അമ്പലത്തറ: ട്രോളിങ് നിരോധനകാലത്തെ മത്സ്യക്ഷാമം മുതലെടുത്ത് മാസങ്ങള്‍ പഴക്കമുള്ള വിദേശ മത്സ്യങ്ങള്‍ വിപണിയില്‍ വ്യാപകമാകുന്നു. ഒമാൻ മത്തിയും കൊറിയന്‍ സീര്‍ മത്സ്യങ്ങളുമാണ് കൂടുതലായി സംസ്ഥാനത്ത് വിൽപനക്ക് എത്തിക്കുന്നത്. ശാസ്ത്രീയമായ സംസ്കരണമില്ലാതെയാണ് ആഴ്ചകളോളം പഴക്കമുള്ള മത്സ്യങ്ങൾ എത്തിക്കുന്നത്.
ട്രോളിങ് നിരോധനവും വിഴിഞ്ഞത്ത് നിന്നുള്ള മത്സ്യങ്ങളുടെ കുറവുമാണ് ഇത്തരം പഴകിയ മത്സ്യങ്ങൾ വിപണിയിലെത്തുന്നതിന് പ്രധാനകാരണം. ദക്ഷിണ കൊറിയയില്‍ ഏറെ പ്രിയമുള്ള വലിയ അയലക്ക് സമാനമായ സീര്‍ മത്സ്യങ്ങളാണ് വിദേശത്ത് നിന്ന് എത്തുന്നതിൽ പ്രധാനി. ഒറ്റനോട്ടത്തിൽ അയലയാണെന്നേ തോന്നൂ.
ആഴക്കടലില്‍ നിന്ന് വിദേശ ട്രോളറുകള്‍ പിടികൂടുന്ന സീര്‍ മത്സ്യങ്ങളെ പിടിച്ചയുടൻ ഫ്രീസ് ചെയ്ത് മൈനസ് 18 ഡിഗ്രി സെല്‍ഷ്യസിലുള്ള കെണ്ടയ്നറുകളില്‍ കയറ്റിയയക്കുന്നു. 30 ദിവസത്തോളം വേണം ഇത് ഇന്ത്യയില്‍ എത്താന്‍. മൈനസ് 29 ഡ്രിഗ്രി സെല്‍ഷ്യസിലാണ് ഇവിടെ സൂക്ഷിക്കുന്നത്. കേരളത്തിലെ ചില സ്വകാര്യ കമ്പനികളാണ് കൊറിയന്‍ മത്സ്യം ഇറക്കുമതി ചെയ്ത് വിപണിയില്‍ എത്തിക്കുന്നത്. എന്നാൽ, പലയിടങ്ങളിലും ശാസ്ത്രീയമായ സംസ്കരണം നടത്തുന്നുമില്ല. അയലയുടെ രൂപമാണങ്കിലും രുചിയില്‍ വ്യത്യാസമുണ്ട്. കിലോക്ക് 300 മുതല്‍ 350 വരെയാണ് വില. അറബിക്കടലില്‍നിന്ന് നെയ്മത്തി കിട്ടാതെ വന്നിട്ട് കാലങ്ങളായി. ഇതോടെയാണ് ഒമാനില്‍ നിന്നുള്ള മത്തി എത്താൻ തുടങ്ങിയത്. ട്രോളിങ് നിരോധന കാലമായതോടെ ഇതിന്‍റെ വരവ് ഇരട്ടിയിലധികമായി. കേരളത്തിലെ മത്തിയെ അപേക്ഷിച്ച് രുചി കുറവാണങ്കിലും ആവശ്യക്കാരുള്ളത് കാരണം മാസങ്ങള്‍ പഴക്കമുള്ള മത്തി ഒമാനില്‍ നിന്ന് ഇപ്പോഴും വ്യാപകമായി വിൽപനക്ക് എത്തുന്നുണ്ട്.
കേരളതീരങ്ങളിലെ മത്സ്യസമ്പത്ത് വ്യാപകമായി കുറയാന്‍ തുടങ്ങിയതും അന്യരാജ്യങ്ങളില്‍നിന്ന് ദിവസങ്ങള്‍ പഴക്കമുള്ള മത്സ്യങ്ങള്‍ വിപണിയിലെത്താൻ കാരണമായി. സമുദ്രജലത്തിൽ അടിക്കടി ഉണ്ടാകുന്ന കാലാവസ്ഥവ്യതിയാനമാണ് കേരളത്തിന്‍റെ തീരങ്ങളില്‍ പ്രധാനമായും മത്സ്യങ്ങള്‍ കുറയാന്‍ കാരണമെന്ന് കൊച്ചിന്‍ ശാസ്ത്ര സാങ്കേതിക സര്‍വകലാശാല നടത്തിയ ഏറ്റവും പുതിയ പഠനറിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.