മണ്ണന്തല: മകള്‍ ജീവനൊടുക്കാന്‍ കാരണക്കാരനായ ആണ്‍സുഹൃത്തിനെ അപായപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്കിയ പിതാവിനെയും ഗുണ്ടകളെയും മണ്ണന്തല പൊലീസ് അറസ്റ്റ് ചെയ്തു.മരണപ്പെട്ട പെണ്‍കുട്ടിയുടെ പിതാവ് നെടുമങ്ങാട് പരിയാരം സന്തോഷ് ഭവനില്‍ സന്തോഷ്കുമാര്‍ (58), ഗുണ്ടകളായ ഉള്ളൂര്‍ വാര്‍ഡില്‍ ചെറുവയ്ക്കല്‍ വില്ലേജില്‍ കരിംപാലിവിള വീട്ടില്‍ സ്വര്‍ണപ്പല്ലന്‍ എന്ന മനു (35), ചെറുവയ്ക്കല്‍ വില്ലേജില്‍ മെഡിക്കല്‍ കോളജ് വാര്‍ഡില്‍ ഇളംകാവ് ലെയ്ന്‍ കാട്ടില്‍വീട്ടില്‍ സൂരജ് (24) എന്നിവരാണ് അറസ്റ്റിലായത്. രണ്ടുലക്ഷം രൂപയുടെ ക്വട്ടേഷനാണ് ഇവര്‍ ഏറ്റെടുത്തത്.
ക്വട്ടേഷന്‍ സംഘം രണ്ട് പ്രാവശ്യം ആക്രമിച്ചെങ്കിലും പരാതിക്കാരനും മരിച്ച പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്ത് എന്നുപറയപ്പെടുന്നയാളുമായ നെടുമങ്ങാട് വട്ടപ്പാറ മുക്കോല പരിയാരം സ്വദേശി അനുജിത്ത് രക്ഷപ്പെടുകയായിരുന്നു. ക്വട്ടേഷന്‍ നല്കിയ സന്തോഷ്കുമാറിന്റെ മകള്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ ആത്മഹത്യ ചെയ്തിരുന്നു.
മകളുടെ സുഹൃത്തായ അനുജിത്താണ് ആത്മഹത്യക്കുപിന്നിലെന്ന് ഉറച്ചാണ് ഇയാള്‍ ക്വട്ടേഷന്‍ നല്‍കിയത്. ഗോപകുമാറിന്റെ ബന്ധുവായ ജിജു വഴിയാണ് ക്വട്ടേഷന്‍ സംഘത്തെ കണ്ടെത്തി പണം നല്‍കിയത്. ജിജു ഒളിവിലാണ്. രണ്ടുതവണ ആക്രമണം ഉണ്ടായതോടെ അനുജിത്ത് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ക്വട്ടേഷന്‍ സംഘത്തിലെ മനു, സൂരജ് എന്നിവര്‍ മണ്ണന്തല പൊലീസിന്റെ പിടിയിലായത്. തുടര്‍ന്ന് പ്രതികള്‍ നടത്തിയ വെളിപ്പെടുത്തലിലാണ് പെണ്‍കുട്ടിയുടെ പിതാവിന്റെ അറസ്റ്റുണ്ടായത്.
മണ്ണന്തല എസ്.എച്ച്.ഒ ഡി. ഗോപിയുടെ നേതൃത്വത്തില്‍ എസ്.ഐ ദില്‍ജിത്ത്, എ.എസ്.ഐ ഷമി, സി.പി.ഒമാരായ പ്രദീപ്, അനീഷ്, വിനയന്, സിറ്റി ഡാന്‍സാഫ് അംഗങ്ങളായ ഉമേഷ്, ഷംനാദ്, വിനോദ് എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.