തിരുവനന്തപുരം: വ്യാജ തിരിച്ചറിയൽ രേഖകൾ ചമച്ച് ക്രിമിനൽ കേസ് പ്രതികളായ 13 പേർക്ക് വ്യാജ പാസ്പോർട്ടുകൾ തരപ്പെടുത്തിയ കേസിൽ മൂന്നുമാസമായി ഒളിവിൽ കഴിഞ്ഞ പൊലീസ് ഉദ്യോഗസ്ഥൻ കീഴടങ്ങി. തുമ്പ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ അൻസിൽ അസീസാണ് ക്രൈംബ്രാഞ്ചിന് മുന്നിൽ കീഴടങ്ങിയത്. സംഭവശേഷം ഒളിവിൽപോയ അൻസിലിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈകോടതി തള്ളിയതിന് പിന്നാലെയാണ് കീഴടങ്ങൽ. കഴിഞ്ഞവർഷം കേസന്വേഷണ മികവിന് ഡി.ജി.പിയുടെ ബാഡ്ജ് ഓഫ് ഓണർ ലഭിച്ച അൻസിൽ കേസിൽ മൂന്നാംപ്രതിയാണ്. അന്വേഷണസംഘം അൻസിലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കി. ചോദ്യംചെയ്യലിനായി ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങും.
കേസിൽ എട്ട് പ്രതികളെ നേരത്തേ തുമ്പ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർക്ക് വ്യാജരേഖകളെടുക്കാൻ സഹായം ചെയ്തതും പൊലീസ് വെരിഫിക്കേഷനിൽ ഇടപ്പെട്ട് പാസാക്കാൻ സഹായിച്ചതും അൻസിലായിരുന്നെന്നാണ് നിഗമനം. ജൂൺ 15ന് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തിരുന്നു. മറ്റു സ്റ്റേഷനുകളിൽ റൗഡി ലിസ്റ്റിൽപെട്ട പ്രതികൾക്കുപോലും പാസ്പോർട്ടെടുക്കാൻ തുമ്പ പൊലീസ് സ്റ്റേഷൻ പരിധിയിൽ വ്യാജ വിലാസം ഉണ്ടാക്കുകയും വ്യാജ തെരഞ്ഞെടുപ്പ് ഐ.ഡി കാർഡ് നിർമിക്കുകയും ചെയ്യുന്നതിന് ഒത്താശ നൽകിയത് അൻസിൽ അസീസാണെന്ന് അന്വേഷണ സംഘത്തിന് തെളിവ് ലഭിച്ചിരുന്നു. ഇടനിലക്കാരൻ കൊണ്ടുവരുന്ന കേസുകൾ അൻസിൽ വഴി വ്യാജ വിലാസമുണ്ടാക്കി വെരിഫിക്കേഷൻ പാസാക്കിക്കൊടുക്കും. അറസ്റ്റിലാകുമെന്ന് മനസ്സിലാക്കിയ അൻസിൽ ഒളിവിൽ പോകുകയായിരുന്നു. രാജ്യസുരക്ഷക്ക് ഭീഷണിയായ വ്യാജ പാസ്പോർട്ട് കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് വിദേശത്തേക്ക് ആരെങ്കിലും പോയിട്ടുണ്ടോ എന്നും മനുഷ്യക്കടത്തുമായി സംഘത്തിന് ബന്ധമുണ്ടോ എന്നും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.