തിരുവനന്തപുരം: അധ്യയനവർഷാരംഭത്തിന് മൂന്നാഴ്ച മാത്രം ബാക്കിയുള്ളപ്പോഴും സ്മാർട്ടാകാതെ നഗരത്തിലെ റോഡുകൾ. ഏപ്രിൽ 30നകം പണികൾ പൂർത്തിയാക്കി റോഡുകളെല്ലാം ഗതാഗതത്തിനായി തുറന്നുകൊടുക്കുമെന്ന് അധികൃതർ നിർദേശിച്ചെങ്കിലും പലതും ഇപ്പോഴും അടഞ്ഞുകിടക്കുകയാണ്. വഞ്ചിയൂർ-ജനറൽ ആശുപത്രി റോഡാണ് അതിൽ പ്രധാനം. സ്മാർട്ട് സിറ്റി പദ്ധതിപ്രകാരം കേരള റോഡ് ഫണ്ട് ബോർഡിന്റെ നേതൃത്വത്തിലാണ് റോഡ് പണി പുരോഗമിക്കുന്നത്.
തെരഞ്ഞെടുപ്പിന് മുന്നോടിയായി റോഡിൽ പൈപ്പുകളും ഡക്ടറുകളും വേഗത്തിൽ സ്ഥാപിച്ച് മെറ്റൽ നിരത്തി. എന്നാൽ, കുടിവെള്ള പൈപ്പുകൾ സ്ഥാപിക്കാൻ റോഡ് കുഴിച്ചതോടെ യാത്ര വീണ്ടും ദുഷ്കരമായി.
വഴുതക്കാട് റോഡിന്റെ ഒരു ഭാഗം അടച്ചിട്ടിട്ട് നാളേറെയായി. ഇടപ്പഴഞ്ഞിയിൽനിന്ന് വഴുതക്കാട്ടേക്കുള്ള യാത്ര ശ്രീമൂലം ക്ലബിന് സമീപത്തുവെച്ച് തിരിച്ചുവിടുന്നതും യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നു. ഡി.പി.ഐയിൽനിന്ന് വിമൻസ് കോളജിലേക്കുള്ള വൺവേ റോഡും അടച്ചിട്ടിരിക്കുകയാണ്. തൈക്കാട് സി.വി. രാമൻപിള്ള റോഡിന്റെയും സ്ഥിതിയും സമാനം. സമാന്തരമായി പോകേണ്ട റോഡുകൾകൂടി അടച്ചതാണ് ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നത്.
വഞ്ചിയൂർ-ജനറൽ ആശുപത്രി റോഡിൽ വെള്ളം, സ്വീവറേജ്, വൈദ്യുതി എന്നിവയുടെ വീടുകളിലേക്കുള്ള കണക്ഷനുകൾ നൽകുന്ന ജോലിയാണ് ഇപ്പോൾ പുരോഗമിക്കുന്നത്. പ്രധാന കുടിവെള്ള പൈപ്പ് സ്ഥാപിക്കുന്ന പണിയും അവസാന ഘട്ടത്തിലാണ്. ഇതൊക്കെ പൂർത്തിയാക്കിയ ശേഷമാകും ടാറിങ് ഉൾപ്പെടെ നടക്കുക. ഡക്ടിനുള്ളിൽ സ്ഥാപിച്ച വിവിധ കമ്പനികളുടെ കേബിളുകൾ വഞ്ചിയൂർ ജങ്ഷനിലെ മാൻഹോളുമായി ബന്ധിപ്പിക്കുന്നത് തുടരുന്നു. ഓടയും പ്രധാന ലൈനിലേക്ക് ബന്ധിപ്പിക്കേണ്ടതുണ്ട്.
അടുത്തയാഴ്ച വഞ്ചിയൂർ റോഡ് ഗതാഗതത്തിനായി തുറന്നുകൊടുക്കുമെന്നും മേയ് 15ഓടെ റോഡുകളെല്ലാം ഗതാഗതയോഗ്യമാക്കുമെന്നും അധികൃതർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.