കഴക്കൂട്ടം: ആയുധങ്ങളുമായെത്തിയ കുപ്രസിദ്ധ ഗുണ്ടകൾ കഴക്കൂട്ടം പൊലീസിന്റെ പിടിയിലായി.
ഗുണ്ടാ ആക്ടിൽപ്പെട്ട് ജയിലിലായി കഴിയുകയും രണ്ടു ദിവസം മുമ്പ് ജയിൽ മോചിതനാവുകയും ചെയ്ത തുമ്പ സ്വദേശി ലിയോൺ ജോൺസൺ (33), കഴക്കൂട്ടം നെട്ടയക്കോണം സ്വദേശി വിജീഷ് (36), കുളത്തൂർ സ്റ്റേഷൻകടവ് സ്വദേശി അഖിൽ (22) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഗുണ്ടാ ആക്രമണം നടത്താനുള്ള പരിപാടി ആസൂത്രണം ചെയ്യുന്നതിനിടയിൽ പൊലീസിന് രഹസ്യ വിവരം ലഭിച്ചു. അതിന്റെ അടിസ്ഥാനത്തിൽ കണിയാപുരം കരിച്ചാറ കടവിന് സമീപം ആൾവാസമില്ലാത്തിടത്ത് നിന്നുമാണ് പ്രതികളെ പിടികൂടിയതെന്ന് കഠിനംകുളം പൊലീസ് സർക്കിൻ ഇൻസ്പെക്ടർ സാജു ആൻറണി പറഞ്ഞു. വടിവാൾ, വെട്ടുകത്തി, മഴു തുടങ്ങിയ മാരകായുധങ്ങൾ പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു.
പിടിയിലായ ലിയോൺ ജോൺസൺ 28ൽ അധികം ക്രിമിനൽ കേസുകളിലെ പ്രതിയാണ്. കഴിഞ്ഞ വർഷം തുമ്പയിൽ യുവാവിന്റെ കാൽ ബോംബെറിഞ്ഞ് തകർത്ത കേസിലെ പ്രതികളാണ് പിടിയിലായ മൂന്നുപേരും. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ കഠിനംകുളം സ്റ്റേഷനിലെത്തി പ്രതികളെ ചോദ്യം ചെയ്തു.
കഠിനംകുളം സി.ഐ സാജു ആന്റണി, എസ്.ഐ. ഷിജു എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് ഉദ്യോഗസ്ഥരായ സജിൻ, ഹാഷിം, രാജേഷ്, ബാദുഷ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.