തിരുവനന്തപുരം: നാൽപത്തഞ്ച് ദിവസത്തോളം നീണ്ട തെരഞ്ഞെടുപ്പ് പരിപാടികൾ അവസാനിച്ചതോടെ സ്ഥാനാർഥികൾ പതിവ് തിരക്കുകളിൽ മുഴുകി. സ്ഥാനാർഥിക്കൊപ്പം അല്ലെങ്കിൽ സ്ഥാനാർഥി നിർണയം നടക്കും മുമ്പുതന്നെ പ്രചാരണത്തിന് ചുക്കാൻ പിടിക്കുന്നവരാണ് തെരഞ്ഞെടുപ്പ് കൺവീനർമാർ. ത്രികോണ മത്സരമായതിനാൽതന്നെ തിരുവനന്തപുരത്ത് അവർക്ക് ഇരട്ടിച്ചുമതലയായിരുന്നു.
പോസ്റ്റർ ഒട്ടിക്കൽ മുതൽ പ്രചാരണതന്ത്രങ്ങൾ, പ്രസംഗത്തിനെടുക്കേണ്ട പ്രാദേശിക വിഷയങ്ങൾ വരെ കണ്ടെത്തുന്നതും സംസ്ഥാന ദേശീയ നേതാക്കളെ എത്തിക്കുന്നതുംവരെ കൺവീനർമാരുടെ ഉത്തരവാദിത്തമാണ്. വേനൽചൂടും തെരഞ്ഞെടുപ്പ് ചൂടും ഒക്കെ കഴിഞ്ഞെങ്കിലും അവർ ഇപ്പോഴും തിരക്കിലാണ്.
എൽ.ഡി.എഫ് സ്ഥാനാർഥി പന്ന്യൻ രവീന്ദ്രന്റെ കൺവീനർ മുതിർന്ന സി.പി.എം നേതാവ് എം. വിജയകുമാറും യു.ഡി.എഫ് സ്ഥാനാർഥി ശശി തരൂരിന്റെ കൺവീനർ മുൻ സ്പീക്കർ എൻ. ശക്തനും എൻ.ഡി.എ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിന്റെ കൺവീനർ വി.വി. രാജേഷുമാണ്. ഫലം വരുന്ന ജൂൺ നാലിന് വിജയം ആഘോഷിക്കാനുള്ള തയാറെടുപ്പിലാണ് മൂന്ന് മുന്നണികളുടെയും കൺവീനർമാർ.
തെരഞ്ഞെടുപ്പ് കഴിഞ്ഞ് ദിവസം മൂന്നായിട്ടും എൽ.ഡി.എഫിന്റെ തിരുവനന്തപുരം പാർലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് കൺവീനർ എം. വിജയകുമാർ തിരക്കുകളിൽനിന്ന് മുക്തനല്ല. തെരഞ്ഞെടുപ്പാനന്തര ജോലികൾ കൂടി പൂർത്തിയാക്കി ചൊവ്വാഴ്ചയോടെ മാത്രമേ ഫ്രീയാകൂവെന്നാണ് സി.പി.എമ്മിന്റെ മുതിർന്ന നേതാവ് കൂടിയായ എം. വിജയകുമാർ പറയുന്നത്. മുമ്പില്ലാത്തവിധം സിസ്റ്റമാറ്റിക്കായിരുന്ന തെരഞ്ഞെടുപ്പ് പ്രവർത്തനം എൽ.ഡി.എഫിന് വളരെ അനുകൂലമായി.
കടുത്ത ഉഷ്ണം ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചെങ്കിലും സ്ഥാനാർഥി പര്യടനത്തിലോ വോട്ടർമാരെ കാണുന്നതിലോ പൊതുപരിപാടികൾ സംഘടിപ്പിക്കുന്നതിലോ ഒന്നും തടസ്സമായില്ല. പാർലമെന്ററി സംവിധാനത്തെത്തന്നെ തകർക്കുംവിധമുള്ള വെല്ലുവിളികളാണ് രാജ്യത്ത് ഉയരുന്നത്.
അതിനെ പ്രതിരോധിക്കാൻ തെരഞ്ഞെടുപ്പിനെ ഫലപ്രദമായി സെക്യുലർ പാർട്ടികൾ വിനിയോഗിച്ചു. അതിനുമുന്നിൽതന്നെ എൽ.ഡി.എഫ് ഉണ്ടായിരുന്നു. റിസൽറ്റിനായി ദീർഘനാൾ കാത്തിരിപ്പ് മുമ്പും ഉണ്ടായിട്ടുണ്ട്. വിജയം ഉറപ്പാണ്. ആറ്റിങ്ങലിലും വിജയം ഉറപ്പിച്ചുകഴിഞ്ഞു. ഇത് പോളിങ്ങിനുശേഷമുള്ള വിലയിരുത്തലാണെന്നും എം. വിജയകുമാർ പറഞ്ഞു.
