പേരൂര്‍ക്കട: താപനില ഉയര്‍ന്നതോടെ തിരുവനന്തപുരം നഗരപരിധിയില്‍ ശനിയാഴ്ച മാത്രം ഏഴ് സ്ഥലങ്ങളില്‍ തീപിടിത്തമുണ്ടായി. ഒരിടത്ത് ജനറേറ്റര്‍ കത്തി നശിച്ചു.
മണക്കാടിനുസമീപമുളള പുത്തന്‍തെരുവ്, മുടവന്മുകള്, പേരൂര്‍ക്കട, കുടപ്പനക്കുന്ന്, അമ്പലംമുക്ക്, വെള്ളായണി, മ്യൂസിയത്തിന് സമീപമുള്ള കനകനഗര്‍ എന്നിവിടങ്ങളിലാണ് ശനിയാഴ്ച തീപിടിത്തമുണ്ടായത്.
ഇതില്‍ ഭൂരിഭാഗവും റോഡുവക്കില്‍ ചപ്പുചവറുകള്‍ കൂട്ടിയിട്ട് കത്തിച്ചതിനെതുടർന്നാണ്. വീടിന്റെ പരിസരങ്ങളില്‍ ചവറുകള്‍ കൂട്ടിയിട്ട് കത്തിച്ചതിനെതുടര്ന്ന് തീപടര്‍ന്ന സംഭവങ്ങളും ഇതിലുള്‍പ്പെടുന്നു. പുത്തന്തെരുവിലുണ്ടായ തീപിടിത്തം ഒരു മണിക്കൂറോളം പരിശ്രമിച്ചാണ് അഗ്നിരക്ഷാസേന അണച്ചത്.
ഇതിനിടയില്‍ പാണന്‍വിള ഭാഗത്ത് പ്രവര്‍ത്തിക്കുന്ന ഒരു ബ്യൂട്ടി പാര്‍ലറില്‍ ഉണ്ടായിരുന്ന ജനറേറ്റര്‍ പൂര്‍ണമായും കത്തിനശിച്ചു. അര മണിക്കൂര്‍ പരിശ്രമിച്ചാണ് ഇവിടെ തീ കെടുത്തിയത്.
ഗ്രേഡ് എ.എസ്.ടി.ഒ മാരായ രാജശേഖരന് നായര്‍, ഗോപകുമാര്‍, അസി. സ്റ്റേഷന് ഓഫിസര്‍ മധു, ഫയര്‍ ആന്‍ഡ് റസ്ക്യൂ ഓഫിസര്‍മാരായ നൂറുദ്ദീന്‍, രതീഷ്, രഞ്ജിത്, സാജന് എന്നിവരുടെ നേതൃത്വത്തില്‍ ഫയര്‍ഫോഴ്സിന്റെ നാല് യൂനിറ്റുകളാണ് രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടത്.
വരും ദിവസങ്ങളില്‍ ചൂട് കൂടുമെന്ന് അറിയിപ്പുള്ളതിനാല്‍ പൊതുജനങ്ങള്‍ തീയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ വളരെ മുന്‍കരുതല്‍ എടുക്കണമെന്ന് ഫയര്‍ഫോഴ്സ് അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.