രാഫിക് വാർഡൻമാർ ക്രൂരമായി മർദിച്ചു. നെടുമങ്ങാട് സ്വദേശികളായ രണ്ട് യുവാക്കളെയാണ് സെക്യൂരിറ്റി ഓഫിസറുടെ മുറിക്ക് സമീപം െവച്ച് ക്രൂരമായി മർദിച്ചത്.
വെള്ളിയാഴ്ച വൈകുന്നേരം ആറുമണിയോടെ ആയിരുന്നു സംഭവം. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗിക്ക് കൂട്ടുവന്നവരാണ് ഇവർ. പുറത്തുപോയി വന്ന ഇവർ ഒ.പി കവാടത്തിലൂടെ ആശുപത്രിക്ക് അകത്തേക്ക് കയറാൻ ശ്രമിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണമായത്. വാക്കേറ്റം ഉണ്ടാവുകയും തുടർന്ന് കൂടുതൽ ട്രാഫിക് വാർഡന്മാർ എത്തി ഇവരെ സെക്യൂരിറ്റി ഓഫിസറുടെ മുറിക്ക് സമീപം എത്തിക്കുകയായിരുന്നു.
കസേരയിൽ ഇരുത്തിയാണ് മുതുകത്തും ദേഹത്തും ഉൾപ്പെടെ മർദിച്ചത്. സംഭവം അറിഞ്ഞിട്ടുണ്ടെന്നും പരാതിയുമായി ആരും എത്തിയില്ലെന്നും മെഡിക്കൽ കോളജ് പൊലീസ് അറിയിച്ചു. എന്നാൽ ഇരുവരും പ്രകോപനപരമായി വാർഡൻമാരോട് തട്ടിക്കയറിയെന്നാണ് മെഡിക്കൽകോളജ് അധികൃതർ വ്യക്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.