ബാലരാമപുരം: ബാലരാമപുരത്തും സമീപപ്രദേശങ്ങളിലും കുടിവെള്ളത്തിനായി ജനങ്ങൾ നെട്ടോട്ടമോടുമ്പോഴും 12 കോടി മുടക്കി നിർമിച്ച കുടിവെള്ള ടാങ്ക് നോക്കുകുത്തിയായി തുടരുന്നു. പൈപ്പ് ലൈനിടാൻ റെയിൽവേയുടെ അനുമതി ലഭിക്കാത്തതാണ് തിരിച്ചടിയായിരിക്കുന്നത്. 2015ലാണ് ബാലരാമപുരം വാണിഗർ തെരുവിൽ കുടിവെള്ള ടാങ്ക് നിർമാണം ആരംഭിച്ചത്. 2018ൽ ടാങ്ക് നിർമാണം പൂർത്തിയായെങ്കിലും ഒരിറ്റ് വെള്ളംപോലും പദ്ധതിയുടെ ഭാഗമായി ജനങ്ങൾക്ക് ലഭിച്ചില്ല. ബാലരാമപുരം പഞ്ചായത്തിലെ 20 വാർഡുകളിലും റോഡ് കുഴിച്ച് പൈപ്പിട്ടെങ്കിലും തേമ്പാമുട്ടത്തെ റെയിൽവേ ക്രോസിനടിയിലൂടെ പൈപ്പിടാൻ റെയിൽവേ അനുമതി നൽകിയില്ല. 1993 മുതൽ റെയിൽവേക്ക് സംസ്ഥാന വാട്ടർ അതോറിറ്റി നൽകാനുള്ള വേ ലീവിങ് ചാർജായ 15.5 കോടി നൽകിയാൽ മാത്രമേ ലൈൻ മുറിച്ച് പൈപ്പിടുന്നതിന് അനുമതി നൽകൂവെന്നാണ് റെയിൽവേയുടെ പക്ഷം.
ഇതോടെ 12 ലക്ഷം ലിറ്റർ വെള്ളം കൊള്ളുന്ന ടാങ്കും ഇതിനോടനുബന്ധിച്ച് നിർമിച്ച ഓഫിസ് കെട്ടിടവും ഉദ്ഘാടനം പോലും നടത്താൻ കഴിയാതെ നശിക്കുകയാണ്. മൂന്നുനില കെട്ടിടത്തിന് മുകളിൽ പണിതിരിക്കുന്ന ടാങ്കിനുള്ളിലെ പ്രത്യേക കോട്ടിങ്ങം മറ്റും ഇളകിയ നിലയിലാണ്. ഇതേനില തുടർന്നാൽ ടാങ്ക് ഉപയോഗിക്കാൻ കഴിയാതെ നശിക്കാനും സാധ്യതയേറെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.