തിരുവനന്തപുരം കോർപറേഷൻ: സ്വകാര്യ ഹോട്ടലിന് റോഡ് വാടകക്ക് നൽകിയ സംഭവം, അന്വേഷണം വേണമെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: സി.പി.എം അനുഭാവിയായ ഹോട്ടലുടമക്ക് പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റോഡ് വാടകക്ക് നൽകിയ കരാർ കോർപറേഷൻ റദ്ദാക്കിയെങ്കിലും നടപടിയിൽ അന്വേഷണം ആവശ്യപ്പെട്ട് ബി.ജെ.പിയും യു.ഡി.എഫും രംഗത്തെത്തി.

ചൊവ്വാഴ്ച ചേർന്ന കൗൺസിൽ യോഗത്തിലാണ് പ്രതിപക്ഷ കക്ഷികൾ ആവശ്യം ഉന്നയിച്ചത്. ചട്ടങ്ങൾ കാറ്റിൽപറത്തി പ്രവർത്തിച്ച കോർപറേഷൻ സെക്രട്ടറിയെ സസ്‌പെൻഡ് ചെയ്യണമെന്ന് ബി.ജെ.പി നേതാവ് കരമന അജിത്ത് ആവശ്യപ്പെട്ടു.

കരാറിന് പിന്നിൽ അഴിമതിയും സ്വജനപക്ഷപാതവുമുണ്ടെന്ന് യു.ഡി.എഫ് നേതാവ് ജോൺസൺ ജോസഫ് ആരോപിച്ചു. തുടർന്ന് സംസാരിച്ച മേയർ ആര്യ രാജേന്ദ്രൻ കരാറിൽ അഴിമതിയുണ്ടെന്ന് തെളിയിക്കാൻ ബി.ജെ.പിയെയും യു.ഡി.എഫിനെയും വെല്ലുവിളിച്ചു.

നഗരത്തിലെ വാഹന പാർക്കിങ്ങിന്‌ സ്വീകരിക്കുന്ന നടപടികൾ വ്യക്തമാക്കി സർക്കാറിന്‌ റിപ്പോർട്ട് നൽകും. ട്രാഫിക്‌ ഉപദേശകസമിതിയുടെ തീരുമാനപ്രകാരാണ്‌ വാടക്ക്‌ നൽകിയത്‌. വാടകക്ക്‌ എടുത്തവർ ഇവിടെ മറ്റു വാഹനങ്ങൾ പാർക്ക്‌ ചെയ്യുന്നത്‌ തടസ്സപ്പെടുത്തരുതെന്ന്‌ വ്യവസ്ഥയുണ്ടായിരുന്നു.

ഈ വ്യവസ്ഥ ലംഘിച്ചത്‌ ശ്രദ്ധയിൽപെട്ട ഉടൻ കരാർ റദ്ദാക്കിയെന്നും മേയർ വ്യക്തമാക്കി. എം.ജി റോഡിൽ ആയുർവേദ കോളജിന് എതിർവശം ദേവസ്വം ബോർഡ് കെട്ടിടത്തിൽ പുതുതായി തുടങ്ങിയ സ്വകാര്യ ഹോട്ടലിനാണ് പാർക്കിങ്ങിന് അനുമതി നൽകിയത്.

ആര്യ രാജേന്ദ്രന്‍റെ നേതൃത്വത്തിൽ ചേർന്ന ട്രാഫിക് ഉപദേശക സമിതിയുടെ തീരുമാനപ്രകാരം പ്രതിമാസം 5000 രൂപ വാടക നിശ്ചയിച്ച് കരാറുണ്ടാക്കിയതാണ് വിവാദമായത്. 

മേയറുടെ വാദം തള്ളി മുൻ ഭരണസമിതി

തിരുവനന്തപുരം: ആയുർവേദ കോളജിന് സമീപത്തെ സ്വകാര്യ ഹോട്ടലിന് പാർക്കിങ്ങിന് റോഡ് വാടകക്ക് നൽകിയ കരാറിനെച്ചൊല്ലി സി.പി.എമ്മിൽ ഭിന്നത. കരാർ റദ്ദാക്കിയെങ്കിലും 2017 മുതൽ സ്വകാര്യ വ്യക്തികൾക്ക് വാടകക്ക് പാർക്കിങ് ഏരിയ അനുവദിക്കാറുണ്ടെന്ന മേയർ ആര്യ രാജേന്ദ്രന്‍റെ പ്രസ്താവന മുൻ ഭരണസമിതി അംഗങ്ങൾ തള്ളി.

വി.കെ. പ്രശാന്തും കെ. ശ്രീകുമാറും മേയറായിരുന്ന കാലത്ത് ഇത്തരത്തിൽ കോർപറേഷൻ കരാർ ഉണ്ടായിട്ടില്ലെന്നും മേയർ തെറ്റിദ്ധരിപ്പിക്കുകയാണെന്നും മുൻ ഭരണസമിതി അംഗങ്ങൾ വ്യക്തമാക്കി.

2015ലെ തദ്ദേശതെരഞ്ഞെടുപ്പ് വേളയിൽ അന്ന് ജില്ല കലക്ടറായിരുന്ന ബിജു പ്രഭാകറാണ് എം.ജി റോഡിൽ പാർക്കിങ് ക്രമീകരണം ഏർപ്പെടുത്താൻ തീരുമാനിച്ചത്. വി.കെ. പ്രശാന്തിന്‍റെ നേതൃത്വത്തിൽ പുതിയ ഭരണസമിതി ചുമതലയേറ്റതോടെ പാർക്കിങ്ങിന് ഫീസ് ഏർപ്പെടുത്തി.

ഇതിനെതിരെ അന്നത്തെ പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ ഉൾപ്പെടെ പ്രതിഷേധം ഉയർത്തിയെങ്കിലും തീരുമാനത്തിൽനിന്ന് പിന്മാറാൻ കോർപറേഷൻ തയാറായില്ല. 2011ലെ സംസ്ഥാന ആഭ്യന്തരവകുപ്പിന്‍റെ സര്‍ക്കുലറായിരുന്നു ഇതിനുള്ള കോർപറേഷന്‍റെ പിടിവള്ളി.

സര്‍ക്കുലര്‍ പ്രകാരം തദ്ദേശസ്ഥാപനങ്ങള്‍ക്ക് ട്രാഫിക് പരിപാലനത്തിന് അധികാരമുണ്ടെന്ന് കലക്ടർ ബിജു പ്രഭാകർ കോർപറേഷനെ അറിയിച്ചു. എന്നാൽ, പാർക്കിങ്ങിന് തുക ഈടാക്കണമെന്ന് സർക്കുലറിലില്ല.

ട്രാഫിക് ക്രമീകരണത്തിനായി നിയോഗിക്കപ്പെട്ട വാർഡന്മാരുടെ ശമ്പളത്തിനായി വാഹന ഉടമകളിൽനിന്ന് ചെറിയ തുക ഈടാക്കാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ, മുമ്പ് കോർപറേഷൻ സ്വകാര്യവ്യക്തിക്ക് റോഡ് വാടകക്ക് നൽകിയിട്ടില്ലെന്നും നേതാക്കൾ പറയുന്നു.

Tags:    
News Summary - Thiruvananthapuram Corporation-renting road to a private hotel incident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.