പോത്തൻകോട്: ഹരിതകേരളം മിഷന്റെ പച്ചത്തുരുത്ത് പദ്ധതിയിലെ ആദ്യത്തേതിന് അഞ്ചുവയസ്സ്. 2019 ലെ ലോക പരിസ്ഥിതിദിനത്തിൽ പോത്തൻകോട് പഞ്ചായത്തിലെ മണലകം വാർഡിൽ കുടുംബാരോഗ്യകേന്ദ്രം കോമ്പൗണ്ടിലെ അഞ്ച് സെൻറിൽ നീർമാതളത്തൈ നട്ട് മുഖ്യമന്ത്രി പിണറായി വിജയനാണ് പദ്ധതിക്ക് തുടക്കംകുറിച്ചത്.
ഇതുൾപ്പെടെ എല്ലാ ചെടികളും പച്ചത്തുരുത്തിൽ വളർന്ന് പൂത്ത് പന്തലിച്ച് ചെറുകാടു പോലെയായി. മുളഞ്ചെടിയിലും മറ്റ് മരങ്ങളിലെ ചില്ലകളിലും കിളികൾ കൂടുെവച്ചു. പുലർകാലത്ത് കിളികളുടെ വിവിധ ശബ്ദങ്ങളും ശലഭങ്ങളും ഒക്കെയായി ഒരു ജൈവ വൈവിധ്യ ആവാസ വ്യവസ്ഥ രൂപപ്പെട്ടു.
ഔഷധസസ്യങ്ങളാണ് ഈ പച്ചത്തുരുത്തിൽ ഏറെയും. ആടലോടകം, മൈലാഞ്ചി, വെള്ള പൈൻ, രക്തചന്ദനം, മരോട്ടി, അശോകം, വേപ്പ്, അങ്കോലം, അണലിവേഗം, നീർമരുത്, ചിറ്റരത്ത, കർപ്പൂരം, കാഞ്ഞിരം, നാഗദന്തി, യശങ്, നാഗലിംഗമരം തുടങ്ങി അപൂർവ ഔഷധസസ്യങ്ങളാണ് ഇവിടെ പന്തലിച്ചുനിൽക്കുന്നത്. ഇതുകൂടാതെ പ്രാദേശിക ജൈവവൈവിധ്യം ഉറപ്പാക്കുന്ന മറ്റ് സസ്യങ്ങളും വളരുന്നു. പരിസ്ഥിതി പുനഃസ്ഥാപനപ്രവർത്തനങ്ങളിൽ ഹരിതകേരളം മിഷന്റെ സഫലമായ പദ്ധതിയാണ് പച്ചത്തുരുത്ത്.
പദ്ധതി അഞ്ചുവർഷം പിന്നിടുമ്പോൾ സംസ്ഥാനമൊട്ടാകെ വിവിധ ഇടങ്ങളിലായി 850 ഏക്കർ വിസ്തൃതിയിൽ 2950 പച്ചത്തുരുത്തുകൾ മിഷന്റേതായുണ്ട്. ഈ വർഷത്തെ പരിസ്ഥിതിദിനാഘോഷങ്ങളുടെ ഭാഗമായും തുടർന്നുള്ള ദിവസങ്ങളിലും 1000 പച്ചത്തുരുത്തുകൾകൂടി തുടങ്ങുമെന്ന് നവകേരളം കർമപദ്ധതി കോഓഡിനേറ്ററും മിഷൻ വൈസ് ചെയർപേഴ്സനുമായ ഡോ. ടി.എൻ. സീമ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.