തിരുവനന്തപുരം: ജില്ലയിൽ നിരവധി ബൈക്കുകൾ മോഷണം നടത്തിവന്ന സംഘത്തിലെ രണ്ടുപേരെ സിറ്റി പൊലീസ് പിടികൂടി. മാണിക്യൽ വില്ലേജിൽ കട്ടയ്ക്കൽ വാർഡിൽ തിനവിള പുത്തൻകെട്ടിയൻ വീട്ടിൽ ജമീർ (24), മാണിക്യൽ ഇടത്തറ പേരിലക്കോട് കൊട്ടാരം വീട്ടിൽ ഗോവിന്ദരാജു (24) എന്നിവരെയാണ് മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച പുലർച്ച ഉള്ളൂർ ജങ്ഷനിൽ ബൈക്കിൽ വരികയായിരുന്ന പ്രതികളെ പൊലീസ് പട്രോളിങ് പാർട്ടി തടഞ്ഞുനിർത്തി വാഹനരേഖകൾ പരിശോധിക്കവെ വാഹനം ഉപേക്ഷിച്ച് രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. തുടർന്ന് ചോദ്യം ചെയ്തതിൽ മോഷണബൈക്ക് ആണെന്ന് സമ്മതിച്ചു. വട്ടപ്പാറ സ്വദേശി ഷാജികുമാറിെൻറ ബൈക്ക് ഈമാസം 25നാണ് വട്ടപ്പാറയിൽനിന്ന് പ്രതികളായ ജമീറും ഗോവിന്ദരാജുവും വെമ്പായം സ്വദേശിയായ ഷമീറും ചേർന്ന് മോഷ്ടിച്ചെടുത്തതെന്നും കണ്ടെത്തി.
നിരവധി ബൈക്ക് മോഷണങ്ങൾ നടത്തിയിട്ടുള്ള ഇവർ മോഷണബൈക്കുകൾ പൊളിച്ച് പാർട്സാക്കി വിൽക്കുകയാണ് ചെയ്യുന്നത്. അറസ്റ്റ് ചെയ്യാനുള്ള മൂന്നാം പ്രതി ഷമീറിെൻറ വീട്ടിൽനിന്ന് നിരവധി വാഹനങ്ങളുടെ പാർട്സുകൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കൂടുതൽ മോഷണങ്ങളെ സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് ഡെപ്യൂട്ടി കമീഷണർ ഡോ. ദിവ്യ വി.ഗോപിനാഥ് അറിയിച്ചു.
മെഡിക്കൽ കോളജ് എസ്.എച്ച്.ഒ ഹരിലാൽ, എസ്.ഐമാരായ പ്രശാന്ത്, ജ്യോതിഷ്, എസ്.സി.പി.ഒമാരായ രഞ്ജിത്, ജ്യോതി കെ.നായർ, സി.പി.ഒമാരായ അനിൽകുമാർ, വിനീത്, പ്രതാപൻ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.