ആറ്റിങ്ങൽ: അഞ്ചുതെങ്ങ് മുതലപ്പൊഴിയിൽ മണ്ണ് നീക്കുന്നതിന് ഡ്രഡ്ജർ എത്തിച്ചു. അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ശാന്തി സാഗർ - 14 എന്ന ഡ്രഡ്ജറാണ് എത്തിച്ചത്. മുതലപ്പൊഴി അഴിമുഖം മുതൽ പാലം വരെയുള്ള ഭാഗങ്ങളിൽ ഡ്രഡ്ജിങ് നടത്താനാണ് തീരുമാനം. ഡിസംബർ ആദ്യത്തോടെ ഹാർബർ വാർഫ് മേഖലകളിലും ഡ്രഡ്ജിങ് നടത്തി തുറമുഖച്ചാലിന്റെ ആഴംകൂട്ടി അപകടരഹിതമാക്കുകയാണ് ലക്ഷ്യം.
ഹാർബറിൽ മണൽ അടിഞ്ഞത് കാരണം അപകടവും മത്സ്യത്തൊഴിലാളികളുടെ മരണവും ഇവിടെ വ്യാപകമായിരുന്നു. തീരവാസികളുടെ ഉപജീവനം പ്രതിസന്ധിയിലാകുന്ന അവസ്ഥ ഉണ്ടായി. ഇതിനകം എഴുപതോളം മത്സ്യത്തൊഴിലാളികൾക്കാണ് ഹാര്‍ബറില്‍ ജീവന് നഷ്ടമായത്.
തുടർച്ചയായ മഴ കാരണമാണ് ഇവിടെ വേഗത്തിൽ മണൽ തിട്ട രൂപപ്പെടുന്നതെന്ന് മത്സ്യത്തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നു. ആറ് മീറ്റര്‍ ആഴമാണ് ഇവിടെ ശാസ്ത്രീയമായി നിശ്ചയിച്ചിട്ടുള്ളത്. നിലവിലെ വലിയ ബോട്ടുകള്‍ക്ക് പോകാന്‍ ഏഴ് മീറ്റര്‍ ആഴം വേണം. എന്നാൽ, മണൽ മൂടി അടിഞ്ഞതു കാരണം ആഴം മൂന്ന് മീറ്റർ ആയി ചുരുങ്ങി.
യഥാസമയം ഡ്രഡ്ജിങ് നടക്കാത്തതു കാരണമാണ് ആഴം കുറഞ്ഞുവരുന്നത്. ആഴത്തിലും വീതിയിലുമുള്ള അപര്യാപ്തത ചെറിയൊരു തിരയില്‍ പോലും ബോട്ട് നിയന്ത്രണംവിട്ട് പുലിമുട്ടില്‍ ഇടിച്ച് തകരുന്നതിന് കാരണമാകുന്നു. 30 മീറ്റര്‍ വരെ വലുപ്പമുള്ള ബോട്ടുകളാണ് നിലവില്‍ മുതലപ്പൊഴി ഹാര്‍ബര്‍ കടന്നുപോകേണ്ടത്.
പുലിമുട്ട് അവസാനിക്കുന്നിടത്ത് തിരയുണ്ടാകുന്നതിനാല് ഇതില്‍ പെട്ട് ബോട്ടുകള്‍ പാറക്കെട്ടില്‍ വന്നടിച്ച് തകരുകയാണ്. ഹാര്‍ബര്‍ അപകടക്കെണിയാകാന്‍ തുടങ്ങിയതോടെ പലരും പരമ്പരാഗത രീതിയില്‍ കടലില്‍ പോകാന്‍ ശ്രമിക്കുന്നു. അതു മറ്റു രീതികളിലുള്ള അപകടങ്ങള്‍ക്കും കാരണമാകുകയാണ്. ഈ സാഹചര്യത്തിലാണ് ഡ്രഡ്ജിങ് പുനരാരംഭിക്കാൻ തീരുമാനിച്ചത്.
ഡ്രഡ്ജിങ്ങിലൂടെ ലഭിക്കുന്ന മണൽ തീരശോഷണം നേരിടുന്ന ഭാഗങ്ങളിൽ നിക്ഷേപിക്കും. മണൽ പുറത്തുകൊണ്ടുപോകാൻ പല ഭാഗത്തുനിന്നും സമ്മർദം ഉണ്ടെങ്കിലും പ്രദേശവാസികളുടെ പ്രതിഷേധം കാരണം ഇതു സാധിക്കില്ലെന്ന് ഉദ്യോഗസ്ഥർ മേലധികാരികളെ അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.