തിരുവനന്തപുരം: തൂക്കുഭരണമെന്ന് ഏവരും പ്രതീക്ഷിച്ച തിരുവനന്തപുരം കോർപറേഷനിൽ ചെങ്കോട്ടകളെ കാത്തുസൂക്ഷിച്ചുകൊണ്ടാണ് ഒറ്റക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം എൽ.ഡി.എഫ് നേടിയെടുത്തത്. 100 വാർഡുകളിലായി നടന്ന പോരാട്ടത്തിൽ എൽ.ഡി.എഫ് -52, ബി.ജെ.പി- 35, യു.ഡി.എഫ് -10, സ്വതന്ത്രർ-മൂന്ന് എന്നിങ്ങനെയാണ് സീറ്റ് നില.
കഴിഞ്ഞ പാർലമെൻറ് തെരഞ്ഞെടുപ്പിലടക്കം എല്ലാക്കാലവും യു.ഡി.എഫിനെ പിന്തുണക്കാറുള്ള ക്രൈസ്തവ, മുസ്ലിം വോട്ടുകൾ ഇത്തവണ പൂർണമായും കൈവിട്ടു എന്ന് തെളിയിക്കുന്നതാണ് യു.ഡി.എഫിെൻറ വോട്ടിലെ വിള്ളൽ തെളിയിക്കുന്നത്. മുസ്ലിം ലീഗിെൻറ സിറ്റിങ് വാർഡായ ബീമാപള്ളി ഈസ്റ്റിൽ പോലും ലീഗ്, സ്ഥാനാർഥി സ്വതന്ത്ര സ്ഥാനാർഥിക്കും പിറകിലായത് ഇതിെൻറ തെളിവാണ്.
പള്ളിത്തുറ, പൗണ്ട്കടവ് വാർഡുകളിലും കനത്ത പരാജയമാണ് യു.ഡി.എഫിന് നേരിടേണ്ടിവന്നത്. 2015ൽ 35 സീറ്റ് പിടിച്ച് പ്രതിപക്ഷത്തെത്തിയ ബി.ജെ.പി ഇത്തവണ അധികാരത്തിലെത്തുമെന്ന് വ്യാപക പ്രചാരണം ഉണ്ടായിരുന്നു. പൂജപ്പുരയിൽ വി.വി. രാജേഷിനെപ്പോലുള്ള നേതാക്കൾ ബി.ജെ.പിക്കായി മത്സരരംഗത്തിറങ്ങിയതും ന്യൂനപക്ഷങ്ങൾക്കിടയിൽ ആശങ്കക്കിടയാക്കി.
അതിനാൽ ബി.ജെ.പിയെ അധികാരത്തിൽനിന്ന് അകറ്റി നിർത്തുന്നതിനുള്ള ഏകമാർഗം അധികാരത്തിെൻറ പടിവാതുക്കൽ നിൽക്കുന്ന എൽ.ഡി.എഫിനെ ശക്തിപ്പെടുത്തുക മാത്രമായിരുന്നു. ഇതാണ് എൽ.ഡി.എഫിനെ കേവലഭൂരിപക്ഷം കടക്കാൻ സഹായിച്ചതും യു.ഡി.എഫിനെ 10 സീറ്റിൽ ഒതുക്കിയതുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. മൂന്ന് മുന്നണിക്കെതിരെയും മത്സരത്തിനിറങ്ങിയ എസ്.ഡി.പി.ഐ, ബി.ജെ.പിയുടെ വിജയസാധ്യത മുന്നിൽകണ്ട് ആറന്നൂർ, കരമന വാർഡുകളിൽ എൽ.ഡി.എഫിനും മണക്കാട് യു.ഡി.എഫിനും പരസ്യപിന്തുണ പ്രഖ്യാപിച്ചത് ഇതിനുദാഹരണമാണ്.
വിനയായി കോൺഗ്രസിലെ ഗ്രൂപ് പോര്
തിരുവനന്തപുരം: കോൺഗ്രസിലെ ഗ്രൂപ് പോരും ഘടകകക്ഷികൾക്ക് നൽകിയ സീറ്റിൽ കോൺഗ്രസ് പ്രവർത്തകർ പ്രവർത്തിക്കാതെ മുഖം തിരിഞ്ഞുനിന്നതും കോർപറേഷനിൽ തിരിച്ചടിക്ക് കാരണമായി. ഫോർവേഡ് ബ്ലോക്കിന് നൽകിയ നെടുങ്കാട് യു.ഡി.എഫ് സ്ഥാനാർഥിക്ക് ലഭിച്ചത് കേവലം 74 വോട്ടാണ്. ഇവിടെ സി.പി.എമ്മിെൻറ ജില്ല നേതാവായ പുഷ്പലത 184 വോട്ടുകൾക്കാണ് ബി.ജെ.പിയുടെ കരമന അജിത്തിനോട് പരാജയപ്പെട്ടത്.
2015ൽ ഇവിടെ കോൺഗ്രസ് സ്ഥാനാർഥി മഞ്ജുള പിടിച്ചത് 1169 വോട്ടാണ്.കാലടി, ഹാർബർ വാർഡുകളിൽ പ്രാദേശിക എതിർപ്പുകളെ മറികടന്ന് ഡി.സി.സി നേരിട്ട് സ്ഥാനാർഥികളെ ഇറക്കിയതും തോൽവിക്ക് കാരണമായി. കാലടിയിൽ യു.ഡി.എഫ് വിമതനായ രാജപ്പൻ നായർ 23 വോട്ടിനാണ് തോറ്റത്. രാജപ്പൻ നായരുടെ അപരന്മാർ പിടിച്ചത് 42 വോട്ടുകളും. ഇവിടെ രാജപ്പൻ നായർക്കും പിറകിലാണ് യു.ഡി.എഫ് സ്ഥാനാർഥി കാലടി സുരേഷിെൻറ സ്ഥാനം. സിറ്റിങ് സീറ്റായ ഹാർബറിലും യു.ഡി.എഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
യൂത്ത് കോൺഗ്രസ് നേതാവായ എം. നിസാമുദ്ദീൻ അപരന്മാരുടെ വെല്ലുവിളി മറികടന്ന് 1028 വോട്ടിെൻറ ഭൂരിപക്ഷത്തിലാണ് ഇവിടെ വിജയക്കൊടി ഉയർത്തിയത്. നന്തൻകോട് റെബൽ പിടിച്ച വോട്ടുകളാണ് എൽ.ഡി.എഫിന് വിജയവഴിയൊരുക്കിയത്. ഹൈന്ദവ വോട്ടുകൾ ഭൂരിപക്ഷമുള്ള വാർഡുകളിൽ രാഷ്ട്രീയ കണക്കുകൂട്ടലുകൾക്കൊപ്പം ജാതി സമവാക്യങ്ങളും പരിഗണിച്ച് സ്ഥാനാർഥികളെ കളത്തിലിറക്കിയതാണ് ബി.ജെ.പിയുടെ ഗ്രാഫ് താഴേക്ക് പോകാതിരിക്കാൻ കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.