തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതിയുടെ തൈക്കാടുള്ള അമ്മത്തൊട്ടിലിൽ രണ്ട് ദിവസങ്ങളിലായി എത്തിയത് ഇരട്ടകൾ ഉൾപ്പെടെ മൂന്ന് അതിഥികൾ. വെള്ളിയാഴ്ചയും ഞായറുമായാണ് മൂന്ന് കുരുന്നുകളെത്തിയത്.
വെള്ളിയാഴ്ച രാത്രി 9.30ന് ഒന്നര മാസം പ്രായമുള്ള പെൺകുഞ്ഞിനെയും ഞായർ വെളുപ്പിന് 2.30 ന് പത്ത് ദിവസം മാത്രം പ്രായം തോന്നിക്കുന്ന ഇരട്ട ആൺകുട്ടികളെയുമാണ് കിട്ടിയത്. ആറ് വർഷങ്ങൾക്കു ശേഷമാണ് അമ്മത്തൊട്ടിലിൽ ഇരട്ടക്കുട്ടികളെ ലഭിക്കുന്നത്.
ഇത്തരത്തിൽ അടുത്തടുത്ത ദിവസങ്ങളിൽ കുഞ്ഞുങ്ങളെ കിട്ടുന്നത് ഒരു വർഷത്തിനിടെ രണ്ടാം തവണയാണ്. കുഞ്ഞുങ്ങൾക്ക് യഥാക്രമം രക്ഷിത, ആർദ്രൻ, ഹൃദ്യൻ എന്നിങ്ങനെ പേരിട്ടു. ആരോഗ്യപരിശോധനകൾക്കു ശേഷം കുഞ്ഞുങ്ങളെ പരിചരണത്തിനായി ദത്തെടുക്കൽ കേന്ദ്രത്തിലേക്ക് മാറ്റി.
കുട്ടികളുടെ ദത്തെടുക്കൽ നടപടിക്രമങ്ങൾ ആരംഭിക്കേണ്ടതിനാൽ അവകാശികൾ ആരെങ്കിലും ഉണ്ടെങ്കിൽ സമിതി അധികൃതരുമായി അടിയന്തരമായി ബന്ധപ്പെടണമെന്ന് സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ. അരുൺ ഗോപി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.