തിരുവനന്തപുരം: വോട്ട് ചെയ്യുന്നതിൽ തുടക്കത്തിൽ നഗരം മടിച്ചപ്പോൾ മലയോരം കുതിപ്പിലായിരുന്നു. തീരമേഖലയാകെട്ട ഉച്ച കഴിഞ്ഞതോടെ വോട്ടിങ്ങിെൻറ ഉച്ചസ്ഥായിലെത്തുകയും ചെയ്തു. നഗര മണ്ഡലങ്ങളിൽ തിരുവനന്തപുരം, നേമം, എന്നിവിടങ്ങളിൽ ആദ്യം പതിവ് മന്ദത പ്രകടമായിരുന്നെങ്കിലും വട്ടിയൂർക്കാവ് വേറിട്ട് നിന്നു. ജില്ലയിലെ മൊത്തം മണ്ഡലങ്ങളിൽ ആദ്യ മണിക്കൂറിൽ ഏറ്റവും ഉയർന്ന പോളിങ് ശതമാനം വട്ടിയൂർക്കാവിലായിരുന്നു. ബൂത്തിലും ഔട്ടർ ബൂത്തുകളിലുമെല്ലാം ഈ സജീവത പ്രകടവും വ്യക്തവുമായിരുന്നു. തിരുവനന്തപുരം നെടുമങ്ങാട്, അരുവിക്കര, വാമനപുരം, കാട്ടാക്കട, മണ്ഡലങ്ങളിൽ പതിവില്ലാത്ത വിധം സജീവമായിരുന്നു പോളിങ് ബൂത്തുകൾ. രാവിലെ ആറു മുതൽ തന്നെ ഔട്ടർ ബൂത്തുകൾ പ്രവർത്തിച്ച് തുടങ്ങി. ഔട്ടർ ബൂത്തുകൾ പ്രവർത്തകരുടെ മത്സര സ്വഭാവത്തിലെ സജീവത കൊണ്ട് അക്ഷരാർഥത്തിൽ ശക്തി പ്രകടനം തന്നെയായി.
സമയം രാവിലെ 10. ജില്ലയിലെ പ്രധാന മലഞ്ചരക്ക് വിപണിയായ നെടുമങ്ങാട് തിരക്കിലമരുകയാണ്. നെടുമങ്ങാട് ടൗൺ എൽ.പി.എസിൽ നാല് ബൂത്തുകളാണ് സജ്ജമാക്കിയിട്ടുള്ളത്. ടൗണിലെ സജീവതയൊന്നും ബൂത്തുകളില്ല. ഏതാനും ചെറുപ്പക്കാരും കുറച്ച് പ്രായമുള്ളവരും മാത്രം.
ഹരിതചട്ടം പാലിച്ച് തയാറാക്കിയ വിശ്രമ കേന്ദ്രമൊക്കെയുണ്ടെങ്കിലും ഇരിക്കാനൊന്നും ആളില്ല. രണ്ട് കിലോമീറ്റർ പിന്നിട്ട് അടുത്ത ബൂത്തിലേക്കെത്തിയതോടെ അന്തരീക്ഷം മാറി. ബൂത്തുകളിൽ നല്ല തിരക്ക്. ഒരു മണിക്കൂർ കൂടി പിന്നിട്ട് രാവിലെ 11 ഒാടെ അരുവിക്കര മണ്ഡലത്തിലെ വിതുര ജങ്ഷനിലേക്കെത്തുമ്പോൾ ചൂട് തുടങ്ങിയിരുന്നു.
ജങ്ഷനിൽ നിന്ന് സ്കൂളിലേക്കുള്ള റോഡിൽ നിറഞ്ഞ് വോട്ടർമാർ. വാഹനങ്ങളും പതിവില്ലാതെ ഇൗ വഴിയിൽ നിറഞ്ഞിട്ടുണ്ട്. വോട്ട് ചെയ്യാനെത്തിയവരും വോട്ട് ചെയ്തവരുമടക്കം കൂടി നിൽക്കുന്നുണ്ട്.
നെടുമങ്ങാട്ടും വാമനപുരം അതിര് പങ്കിടുന്ന മലയോര മേഖലയിലുമാണ് ശരിക്കും വോട്ടാരവം. നഗരത്തിൽ ടാർപ്പോളിനും ഷാമിയാനുമൊക്കെ കൊണ്ടാണ് ഔട്ടർ ബൂത്തുകൾ രാജകീയമായി തയാറാക്കിയിട്ടുള്ളതെങ്കിൽ ഇവിടെ സ്ഥാനാർഥിയുടെ ഫ്ലക്സ് ബോർഡ് മാത്രമാണ് മേൽക്കൂര. വലിയ ആവേശമാണ് മലയോര മേഖലയിൽ ഉച്ച വെയിലിലും. ഗ്രാമീണ മേഖലയിലെ കൊച്ചു കരിക്കകം യു.പി.എസിലും ഞാറനീലി കാണി ഗവ. യു.പി.എസിലും വോട്ട് ചെയ്യാൻ ഭേദപ്പെട്ട നിര രൂപപ്പെട്ടിരുന്നു.
