വെള്ളറട: സര്‍ക്കാര്‍ ജില്ല ജനറല്‍ ആശുപത്രിയില്‍ മുഴ നീക്കംചെയ്യാനുള്ള ശസ്ത്രക്രിയക്ക് വിധേയനായ ഗൃഹനാഥൻ ഗുരുതരാവസ്ഥയിൽ. നെയ്യാറ്റിന്‍കര ആലത്തൂർ എള്ളുവിള പുത്തന്‍വീട്ടില്‍ ദേവരാജനാണ് (54) ചലനശേഷി നഷ്ടപ്പെട്ട് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്നത്. സംഭവത്തെക്കുറിച്ച് ദേവരാജന്റെ ഭാര്യ ശാന്ത നല്കിയ പരാതിയില്‍ പറയുന്നത്: ദേവരാജന്റെ തോളിന്റെ മേല്‍ഭാഗത്ത് ചെറിയ മുഴയുണ്ടായിരുന്നു. അതു നീക്കം ചെയ്യാന്‍ ഫെബ്രുവരി 14ന് നെയ്യാറ്റിന്‍കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 15ന് രാവിലെ 8.30ന് ഓപറേഷന് തിയറ്ററിൽ പ്രവേശിപ്പിച്ച ദേവരാജനെ 11.15 ഓടെ വാര്‍ഡിലേക്ക് മാറ്റി. ഉച്ചക്ക് 12.15ന് എത്തിയ നഴ്സ് ഒരു കുത്തിവെപ്പെടുത്തതോടെ ശരീരം വിറക്കുകയും അബോധാവസ്ഥയിലാവുകയും ചെയ്തു. ആരോഗ്യസ്ഥിതി മോശമായതോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജിൽ എത്തിക്കാന്‍ ഡോക്ടര്‍ നിർദേശിക്കുകയായിരുന്നു. ചലനശേഷി നഷ്ടപ്പെട്ട ദേവരാജനെ അന്നുമുതൽ വെന്റിലേറ്ററില്‍ കിടത്തിയിരിക്കുകയാണ്.
ചില മരുന്നുകളുടെ ഉപയോഗത്തില്‍ അലര്‍ജിയുടെ റിയാക്ഷനുള്ളതിനാല് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച ടെസ്റ്റുകൾ നടത്തി റിപ്പോർട്ട് കൈമാറിയിരുന്നതായി ബന്ധുക്കള്‍ പറയുന്നു. ചികിത്സപ്പിഴവാണ് ഇപ്പോഴത്തെ അവസ്ഥക്ക് കാരണമെന്നും ഇതിന്റെ ഉത്തരവാദികളെ കണ്ടെത്തി നടപടി കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ട് ആരോഗ്യ മന്ത്രി, ആരോഗ്യ ഡയറക്ടര്‍, വിജിലന്‍സ്, ജില്ല മെഡിക്കല്‍ സൂപ്രണ്ട്, നെയ്യാറ്റിന്‍കര ജില്ല ജനറല്‍ ആശുപത്രി സൂപ്രണ്ട്, നെയ്യാറ്റിന്‍കര പൊലീസ് എന്നിവർക്ക് ദേവരാജന്റെ ഭാര്യ പരാതി നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.