നെടുമങ്ങാട്: ജില്ല ആശുപത്രിയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് പദ്ധതി തയാറാക്കുമെന്നും സർക്കാർ വളരെ പ്രാധാന്യത്തോടെയാണ് ആശുപത്രിയുടെ വികസനത്തെ നോക്കിക്കാണുന്നതെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു.
നെടുമങ്ങാട് ജില്ല ആശുപത്രിയിൽ ആരംഭിച്ച പീഡിയാട്രിക് എച്ച്.ഡി യൂനിറ്റിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
കുഞ്ഞുങ്ങളുടെ ചികിത്സയുമായി ബന്ധപ്പെട്ട് സുപ്രധാനമായ വികസന ആവശ്യം സാധ്യമായിരിക്കുകയാണെന്നും ദിവസേന 2500 ഒ.പികളാണ് ആശുപത്രിയിൽ നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ഇതിൽ 400 പേർ കുഞ്ഞുങ്ങളാണെന്നും ഇവരെ ചില സമയങ്ങളിൽ മെഡിക്കൽ കോളജിൽ അയക്കേണ്ടി വന്നിട്ടുണ്ടെന്നും ഇനിമുതൽ കുഞ്ഞുങ്ങൾക്ക് അത്യാധുനിക ചികിത്സ ലഭിക്കുമെന്നും അവർ പറഞ്ഞു. മന്ത്രി ജി.ആർ. അനിൽ അധ്യക്ഷതവഹിച്ചു.
കേന്ദ്ര-സംസ്ഥാന സർക്കാറിന്റെയും ജില്ലാ പഞ്ചായത്തിന്റെയും വിവിധ പദ്ധതിയിൽ ഉൾപ്പെടുത്തി 39 ലക്ഷം രൂപ വിനിയോഗിച്ചാണ് അത്യാധുനിക സൗകര്യമുള്ള പീഡിയാട്രിക് എച്ച്.ഡി യൂനിറ്റ് ആരംഭിച്ചത്. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ നെടുമങ്ങാട് നഗരസഭ ചെയർപേഴ്സൺ സി.എസ്. ശ്രീജ, നഗരസഭ വൈസ് ചെയർമാൻ എസ്. രവീന്ദ്രൻ, ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്സൺ അജിത, ജില്ല മെഡിക്കൽ ഓഫിസർ ഡോ. ജോസ് ഡിക്രൂസ്, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. സൂപ്രണ്ട് ഡോ. നിത എസ്.നായർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.