കാട്ടാനയിറങ്ങുന്ന വനമേഖലക്ക് സമീപമുള്ള ഇടിഞ്ഞാറ് ട്രൈബൽ സ്കൂളിലെ ബൂത്തിലും വലിയ തിരക്കാണ്. ഈയ്യക്കോട്, കല്ലണ, മുട്ടിപ്പാറ, ചെന്നെല്ലിമുക്ക്, കാട്ടിലക്കുഴി, പേത്തല, ഒരു പറ കരിക്കകം, പന്നിയോട്ട് കടവ് തുടങ്ങിയ ആദിവാസി മേഖലയിൽ നിന്നുള്ള വോട്ടർമാർ ഇവിടെയാണ് സമ്മതിദാനം വിനിയോഗിക്കാൻ എത്തിയത്. കാട്ടുവഴികളിലൂടെ എട്ടു കിലോമീറ്ററിലധികം താണ്ടിയാണ് ഇവർ പോളിങ് ബൂത്തിലെത്തിയത്. കാട്ടാനയെ പേടിച്ചാണ് പലരും കാൽനടയായി കാട് താണ്ടിയെത്തിയത്.
പ്രായാധിക്യം മറന്ന വോട്ടാവേശത്തിനാണ് ആറ്റിങ്ങൽ മണ്ഡലത്തിലെ കൊടുവഴന്നൂർ ഗവ.ഹയർ സെക്കൻഡറി സ്കൂൾ സാക്ഷിയായത്. പൊരിവെയിലിനെ അവഗണിച്ച് വോട്ട് ചെയ്യാൻ നിരവധി പ്രായമേറിയവർ ഇവിടെയുണ്ടായിരുന്നു.
ഒരു കിലോമീറ്റർ നടന്നെത്തിയെങ്കിലും തിരിച്ചറിയൽ കാർഡ് എടുക്കാൻ മറന്നതിനെ തുടർന്ന് ബന്ധുവിനെ കാത്തിരിക്കുന്ന 65 കാരിയായ രഘുവതിയും തപാൽ വോട്ടിന് അപേക്ഷിച്ചിട്ടും പട്ടികയിൽ പേരില്ലാത്തതിനെ തുടർന്ന് ഏറെ പ്രയാസമനുഭവിച്ച് ഇവിടത്തെ ആവേശക്കാഴ്ചകളാണ്. കൈക്കുഞ്ഞുങ്ങളുമായെത്തിയവരും ഇവിടെ നിരവധിയുണ്ട്.
തീരദേശ മേഖലയിലെ ബൂത്തുകളിൽ വലിയ സജീവത പ്രകടമായിരുന്നു. സമയം നാലരയോടടുക്കുന്നു. ചിറയിൻകീഴ് മണ്ഡലത്തിലെ മാമ്പള്ളി സെൻറ് അലോഷ്യസ് എൽ.പി സ്കൂളിൽ സ്ത്രീ വോട്ടർമാരുടെ നീണ്ട നിരയാണ്. ബൂത്തുകളിൽ ജനം ഒഴുകിയെത്തുന്നു.
വേളി, വെട്ടുകാട്, വലിയതുറ, മേഖലയിൽ അവസാന മണിക്കൂറുകളിൽ അക്ഷരാർത്ഥത്തിൽ വോട്ടാരവം തന്നെയായിരുന്നു. പോളിങ് സമയം ഏഴ് വരെയാക്കിയെങ്കിലും അവസാന നിമിഷത്തിൽ വലിയ നിരയൊന്നും അധിക ബൂത്തുകളിലുമുണ്ടായില്ല.
തിരുവനന്തപുരം: ആവേശം അലയടിച്ച നിയമസഭ തെരഞ്ഞെടുപ്പിൽ തലസ്ഥാന ജില്ലയും മികച്ച പോളിങ്ങിലേക്ക്. വൈകീട്ട് എട്ടുമണിവരെയുള്ള കണക്ക് പ്രകാരം 70.01 ശതമാനം പോളിങ് രേഖപ്പെടുത്തി. എന്നാൽ, കഴിഞ്ഞതവണത്തെ 72.53 ശതമാനത്തിലേക്ക് കടന്നില്ല. രാത്രി വൈകി അന്തിമകണക്കുകൾ കൂടി വരുേമ്പാൾ അതിലേക്ക് എത്തുമെന്നാണ് ഒൗദ്യോഗിക വൃത്തങ്ങൾ നൽകുന്ന സൂചന.
അരുവിക്കരയിലാണ് ഏറ്റവും ഉയർന്ന പോളിങ് രേഖപ്പെടുത്തിയത് -73.27 ശതമാനം. കഴിഞ്ഞ തവണത്തെ പോലെ ഇക്കുറിയും തിരുവനന്തപുരം മണ്ഡലം തന്നെയാണ് ഏറ്റവും കുറവ് പോളിങ് രേഖപ്പെടുത്തിയത്.
61.92 ശതമാനം. കഴിഞ്ഞതവണ ഇത് 65.19 ശതമാനമായിരുന്നു. കാട്ടാക്കടയായിരുന്നു കഴിഞ്ഞതവണ ഉയർന്ന പോളിങ് രേഖപ്പെടുത്തിയ മണ്ഡലം. വർക്കല -70.23, ആറ്റിങ്ങൽ -70.61, ചിറയിൻകീഴ് -70.79, നെടുമങ്ങാട് -71.54, വാമനപുരം -70.90, കഴക്കൂട്ടം - 69.63, വട്ടിയൂർക്കാവ് -64.16, തിരുവനന്തപുരം -61.92, നേമം -69.80, പാറശ്ശാല -72.41, കാട്ടാക്കട -72.21, കോവളം -70.76, നെയ്യാറ്റിൻകര -72.23.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.