തിരുവനന്തപുരം: ഇറിഗേഷൻ വകുപ്പിലെ മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള സ്ഥലംമാറ്റം അവസാനിപ്പിച്ച് ഓൺലൈൻ സംവിധാനം നടപ്പാക്കാൻ അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂനൽ നിർദേശം. മാനദണ്ഡങ്ങൾ പാലിക്കാതെ ഇറിഗേഷൻ ഭരണവിഭാഗം ചീഫ് എൻജിനീയർ ഫെബ്രുവരി 24, 26 തീയതികളിൽ പുറത്തിറക്കിയ സ്ഥലംമാറ്റ ഉത്തരവിനെതിരെയാണ് അസി. എൻജിനീയർമാർ അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിനെ സമീപിച്ചത്.
ഇതുമായി ബന്ധപ്പെട്ട ഹരജികൾ തീർപ്പാക്കിയാണ് ട്രൈബ്യൂണൽ ഉത്തരവ്. നേരത്തേ ട്രൈബ്യൂനൽ പുറത്തിറക്കിയ ഇടക്കാല ഉത്തരവിൽ ഇറിഗേഷൻ വകുപ്പിലെ അശാസ്ത്രീയ സ്ഥലംമാറ്റങ്ങൾക്കെതിരെ രൂക്ഷവിമർശനം നടത്തിയിരുന്നു. സ്ഥലംമാറ്റ അപേക്ഷ ഓൺലൈനായി സ്വീകരിക്കണമെന്നും നടപടികൾ സുതാര്യമായിരിക്കണമെന്നുമുള്ള സർക്കാർ ഉത്തരവുകൾ ഇറിഗേഷൻവകുപ്പ് അവഗണിക്കുന്നെന്ന വിലയിരുത്തലിലാണ് ട്രൈബ്യൂണൽ എത്തിയത്.
സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളും ഇലക്ട്രോണിക്സ് േഡറ്റാബേസ് തയാറാക്കണമെന്ന സർക്കാർ നിർദേശം ഇറിഗേഷൻ വകുപ്പ് പാലിക്കുന്നില്ല. വകുപ്പിലെ അസിസ്റ്റന്റ് എൻജിനീയർമാരുടെ സ്ഥലംമാറ്റം വകുപ്പുതല അധികാരികളുടെ ഇഷ്ടാനുസരണം നടക്കുന്നതായും ട്രൈബ്യൂണൽ കണ്ടെത്തി.
പൊതുസ്ഥലംമാറ്റങ്ങൾ നടപ്പാക്കുന്നതിനായി സർക്കാർ നിഷ്കർഷിച്ച മാർഗനിർദേശങ്ങളും മാനദണ്ഡങ്ങളും കണക്കിലെടുക്കാതെ ഏകപക്ഷീയ മാറ്റങ്ങളാണ് നടക്കുന്നതെന്ന് നിരീക്ഷിച്ച ട്രൈബ്യൂനൽ, ഇറിഗേഷൻ വകുപ്പിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് വിശദീകരണം ആരാഞ്ഞിരുന്നു.
ഭൂരിഭാഗം സർക്കാർവകുപ്പുകളും പരാതിക്ക് ഇടനൽകാത്തവിധം സ്ഥലംമാറ്റ നടപടികൾ നടത്തുമ്പോൾ ഇറിഗേഷൻ വകുപ്പിൽ ഇത് പാലിക്കപ്പെടാത്തതിൽ ജീവനക്കാർ കടുത്ത അമർഷത്തിലാണ്. ഇതിനിടെയാണ് സ്ഥലംമാറ്റത്തെക്കുറിച്ചുള്ള പരാതിയിൽ അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിന്റെ ഇടപെടൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.