അമ്പലത്തറ: ജില്ലയിൽ അളവുതൂക്ക തട്ടിപ്പുകള്‍ വ്യാപകമാകുന്നു. വിലക്കയറ്റത്തില്‍ കുടംബ ബജറ്റ് താളംതെറ്റിയ സാധാരണക്കാരായ ഉപഭോക്താക്കളെ കൊള്ളയടിക്കുകയാണ് ചില വ്യാപാരികൾ.
ഒരു കിലോ സാധനം വാങ്ങുന്ന ഉപഭോക്താവിന് പലപ്പോഴും കിട്ടുന്നത് 800 ഉം 900ഉം ഗ്രാം സാധനമാണ്. ഇത്തരം സ്ഥാപനങ്ങളിൽ അധികൃതരുടെ മുദ്രണമില്ലാത്ത ത്രാസുകളാണ് ഉപയോഗിക്കുന്നത്. മത്സ്യം, ഇറച്ചി, പച്ചക്കറി, പഴവർഗങ്ങള്‍ എന്നിവമുതല്‍ ഗ്യാസ് ഏജന്‍സികളില്‍വരെ പരസ്യമായി അളവുതൂക്ക തട്ടിപ്പ് നടക്കുന്നെന്ന് ആക്ഷേപമുണ്ട്.
സൂപ്പര്‍മാര്‍ക്കറ്റുകളിലും മറ്റും പലവ്യഞ്ജന സാധനങ്ങള്‍ മുൻകൂട്ടി തൂക്കി കവറുകളിലാക്കിയാണ് വെച്ചിരിക്കുന്നത്. ഉപഭോക്താക്കള്‍ കവറുകള്‍ വാങ്ങിപ്പോകാറാണ് പതിവ്. വര്‍ഷം തോറും ത്രാസുകള്‍ ലീഗല്‍ മെട്രോളജി വകുപ്പിന്‍റെ ഓഫിസുകളില്‍ എത്തിച്ച് അളവുതൂക്കം ഉറപ്പിച്ച് സീല്‍ വെപ്പിക്കണമെന്നാണ് നിയമം. എന്നാല്‍, ജില്ലയിൽ പലയിടത്തും ഇത് പേരിനുപോലും നടക്കുന്നില്ല. ഇലക്ട്രോണിക് ത്രാസുകളില്‍ കച്ചവടക്കാര്‍ക്ക് കൃത്രിമം കാണിക്കാന്‍ എളുപ്പമാണ്.
ഗ്യാസ് സിലിണ്ടറുകള്‍ക്ക് നിശ്ചിത തൂക്കമില്ലെന്ന പരാതികളും ജില്ലയില്‍ വ്യാപകമാണ്. സിലിണ്ടര്‍ ഡെലിവറി വാഹനത്തില്‍ ഉപഭോക്താവിനെ തൂക്കം ബോധ്യപ്പെടുത്താന്‍ ത്രാസ് വേണമെന്നാണ് ചട്ടം. ഉപഭോക്താവ് ആവശ്യപ്പെട്ടാല്‍ സിലിണ്ടർ തൂക്കി ബോധ്യപ്പെടുത്തണം. ഇതൊന്നും മുഖവിലക്കെടുക്കാതെയാണ് പല വിതരണക്കാരും തീരമേലയിൽ ഗ്യാസ് സിലണ്ടറുകള്‍ വിതരണം ചെയ്യുന്നത്.
നേരത്തേ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ സിലിണ്ടറില്‍ 700 ഗ്രാം വരെ പാചകവാതകം കുറച്ച് നിറച്ച് വിതരണം ചെയ്തത് ലീഗല്‍ മെട്രോളജി ഉദ്യോഗസ്ഥര്‍ പിടികൂടിയിരുന്നു. കുറ്റക്കാരിൽനിന്ന് ഏഴര ലക്ഷം രൂപ പിഴയീടാക്കി. തുടർപരിശോധന കടലാസിലൊതുങ്ങിയതോടെ അളവുതൂക്ക തട്ടിപ്പുകള്‍ വീണ്ടും വ്യാപകമായി.
അളവുതൂക്ക വെട്ടിപ്പ് നടത്തുന്ന സംഘങ്ങളെ കണ്ടെത്താന്‍ ഇടക്കിടെ മിന്നല്‍ പരിശോധന നടത്താന്‍ ലീഗല്‍ മെട്രോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ തയാറായാല്‍ ഇത്തരം തട്ടിപ്പുകൾ വൻതോതിൽ കുറക്കാനാകുമെന്ന് ഉപഭോക്താക്കൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.