തിരുവനന്തപുരം: ചെറുമകൾ ഇനി എത്തില്ലെന്ന് അറിയാതെ എൽ.ഐ.സി പ്രീമിയം അടച്ച് കാത്തിരിക്കുകയാണ് ഈ മുത്തശ്ശി. ഊരൂട്ടമ്പലത്തുനിന്ന് 11 വർഷം മുമ്പ് കാണാതായ ദിവ്യ കൊല്ലപ്പെട്ട വിവരം മാതാവ് രാധ അറിഞ്ഞെങ്കിലും ചെറുമകൾ ഗൗരിയും മരിച്ചെന്ന വിവരം അവർ ഇതുവരെയും അറിഞ്ഞിട്ടില്ല. തന്നെ കാണാൻ ചെറുമകൾ എത്തുമെന്ന പ്രതീക്ഷയിൽ അവൾക്കായി എൽ.ഐ.സി പ്രീമിയം തുക മുടങ്ങാതെ അടച്ച് കാത്തിരിക്കുകയാണ് ഈ വയോധിക.
ദിവ്യയെയും മകളെയും കൊലപ്പെടുത്തിയെന്ന് മാഹിന്‍കണ്ണ് പൊലീസിനോട് സമ്മതിച്ച ദിവസമായിരുന്നു രാധ കൊച്ചുമകളുടെ പ്രീമിയം അടയ്ക്കാന്‍ പോയത്. മകൾ ദിവ്യ മരിച്ചെന്ന് എസ്.പി ഓഫിസിൽ വിളിച്ചുവരുത്തി ഫോട്ടോ കാണിച്ചാണ് പൊലീസ് രാധയെ അറിയിച്ചത്. ഇത് കണ്ട് അവർ കുഴഞ്ഞ് വീഴുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
കടുത്ത ഹൃദ്രോഗിയായ രാധയോട് ഗൗരിയെയും മാഹിന്‍കണ്ണ് കൊലപ്പെടുത്തിയെന്ന് പറയാനുള്ള മനോധൈര്യം ആര്‍ക്കുമില്ല. അതറിഞ്ഞാല്‍ രാധക്ക് എന്ത് സംഭവിക്കുമെന്ന ആശങ്കയാണ് എല്ലാവര്‍ക്കും. ടി.വിയും പത്രവും കാണാതെ ദിവ്യ മാത്രമാണ് മരിച്ചതെന്ന് വിശ്വസിച്ച് കണ്ണീരോടെ കഴിയുകയാണ് ഇവർ.
മകളെ ഒന്നും ചെയ്യരുതെന്ന് പലതവണ കാലുപിടിച്ച് കരഞ്ഞിട്ടും കൊന്നുകളഞ്ഞല്ലോയെന്ന് പറഞ്ഞ് രാധ ഇപ്പോഴും വിലപിക്കുന്നു. മകളെ കാണാതായ വിഷമത്തില്‍ ഭര്‍ത്താവ് നേരത്തേ ആത്മഹത്യ ചെയ്തതോടെ രാധ ഇപ്പോള്‍ തനിച്ചാണ്. പ്രായമേറെയായെന്നും തനിക്കിനി വീട്ടുജോലിക്കൊന്നും പോകാന്‍ കഴിയില്ലെന്നും ജീവിതം എങ്ങനെ മുന്നോട്ട് പോകുമെന്ന് അറിയില്ലെന്നും അവർ കൂട്ടിച്ചേര്‍ക്കുന്നു.
അതിനിടെ കേസിൽ വ്യക്തത വരുത്തുന്നതിനും തെളിവ് ശേഖരിക്കുന്നതിനുമായി റിമാൻഡിൽ കഴിയുന്ന പ്രതികളായ മാഹിൻകണ്ണിനെയും ഭാര്യ റുഖിയയെയും കസ്റ്റഡിയിൽ വാങ്ങുന്നതിന് കോടതിയെ സമീപിക്കാനുള്ള നീക്കവും പൊലീസ് ആരംഭിച്ചു. മാഹിൻകണ്ണിനെ കസ്റ്റഡിയിൽ വാങ്ങി തമിഴ്നാട്ടിലടക്കം തെളിവെടുപ്പ് നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.