തിരുവനന്തപുരം: ഇടറോഡുകളിലും റസിഡൻഷ്യൽ മേഖലകളിലുമുള്ളവർക്ക് പ്രധാന റോഡുകളിലേക്ക് ഗതാഗത സൗകര്യമൊരുക്കുന്നതിനുള്ള കെ.എസ്.ആർ.ടി.സിയുടെ ഫീഡർ സർവിസിന് തലസ്ഥാന നഗരത്തിൽ തുടക്കമായി. പേരൂർക്കടയിൽ നടന്ന ചടങ്ങിൽ ഗതാഗതമന്ത്രി ആന്റണി രാജു സർവിസിന് ഫ്ലാഗ് ഓഫ് ചെയ്തു.
ടിക്കറ്റിനായി ട്രാവൽ കാർഡ് മാത്രം ഉപയോഗിക്കും. ഒരു ഡ്രൈവർ കം കണ്ടക്ടറാണ് ബസിൽ ഉണ്ടാകുക. ടിക്കറ്റ് നൽകുന്നതിനായി പ്രത്യേകം കണ്ടക്ടറില്ല. ആകെയുള്ള ഒരു ഡോറിലൂടെ കയറുക, ഡ്രൈവറിന്റെ സമീപമെത്തി ടിക്കറ്റ് മെഷീനിൽ ട്രാവൽ കാർഡ് കാണിക്കുക,. ഇതോടെ കാർഡിൽനിന്ന് യാത്രാ തുക കുറയും. ഉടൻ ടിക്കറ്റ് നൽകും.
കയറിയ എല്ലാവർക്കും ടിക്കറ്റ് നൽകിയശേഷമേ യാത്രയാരംഭിക്കൂ. ഏകദേശം 7.5 കി.മീറ്റർ ദൂരം വരുന്ന മൂന്ന് ഫെയർ സ്റ്റേജുകൾക്ക് 10 രൂപ മിനിമം ടിക്കറ്റ് നിരക്ക് വരുന്നതരത്തിലാണ് ടിക്കറ്റ് നിരക്ക്. പരിഷ്കരിച്ച രണ്ട് മിനി ബസുകൾ ഉപയോഗിച്ചാണ് പരീക്ഷണാടിസ്ഥാനത്തിൽ സർവിസ് നടത്തുക. ബസിലും പുറത്തും സി.സി.ടി.വി ക്യാമറ, ഡാഷ് ക്യാമറ എന്നീ സുരക്ഷാ സംവിധാനങ്ങളുണ്ട്.
ഭാവിയിൽ ആറ് സീറ്റ് മുതൽ 24 സീറ്റ് വരെയുള്ള വാഹനങ്ങൾ നിരത്തിലിറക്കും. ഫീഡർ സർവിസുകളുടെ വിജയത്തിനായി ഗൃഹസന്ദർശനങ്ങൾ നടത്തിയിരുന്നു. റസിഡൻസ് അസോസിയേഷനുകൾ മുഖേന 2000 ട്രാവൽ കാർഡുകൾ വിതരണം നടത്തി. ഉടൻതന്നെ ഫോൺ പേ വഴിയുള്ള ക്യൂ.ആർ കോഡ് ടിക്കറ്റിങ്ങും നടപ്പാക്കും. ദൈനം ദിന ഓഫിസ്, വാണിജ്യ ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്ന ഇരുചക്ര വാഹന യാത്രക്കാരെ അടക്കം ഉദ്ദേശിച്ചാണ് ഫീഡർ സർവിസ് ആരംഭിച്ചത്.
ട്രാവൽ കാർഡിൽ 100 രൂപ മുതൽ റീ ചാർജ് ചെയ്യാം, പരമാവധി 2000 രൂപവരെ. ഫീഡർ ബസുകളിലും കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനുകളിലും ഈ സൗകര്യമുണ്ട്. പ്രാരംഭമായി 100 രൂപക്ക് ചാർജ് ചെയ്താൽ 100 രൂപയുടെ യാത്ര നടത്താം. ട്രാവൽ കാർഡ് മറ്റുള്ളവർക്ക് കൈമാറ്റം ചെയ്യാനും സാധിക്കും. 250 രൂപക്ക് മുകളിലുള്ള റീച്ചാർജുകൾക്ക് 10 ശതമാനം അധികമൂല്യം ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.