'കുറച്ച് സമയത്തിനുശേഷം ശ്രമിക്കൂ'; ഇ-ഹെൽത്തിൽ അപ്രഖ്യാപിത നിയന്ത്രണം

തിരുവനന്തപുരം: ആശുപത്രികളിൽ ഒ.പി ടിക്കറ്റിനായുള്ള ക്യൂ നിൽക്കൽ ഒഴിവാക്കുന്നതിന് ആരോഗ്യവകുപ്പ് ഏർപ്പെടുത്തിയ ഓൺലൈൻ ടോക്കൺ സംവിധാനത്തിൽ അപ്രഖ്യാപിത നിയന്ത്രണം. ഇ-ഹെൽത്ത് പോർട്ടൽ വഴിയാണ് ഇ-ടോക്കൺ സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളതെങ്കിലും അപ്പോയിൻമെന്‍റ് എടുക്കാൻ ശ്രമിക്കുമ്പോഴെല്ലാം 'കുറച്ച് സമയത്തിനുശേഷം ശ്രമിക്കൂ' എന്ന സന്ദേശമാണ് ലഭിക്കുന്നത്.

പോർട്ടലിനുള്ളിലേക്ക് കടക്കാനോ ആശുപത്രികൾ തെരഞ്ഞെടുക്കാനോ കഴിയുന്നില്ല. മൊബൈൽ ഫോൺ വഴി ശ്രമിക്കുമ്പോഴുള്ള തകരാറാണെന്ന് കരുതി അക്ഷയ സെന്‍ററുകളെ സമീപിച്ചവർക്കും സ്ഥിതി വ്യത്യസ്തമല്ല.

പകൽനേരത്തെ തിരക്കുമൂലമുള്ള സാങ്കേതികപ്രശ്നമാണെന്ന് കരുതി തിരക്ക് കുറഞ്ഞ രാത്രി നേരം അപ്പോയിൻമെന്‍റിന് ശ്രമിച്ചവരും നേരിട്ടത് സമാന പ്രതിസന്ധിതന്നെ. ഇനി വളരെനേരം പരിശ്രമിച്ച് ഉള്ളിൽ കടന്നാൽതന്നെ മിക്ക സ്പെഷാലിറ്റി ഒ.പികളും ബുക് ചെയ്യാനാവില്ല. സ്പെഷാലാറ്റി ഒ.പി തെരഞ്ഞെടുക്കുമ്പോൾ തീയതി ആവശ്യപ്പെടും.

എന്നാൽ, ടൈംസ്ലോട്ട് അപ്രത്യക്ഷമായിരിക്കും. നിശ്ചിത തീയതിയിലെ ടൈംസ്ലോട്ട് തെരഞ്ഞെടുക്കാതെ മുന്നോട്ടുപോകാനോ അപ്പോയിൻമെന്‍റ് നടപടിക്രമങ്ങൾ പൂർത്തിയാക്കാനോ കഴിയില്ല. ഇതോടെ ഓൺലൈൻ ബുക്കിങ് പലരും ഉപേക്ഷിക്കുകയാണ്. തിരുവനന്തപുരം ജില്ലയിൽ മെഡിക്കൽ കോളജ് സെലക്ട് ചെയ്താൽ എസ്.എ.ടി മാത്രമാണ് പലപ്പോഴും കാണിക്കുക. ഇതോടെ പിറ്റേന്നത്തെ ഒ.പി ടിക്കറ്റിനായി പാതിരാത്രി മുതൽ ഒ.പിയിലെത്തി പഴയപടി കാത്തുനിൽക്കേണ്ട ഗതികേടിലാണ് രോഗികൾ.

സംസ്ഥാനത്തെ 402 ആശുപത്രികളിൽ ഇ-ഹെൽത്ത് സംവിധാനം സജ്ജമായിട്ടുണ്ടെന്നും ഇവിടങ്ങളിൽ ക്യൂ നിൽക്കാതെ ടോക്കണെടുക്കാമെന്നുമാണ് ആരോഗ്യവകുപ്പ് മന്ത്രിയടക്കം അവകാശപ്പെടുന്നതെന്നും ഗ്രൗണ്ടിൽ സ്ഥിതിയിതല്ല.

ഒ.പി ടിക്കറ്റിനല്ല, ഒ.പി ടിക്കറ്റ് കൗണ്ടറുകളിലെ മുൻഗണനക്കായാണ് ഇ-ടോക്കൺ സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളത്. മെഡിക്കൽ കോളജുകളിലടക്കം രാവിലെ ഏഴോടെ സെക്യൂരിറ്റി ജീവനക്കാരാണ് ആദ്യം ടോക്കൺ നൽകുന്നത്. രാവിലെ എത്തി വരിനിൽക്കുന്നവർക്ക് മുൻഗണന അനുസരിച്ചാണ് ഈ ടോക്കൺ ലഭിക്കുക.

Tags:    
News Summary - Try after some time-Undeclared Regulation in e-Health

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.