തിരുവനന്തപുരം: മുട്ടത്തറ സ്വീവേജ് പ്ലാന്റില്‍ സന്ദര്‍ശനം നടത്തി, പ്രവര്‍ത്തനങ്ങളില്‍ തൃപ്തി രേഖപ്പെടുത്തി നിയമസഭയിലെ കക്ഷിനേതാക്കള്‍. മന്ത്രി എം.ബി. രാജേഷിന്റെ ക്ഷണപ്രകാരമാണ് കക്കൂസ് മാലിന്യം ഉള്‍പ്പെടെയുള്ള മലിനജലം സംസ്കരിക്കുന്ന പ്ലാന്റില്‍ നേതാക്കള്‍ സന്ദര്‍ശനം നടത്തിയത്.
കക്ഷിനേതാക്കളായ മന്ത്രി കെ. കൃഷ്ണൻ കുട്ടി, മന്ത്രി ആന്റണി രാജു, മന്ത്രി അഹമ്മദ് ദേവര്‍കോവില്‍, എ.പി. അനില്‍കുമാര്‍, കെ.പി.എ. മജീദ്, ടി.പി. രാമകൃഷ്ണൻ, ഇ. ചന്ദ്രശേഖരൻ, കെ.കെ. രമ, പ്രമോദ് നാരായണൻ, തോമസ്.കെ തോമസ്, ജോബ് മൈക്കിള്‍, കെ.പി. മോഹനൻ, ഇ.കെ. വിജയൻ എന്നിവരാണ് സന്ദര്‍ശനത്തിനെത്തിയത്.
നേതാക്കള്‍ മുട്ടത്തറ പ്ലാന്റിന്റെ വിശദാംശങ്ങള്‍ മനസ്സിലാക്കുകയും, സംശയങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു. മാലിന്യ സംസ്കരണ സംവിധാനങ്ങൾ ചുറ്റിക്കണ്ടു. പ്ലാന്റിലിരുന്ന് ഭക്ഷണവും കഴിച്ചാണ് നേതാക്കള്‍ പിരിഞ്ഞത്.
മാലിന്യ സംസ്കരണ പ്ലാന്റുകളൊരുക്കാൻ എല്ലാ കക്ഷികളുടെയും പിന്തുണ മന്ത്രി എം.ബി. രാജേഷ് അഭ്യര്‍ഥിച്ചു. തിരുവനന്തപുരം നഗരത്തിലെ കക്കൂസ് മാലിന്യമുള്‍പ്പെടെ മുഴുവൻ ദ്രവമാലിന്യവും കൈകാര്യം ചെയ്യുന്ന മുട്ടത്തറ പ്ലാന്റില്‍ യാതൊരു പ്രശ്നങ്ങളോ ദുര്‍ഗന്ധമോ ഇല്ലെന്ന് പൊതുജനങ്ങള്‍ക്ക് ബോധ്യപ്പെടാൻ നേതാക്കളുടെ സന്ദര്‍ശനം സഹായകരമാകും.
ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന മുട്ടത്തറ പ്ലാന്റിന്റെ കാര്യത്തില്‍ ആര്‍ക്കും ആക്ഷേപമില്ല എന്ന പ്രത്യേകതയുമുണ്ട്. എല്ലാ നഗരത്തിലും സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റുകളുണ്ടാകണം. ജനവാസ കേന്ദ്രത്തില്‍ പരാതികള്‍ക്ക് ഇടനല്‍കാതെ കുറ്റമറ്റ നിലയില്‍ പ്രവര്‍ത്തിക്കുന്ന മുട്ടത്തറയിലെ പ്ലാന്റ് മാതൃകയാക്കാം.
കേരളത്തിലെ പൊതുഗാര്‍ഹിക ജലസ്രോതസ്സുകളില്‍ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം അപകടകരമായി വര്‍ധിക്കുമ്പോള്‍, മലിനജല സംസ്കരണ പ്ലാന്റുകള്‍ അനിവാര്യമാണ്. മേയ് 31നകം സംസ്ഥാനത്ത് 10 എഫ്.എസ്.ടി.പികള്‍ സ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണെന്നും മന്ത്രി പറഞ്ഞു.
മേയര്‍ ആര്യ രാജേന്ദ്രൻ, തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറി എം.ജി. രാജമാണിക്യം, തദ്ദേശ സ്വയം ഭരണ സ്ഥാപന അധ്യക്ഷന്മാരുടെ സംഘടനാ പ്രതിനിധികള്‍ എന്നിവരും സന്ദര്‍ശനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.