വർക്കല: ചെമ്മരുതി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ബഡ്സ് ആൻഡ് ബി.ആർ.സി സ്പെഷൽ സ്കൂളിന്റെ പ്രവർത്തനം അനിശ്ചിതത്വത്തിൽ. അധ്യാപികയെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് പഞ്ചായത്ത് ഭരണസമിതിയിലെ ചില അംഗങ്ങളും സ്കൂൾ പി.ടി.എയും തമ്മിലെ തർക്കമാണ് പ്രശ്നത്തിനു കാരണം.
നേരത്തേയുണ്ടായിരുന്ന അധ്യാപികയെ വീണ്ടും നിയമിക്കാൻ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണം. മുമ്പ് ഇവിടെ ജോലിനോക്കിയിരുന്ന അധ്യാപികയെ അംഗീകരിക്കില്ലെന്ന നിലപാടിലാണ് പി.ടി.എ. കുട്ടികളെ സ്കൂളിലേക്ക് അയക്കാതെ പ്രതിഷേധത്തിലാണ് രക്ഷിതാക്കൾ.
സ്കൂളിന്റെ പ്രവർത്തനവും ക്ലാസും മുടങ്ങിയിട്ട് ഒരാഴ്ചയിലധികമായി. കഴിഞ്ഞ ദിവസം രക്ഷിതാക്കളുമായി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ. ലിനീസിന്റെ നേതൃത്വത്തിൽ ചർച്ച നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. നേരത്തേ സ്കൂളിലുണ്ടായിരുന്ന അധ്യാപിക അവധിയിൽ പോയതു കാരണം പകരംവന്ന അധ്യാപികക്കാണ് കഴിഞ്ഞ അഞ്ചുമാസമായി ചുമതലയുണ്ടായിരുന്നത്. ഈ കാലയളവിൽ വിദ്യാർഥികളുടെ എണ്ണത്തിൽ വർധന ഉണ്ടാക്കുകയും വിദ്യാർഥികളുടെ കഴിവുകളിൽ മാറ്റമുണ്ടാകുകയും ചെയ്തതായി രക്ഷിതാക്കൾ പറയുന്നു. മാത്രമല്ല നേരത്തേ ഒരു കുട്ടിക്കുണ്ടായ ദുരനുഭവം സ്നേഹിതയിലെ കൗൺസിലർമാർ വഴി പുതുതായെത്തിയ അധ്യാപിക കണ്ടെത്തി.
തുടർന്ന് കല്ലമ്പലം പൊലീസിൽ പരാതി നൽകുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. വിദ്യാർഥിക്കുണ്ടായ ദുരനുഭവം മുമ്പുണ്ടായിരുന്നു അധ്യാപികയുടെ ഗുരുതര വീഴ്ചയാണെന്നും അവരെ വീണ്ടും നിയമിക്കരുതെന്നും ആവശ്യപ്പെട്ട് രക്ഷിതാക്കൾ ഗ്രാമ പഞ്ചായത്ത് ഭരണസമിതിക്ക് പരാതിയും നൽകി.
എന്നാൽ, അവധി കഴിഞ്ഞെത്തിയ അധ്യാപികയെ പഞ്ചായത്ത് തിരിച്ചെടുക്കുകയും നിലവിലുണ്ടായിരുന്ന അധ്യാപികക്ക് ജോലി നഷ്ടമാകുകയും ചെയ്തു. ഇതാണ് പി.ടി.എ ഭാരവാഹികളെയും രക്ഷിതാക്കളെയും പ്രകോപിപ്പിച്ചത്. ഇതോടെയാണ് തങ്ങളുടെ കുട്ടികളെ സ്കൂളിലേക്ക് അയക്കില്ലെന്ന നിലപാട് രക്ഷിതാക്കൾ സ്വീകരിച്ചത്.
നിലവിൽ സ്കൂളിൽ 18 വിദ്യാർഥികൾ പഠിക്കുന്നുണ്ട്. അതിനാൽ ഒരു അധ്യാപികയെക്കൂടി ഇവിടെ നിയമിക്കണമെന്ന ആവശ്യവും പി.ടി.എ മുന്നോട്ടുവെക്കുന്നു. ഇതിനിടെ മാറ്റിയ അധ്യാപികയെ തിരികെയെടുക്കണമെന്ന് ആവശ്യപ്പെട്ട് കലക്ടർ, വി. ജോയി എം.എൽ.എ എന്നിവരുൾപ്പെടെയുള്ളവർക്ക് പി.ടി.എ പ്രസിഡന്റ് നടയറ ജബ്ബാർ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.