തിരുവനന്തപുരം: അഞ്ചാം രാജിക്കായി കാക്കാതെ കോർപറേഷനിൽ സ്ഥിരം സമിതികളിലേക്കുള്ള തെരഞ്ഞെടുപ്പ് 22, 26 തീയതികളിൽ നടക്കും. സ്ഥിരം സമിതിയിലെ നാല് അധ്യക്ഷന്മാരാണ് ഇതിനകം രാജി സമർപ്പിച്ചത്. കൂടാതെ സ്ഥിരംസമിതിയിലെ ആറ് അംഗങ്ങളും രാജിവെച്ചിട്ടുണ്ട്.
22ന് രാജിവെച്ച അംഗങ്ങളുടെ ഒഴിവിലേക്കും 26ന് സ്ഥിരംസമിതി അധ്യക്ഷന്മാരുടെ ഒഴിവിലേക്കുമാണ് തെരഞ്ഞെടുപ്പുമാണ് നടക്കുക. സ്ഥിരംസമിതി അധ്യക്ഷന്മാരായ ജമീല ശ്രീധരൻ, എൽ.എസ്. ആതിര, ജിഷാ ജോൺ, കെ.എസ്. റീന എന്നിവരുടെ രാജിയാണ് അംഗീകരിച്ചിട്ടുള്ളത്.
ക്ഷേമകാര്യ സ്ഥിരംസമതി അധ്യക്ഷനും സി.പി.എം പാർലമെന്ററി പാർട്ടി സെക്രട്ടറിയുമായ എസ്. സലീമിന്റെ രാജിയാണ് ഇതുവരെ സെക്രട്ടറിക്ക് കൈമാറാത്തത്. മേയറുെടയും പാർലമെന്ററി പാർട്ടി നേതാവ് ഡി.ആർ. അനിലിന്റെയും സാന്നിധ്യത്തിൽ പാർട്ടി ആവശ്യപ്പെട്ട ചൊവ്വാഴ്ച തന്നെ കത്ത് കൈമാറിയെന്നാണ് വിവരമെങ്കിലും സലീം സ്ഥാനത്ത് തുടരാനുള്ള സാധ്യതയാണ് കാണുന്നത്.
ഇതിനൊപ്പം സ്ഥിരംസമിതി അംഗങ്ങളായ ഗായത്രിബാബു (വിദ്യാഭ്യാസം കായികം), എസ്.എസ്. ശരണ്യ (ആരോഗ്യം), എസ്. ജയചന്ദ്രൻ നായർ (വികസനം), സി.എസ്. സുജാദേവി (ക്ഷേമം), ഷാജിത നാസർ (നികുതി-അപ്പീൽകാര്യം) പി. രമ (നഗരാസൂത്രണം) എന്നിവരാണ് രാജിവെച്ചത്.
ഇതിൽ അഞ്ച് വനിതകളെയും വിവിധ സ്ഥിരംസമിതികളുടെ അധ്യക്ഷസ്ഥാനത്തേക്ക് സി.പി.എം പരിഗണിക്കുന്നുണ്ട്. അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നവരെ അതത് സമിതികളിലുൾപ്പെടുത്താനാണ് രാജിവെപ്പിച്ചത്. വിദ്യാഭ്യാസ-കായികകാര്യം, നഗരാസൂത്രണം, വികസനം, ആരോഗ്യം എന്നീ സ്ഥിരം സമിതികളിലേക്കാണ് പുതിയ അധ്യക്ഷന്മാരെ തെരഞ്ഞെടുക്കേണ്ടത്. ഈ സ്ഥാനങ്ങളെല്ലാം വനിതാസംവരണമാണ്.
22ന് സ്ഥിരം സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പിൽ 100 കൗൺസിലർമാരും പങ്കെടുക്കും. എതിർസ്ഥാനാർഥികളുണ്ടെങ്കിൽ െതരഞ്ഞെടുപ്പ് വേണ്ടിവരും. 26നാണ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ്. എ.ഡി.എമ്മാണ് റിട്ടേണിങ് ഓഫിസർ. യുവജനങ്ങളെ നേതൃനിരയിലേക്ക് കൊണ്ടുവരുക എന്ന നയത്തിന്റെ ഭാഗമായാണ് സ്ഥനമാറ്റമെന്നാണ് സി.പി.എം ജില്ല നേതൃത്വം പറയുന്നത്. അഞ്ച് സ്ഥിരം സമിതി അധ്യക്ഷരോട് രാജിവെക്കാനാണ് പാർട്ടി ആദ്യം നിർദേശിച്ചത്.
നാലുപേരുടെ രാജി കോർപറേഷൻ സെക്രട്ടറിക്ക് കൈമാറുകയും അത് അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. ഒരുമിച്ച് അധ്യക്ഷന്മാർ മാറുന്നത് ഭരണത്തെ ബാധിക്കുമെന്നതിനാലാണ് ഘട്ടംഘട്ടമായി മാറ്റം എന്ന് തീരുമാനിച്ചതെന്നാണ് നേതാക്കൾ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.