ശംഖുംമുഖം: തിരുവനന്തപുരം വിമാനത്താവളത്തിലെ ഡ്യൂട്ടിഫ്രീ ഷോപ്പ് തുറക്കുന്നത് അനിശ്ചിതത്വത്തിൽ. വർഷങ്ങളായി പൂട്ടിക്കിടക്കുന്ന ഡ്യൂട്ടി ഫ്രീ ഷോപ്പ് അദാനി ഗ്രൂപ് വിമാനത്താവളം ഏറ്റെടുക്കുന്നതോടെ തുറക്കുമെന്ന് പ്രതീക്ഷയിലായിരുന്നു യാത്രക്കാർ. എന്നാൽ, വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഏറ്റെടുത്ത് മാസങ്ങൾ കഴിഞ്ഞിട്ടും ഡ്യൂട്ടി ഫ്രീ ഷോപ്പ് തുറക്കാത്തതിന്റെ നിരാശ യാത്രക്കാർ പങ്കുവെക്കുന്നു.
മറ്റു വിമാനത്താവളങ്ങളിൽ ഡ്യൂട്ടി ഫ്രീ ഷോപ്പുകൾ സുഗമമായി പ്രവർത്തിക്കുമ്പോഴാണ് സംസ്ഥാനത്തെ ആദ്യ വിമാനത്താവളമായ തിരുവനന്തപുരത്ത് വർഷങ്ങളായി അടഞ്ഞുകിടക്കുന്നത്. ജനുവരി ആദ്യവാരത്തിൽ ഡ്യൂട്ടി ഫ്രീ ഷോപ്പ് തുറക്കുമെന്ന് സൂചനകൾ ഉണ്ടായിരുന്നു. എന്നാൽ, കസ്റ്റംസിൽനിന്ന് ലൈസൻസ് കിട്ടുന്നതിനുള്ള കാലതാമസമാണ് വീണ്ടും നീളാൻ കാരണം. നിലവിൽ രാജ്യാന്തര വിമാനത്തവളത്തിലെ ടെർമിനിനുള്ളിൽ പൂട്ടിക്കിടക്കുന്ന പഴയ ഡ്യൂട്ടി ഫ്രീഷോപ്പിന് സമീപത്തായി പൂതിയ ഡ്യൂട്ടി ഫ്രീ ഷോപ്പ് ആരംഭിക്കാൻ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. പഴയ ഡ്യൂട്ടി ഫ്രീ ഷോപ്പ് സംബന്ധിച്ച കേസ് കോടതിയിലുള്ളതു കാരണം ഇവിടെ പുതിയത് തുറക്കാൻ കഴിയില്ല. അതിനാലാണ് പുതിയ സ്ഥലം കണ്ടെത്തേണ്ടി വന്നത്. അദാനി ഗ്രൂപ്പും ഫ്ലമിഗോ കമ്പനിയുമായി ചേര്‍ന്നുള്ള പുതിയ കമ്പനിക്കാണ് പുതിയ ഡ്യൂട്ടി ഫ്രീ ഷോപ്പിന്റെ നടത്തിപ്പ് അവകാശം. മുമ്പ് ഇവിടെ ഡ്യൂട്ടി ഫ്രീ ഷോപ്പ് നടത്തിയിരുന്ന ഫ്ലമിഗോ കമ്പനിയുടെ 75 ശതമാനം ഓഹരി അദാനി ഗ്രൂപ് വാങ്ങിക്കഴിഞ്ഞു. 25 ശതമാനം മാത്രം ഓഹരിയാണ് ഫ്ലമിഗോ കമ്പനിക്കുള്ളത്. അതിനാല്‍ അദാനി-ഫ്ലമിഗോ കമ്പനികള്‍ ചേര്‍ന്നുള്ള പുതിയ പേരിലാണ് ഡ്യൂട്ടി ഫ്രീ ഷോപ്പ് തുടങ്ങാൻ തീരുമാനിച്ചിട്ടുള്ളത്.
എയര്‍പോര്‍ട്ട് അതോറിറ്റിയുടെ കീഴില്‍ വിമാനത്താവളം പ്രവര്‍ത്തിച്ചിരുന്ന സമയത്ത് ഡ്യൂട്ടി ഫ്രീ ഷോപ്പിന്റെ നടത്തിപ്പ് ഏറ്റെടുത്തിരുന്ന പ്ലസ് മാക്സ് കമ്പനി വലിയതോതിൽ വിദേശമദ്യം പുറത്തേക്ക് മറിച്ചുവിറ്റത് വിവാദമായിരുന്നു. തുടര്‍ന്നാണ് കസ്റ്റംസ് വർഷങ്ങൾക്ക് മുമ്പ് ഡ്യൂട്ടി ഫ്രീ ഷോപ്പ് പൂട്ടിച്ചത്. വിമാനത്താവളത്തില്‍ എത്തുന്ന യാത്രക്കാരുടെ പാസ്പോര്‍ട്ട് കോപ്പികള്‍ ഉപയോഗിച്ച് വാങ്ങിയതായി രേഖയുണ്ടാക്കിയാണ് മദ്യം ഇടനിലക്കാര്‍ വഴി പുറത്തേക്ക് മറിച്ചുവിറ്റത്.
ഇതിനെതിരെ പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് കസ്റ്റംസ് പ്രിവന്റിവ് വിഭാഗം നടത്തിയ പരിശോധനയില്‍ കുട്ടികള്‍ ഉൾപ്പെടെ 1300 ലധികം രാജ്യാന്തര യാത്രക്കാരുടെ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുകയും അവരുടെ പാസ്പോര്‍ട്ട് കോപ്പികള്‍ ഉപയോഗിച്ച് മദ്യം മറിച്ചുവിറ്റെന്നും കണ്ടെത്തി. ആറ് കോടിയുടെ ക്രമക്കേടാണ് വെളിച്ചത്തുവന്നത്. ഇതിനിടെ പരിശോധന നടത്താന്‍ എത്തിയ കസ്റ്റംസ് ഉദ്യോഗസ്ഥരെ ഷോപ്പിലെ ജീവനക്കാര്‍ മർദിച്ചെന്ന പരാതിയും ഉയർന്നു. പിന്നീട് ക്രമക്കേടുകള്‍ നടത്തിയതിന്റെ പേരില്‍ കമ്പനി സി.ഇ.ഒയും ജീവനക്കാരനെയും കസ്റ്റംസ് അറസ്റ്റ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.