തിരുവനന്തപുരം: കുത്തിവെപ്പെടുത്തിട്ടും പേവിഷബാധയേറ്റ് മരണങ്ങൾ സംഭവിച്ചത്, കടിയേറ്റപ്പോള്തന്നെ റാബീസ് വൈറസ് ഞരമ്പുകളില്‍ കയറിയതുകൊണ്ടാകാമെന്ന് വിദഗ്ധസമിതി വിലയിരുത്തല്‍. പേവിഷബാധ സംബന്ധിച്ച് പഠിക്കാന്‍ നിയോഗിതരായ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടർ ഡോ. തോമസ് മാത്യുവിന്റെ നേതൃത്വത്തിലുള്ള സമിതിയുടെ റിപ്പോർട്ടിലാണ് ഇക്കാര്യം. അന്തിമ റിപ്പോർട്ട് ആരോഗ്യമന്ത്രി വീണ ജോര്‍ജിന് കൈമാറി. റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കുമെന്ന് മന്ത്രി അറിയിച്ചു.
2022 ജനുവരിമുതല്‍ സെപ്റ്റംബര്‍വരെ പേവിഷബാധമൂലം നടന്ന 21 മരണങ്ങളാണ് സമിതി പരിശോധിച്ചത്. മൃഗങ്ങളുടെ കടിയേല്‍ക്കാനുള്ള സാഹചര്യം, പ്രഥമ ശുശ്രൂഷയുടെയും പ്രതിരോധ കുത്തിവെപ്പിന്റെയും വിശദാംശങ്ങള്‍, പ്രതിരോധ മരുന്നുകളുടെ ലഭ്യത, വാക്സിന് സൂക്ഷിക്കാനുള്ള സൗകര്യങ്ങള്‍, ചികിത്സ രേഖകള്‍, സ്ഥാപനങ്ങളിലെ സൗകര്യങ്ങള്‍ എന്നിവ പരിശോധിച്ചു. പ്രതിരോധ കുത്തിവെപ്പെടുത്തിട്ടും മരിച്ച വ്യക്തികളുടെ വീടുകൾ സന്ദർശിച്ച് ബന്ധുക്കളിൽനിന്ന് വിവരം ശേഖരിക്കുകയും ചെയ്തു.
മരിച്ച 21ല്‍ 15 പേരും പ്രതിരോധ ചികിത്സ എടുക്കാത്തവരാണ്. ആറുപേർക്ക് വാക്സിന്, ഇമ്യൂണോഗ്ലോബുലിന്‍ കുത്തിവെപ്പുകള്‍ നല്കി. ഞരമ്പുകളുടെ സാന്ദ്രത കൂടുതലുള്ള മുഖം, ചുണ്ട്, ചെവി, കണ്പോളകള്, കഴുത്ത്, കൈവെള്ള എന്നിവിടങ്ങളില്‍ ഗുരുതരവും ആഴമേറിയതുമായ മുറിവേറ്റവരാണ് ഇവർ. അതിനാല്‍ കടിയേറ്റപ്പോള്തന്നെ റാബീസ് വൈറസ് ഞരമ്പുകളില്‍ കയറിയിട്ടുണ്ടാകാം.
കേന്ദ്ര ലബോറട്ടറിയിലെ പരിശോധനയില്‍ വാക്സിന്, ഇമ്യൂണോഗ്ലോബുലിന്‍ എന്നിവ ഗുണനിലവാരമുള്ളതായി കണ്ടെത്തി. വാക്സിന് എടുത്ത വ്യക്തികളില്‍ പ്രതിരോധശേഷി കൈവരുത്തുന്ന ആന്റിബോഡികളുടെ സാന്നിധ്യം ആവശ്യമുള്ള തോതിലുണ്ടെന്ന് ബംഗളൂരു നിംഹാന്‍സില്‍ നടത്തിയ പരിശോധനയിൽ തെളിഞ്ഞു.
നിംഹാന്‍സിലെ ഡബ്ല്യു.എച്ച്.ഒ കോളാബെറേറ്റീവ് സെന്റര്‍ ഫോര്‍ റഫറന്‍സ് ആൻഡ് റിസര്‍ച്ച് ഫോര്‍ റാബീസ് അഡീഷനല്‍ പ്രഫ. ഡോ. റീത്ത എസ്. മണി, തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഇന്‍ഫെക്ഷ്യസ് ഡിസീസ് വിഭാഗം മേധാവി ഡോ. അരവിന്ദ്, പാലോട് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അനിമല്‍ ഡിസീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. സ്വപ്ന സൂസന് എബ്രഹാം, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി ഡയറക്ടര്‍ ഡോ. ഇ. ശ്രീകുമാര്‍, പൊതുജനാരോഗ്യ വിഭാഗം അസി. ഡയറക്ടര്‍ ഡോ. എസ്. ഹരികുമാര്‍, ഡ്രഗ്സ് കണ്ട്രോളര് പി.എം. ജയന് എന്നിവർ സമിതിയംഗങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.