35 ദിവസത്തിലധികം നീണ്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിനും വോട്ടെടുപ്പിനും ശേഷം ചെറിയൊരു വിശ്രമത്തിലാണ് യു.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവീനർ എൻ. ശക്തൻ. നാലുപതിറ്റാണ്ടിലേറെയായി കേരള രാഷ്ട്രീയത്തിൽ തന്റേതായ സാന്നിധ്യം തെളിയിച്ച എൻ. ശക്തന് പ്രചാരണം ഏകോപിപ്പിക്കുക ബുദ്ധിമുട്ടുള്ളതായിരുന്നില്ല.
തരൂർ വിജയിക്കുമെന്നതിൽ എതിർപക്ഷത്തിനുപോലും സംശയമില്ലെന്നാണ് എൻ. ശക്തൻ പറയുന്നത്. ജനാധിപത്യം നിലനിർത്തുന്നതിനായുള്ള വളരെ പ്രധാനപ്പെട്ട തെരഞ്ഞെടുപ്പായിരുന്നു. വോട്ടർമാർക്കെല്ലാം നാട്ടിൽ നടക്കുന്നതിനെക്കുറിച്ച് ബോധ്യമുണ്ട്. നരേന്ദ്ര മോദി വീണ്ടും ഭരണത്തിൽ വന്നാൽ മതേതര ഇന്ത്യ ഉണ്ടാകില്ലെന്ന് അവർക്കറിയാം. വോട്ടെടുപ്പ് കഴിഞ്ഞ് പലരെയും കണ്ട് സ്ഥിതിഗതികൾ വിലയിരുത്തി.
തരൂർ തന്നെ മികച്ച വിജയം നേടുമെന്ന് സുനിശ്ചിതമാണ്. തിരുവനന്തപുരം മണ്ഡലത്തിൽ മാത്രമല്ല എല്ലായിടവും യു.ഡി.എഫിന് അനുകൂലമാണ്. പണ്ടൊക്കെയുണ്ടായിരുന്ന തെരഞ്ഞെടുപ്പ് സംഘർഷം കഴിഞ്ഞ കുറച്ചുവർഷമായി ഇല്ല എന്നത് വളരെ നല്ല കാര്യമാണെന്നും എൻ. ശക്തൻ പറയുന്നു.
പൊതുപരിപാടികളിലും ചടങ്ങുകളിലും തെരഞ്ഞെടുപ്പിന്റെ തിരക്കുകാരണം മാറ്റിെവച്ച പരിപാടികളിലും പങ്കെടുക്കുന്ന തിരക്കിലാണ് ബി.ജെ.പി നേതാവും എൻ.ഡി.എ തെരഞ്ഞെടുപ്പ് കൺവീനറുമായ വി.വി. രാജേഷ്. നരേന്ദ്രമോദിയുടെ പത്തുവർഷ ഭരണത്തിലൂടെ നാടിനുണ്ടായ നേട്ടങ്ങൾ ബി.ജെ.പിക്ക് വളരെ ഗുണകരമായതായി അദ്ദേഹം പറയുന്നു.
കേന്ദ്രത്തിൽ ബി.ജെ.പി സർക്കാർ വരുന്നതിന്റെ ഗുണങ്ങൾ ആളുകൾക്ക് മനസ്സിലായി. മികച്ച സ്ഥാനാർഥിയായിരുന്നു തിരുവനന്തപുരം മണ്ഡലത്തിൽ. കോൺഗ്രസ് കേന്ദ്രത്തിൽ അധികാരത്തിൽ വരുമെന്ന് യു.ഡി.എഫ് സ്ഥാനാർഥി പോലും വിശ്വസിക്കില്ല. എൽ.ഡി.എഫ് മത്സരിക്കുന്നത് ചിഹ്നം രക്ഷിക്കാൻ വേണ്ടിയാണ്.
ഞങ്ങളുടെ ടീം വർക്ക് വളരെ ആഴത്തിലുള്ളതായിരുന്നു. വിവാദങ്ങളും സംഘർഷങ്ങളുമില്ലാത്ത ഒരു തെരഞ്ഞെടുപ്പ് കാലമാണ് കടന്നുപോയത്. യു.ഡി.എഫ് സ്ഥാനാർഥി മാത്രമാണ് കുറ്റപ്പെടുത്തലുകളിലേക്ക് പോയത്. വിജയം ഞങ്ങൾക്കുതന്നെയാണെന്ന് ഉറപ്പാണ് സമൂഹത്തിൽനിന്ന് ലഭിക്കുന്നതൊന്നും വി.വി. രാജേഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.