തിരുവനന്തപുരം: നിയമന കത്ത് വിവാദത്തില്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി കൗണ്‍സിലര്‍മാര്‍ മേയർ ആര്യാ രാജേന്ദ്രന്റെയും ഡി.ആര്. അനിലിന്റെയും ഓഫിസുകള്‍ ഉപരോധിച്ചു.
രാവിലെ ഒമ്പതോടെയാണ് ബി.ജെ.പി കൗൺസിലർമാരുടെ നേതൃത്വത്തിൽ ഓഫിസ് ഉപരോധം ആരംഭിച്ചത്. കൗണ്‍സില്‍ ലീഡര്‍ എം.ആര്. ഗോപന്, തിരുമല അനില്‍, കരമന അജിത്, അഡ്വ. ഗിരികുമാര്‍, ഡി.ജി. കുമാരന് തുടങ്ങിയവര്‍ നേതൃത്വം നല്കി. ഈ സമയം മേയറും ഡി.ആര്. അനിലും ഓഫിസില്‍ എത്തിയില്ല. ഉച്ചയോടെ ബി.ജെ.പി കൗണ്‍സിലര്‍മാരെ അറസ്റ്റ് ചെയ്ത് നീക്കി.
അതിനിടെ കത്ത് വിവാദവുമായി ബന്ധപ്പെട്ട് യു.ഡി.എഫ് സമരം 40 ദിവസം പിന്നിട്ടു. 40ാം ദിവസ സത്യഗ്രഹസമരത്തിൽ ആര്യനാട് ബ്ലോക്കിലെ യു.ഡി.എഫ് പ്രവർത്തകരും ഗാന്ധി ദർശൻവേദി പ്രവർത്തകരും പങ്കെടുത്തു.
സർക്കാറും നഗരസഭയും സമരം ചെയ്യുന്നവരെ കൊഞ്ഞനംകാട്ടുന്ന നിലപാട് അവസാനിപ്പിക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് പാലോട് രവി പറഞ്ഞു. സമാധാന പാതയിലൂടെയാണ് ഇതുവരെ സമരം നയിച്ചത്.
വരുംദിവസങ്ങളിൽ കോർപറേഷൻ ഓഫിസ് ഉപരോധിക്കുന്നതടക്കം സമരശൈലി ആവിഷ്കരിക്കാൻ നിർബന്ധിതമാവുകയാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ബുധനാഴ്ചയിലെ സത്യഗ്രഹം യു.ഡി.എഫ് ജില്ല കൺവീനർ ബീമാപള്ളി റഷീദ് ഉദ്ഘാടനം ചെയ്തു. ഉച്ചക്ക് യു.ഡി.എഫ് കൗൺസിലർമാരും പ്രവർത്തകരും നഗരസഭക്ക് മുന്നിൽ പ്രകടനം നടത്തുന്നതിനിടെ യൂത്ത്കോൺഗ്രസ് പ്രവർത്തകൻ നഗരസഭക്കുള്ളിൽ കരിങ്കൊടി നാട്ടാൻ കയറിയത് പൊലീസ് തടഞ്ഞു.
ഇതു സംഘർഷത്തിനിടയാക്കി. കരിങ്കൊടിയുമായി കയറിയ ബിനോയ് ഷാനിറിനെ പൊലീസ് മർദിച്ചെന്നാരോപിച്ചായിരുന്നു ബഹളം. കൗൺസിലർമാർക്കുനേരെയും പൊലീസ് ബലം പ്രയോഗിച്ചെന്ന് യു.ഡി.എഫ് പരാതിപ്പെട്ടു.
വനിത കൗൺസിലർ സതികുമാരിയുടെ ബ്ലൗസ് പൊലീസ് കീറിയെന്ന് പരാതിയുണ്ട്. സമാധാനപരമായി സമരം നയിക്കുന്ന വനിത കൗൺസിലർമാരടക്കമുള്ളവരെ പൊലീസ് ഉപദ്രവിച്ചതിൽ യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ പി. പത്മകുമാർ പ്രതിഷേധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.