തിരുവനന്തപുരം: ആറ്റിങ്ങലിന്റെ സ്വന്തം ജനപ്രതിനിധിയായിരുന്നു വിടവാങ്ങിയ വക്കം പുരുഷോത്തമൻ. 1970, 1977, 1980, 1982, 2001 എന്നിങ്ങനെ അഞ്ച് തവണകളിലായി 17 വർഷം ആറ്റിങ്ങലിൽനിന്ന് നിയമസഭാംഗം. പൊതുതെരഞ്ഞെടുപ്പിലൂടെയാണ് 1970 ൽ നിയമസഭയിലെത്തിയത്. സി.പി.എമ്മിലെ കാട്ടായിക്കോണം ശ്രീധരനെ 11,531വോട്ടിന് പരാജയപ്പെടുത്തി. ആറ്റിങ്ങലിന്റെ ചുവന്ന മണ്ണിൽ കോൺഗ്രസിന് വേരോട്ടമുണ്ടാക്കിയ മത്സരമായിരുന്നു അത്. സി. അച്യുതമേനോൻ മുഖ്യമന്ത്രിയായി സർക്കാർ രൂപവത്കരിച്ചു. അടിയന്തരാവസ്ഥ കാരണം 1977 വരെയായിരുന്നു ഈ സഭയുടെ കാലാവധി. ഈ മന്ത്രിസഭയിൽ കൃഷി, തൊഴിൽ മന്ത്രിയായിരുന്നു വക്കം.
1980 ജനുവരി 25 മുതൽ 1981 ഒക്ടോബർ 20 വരെ മാത്രം നീണ്ട, ഏറ്റവും കുറഞ്ഞ കാലയളവ് നിലനിന്ന മന്ത്രിസഭയിലും അംഗം. ആരോഗ്യവും ടൂറിസവുമായിരുന്നു വകുപ്പുകൾ. കോൺഗ്രസ് പിളർന്ന് എ.കെ. ആന്റണിയുടെ നേതൃത്വത്തിൽ ഐക്യകോൺഗ്രസ് (കോൺഗ്രസ് -യു) രൂപവത്കരിച്ച സമയമായിരുന്നു ഇത്. ഇ.കെ. നായനാരുടെ നേതൃത്വത്തിലുള്ള 17 അംഗ മന്ത്രിസഭ അധികാരമേറ്റു. എ.കെ. ആന്റണിയുടെ നേതൃത്വത്തിലുള്ള 21 കോൺഗ്രസ് (യു) അംഗങ്ങളുടെയും കേരള കോൺഗ്രസ് മാണി വിഭാഗത്തിലെ എട്ട് അംഗങ്ങളുടെയും പിന്തുണയെ ആശ്രയിച്ചായിരുന്നു മന്ത്രിസഭയുടെ നിലനിൽപ്. 1981 ഒക്ടോബർ 16ന് ഇവർ പിന്തുണ പിൻവലിച്ചതോടെ നായനാർക്ക് രാജിവെക്കേണ്ടിവന്നു.
1982ൽ നടന്ന ഇടക്കാല തെരഞ്ഞെടുപ്പിൽ വക്കം പുരുഷോത്തമൻ കോൺഗ്രസ് എസിലെ പി. വിജയദാസിനെ പരാജയപ്പെടുത്തി വീണ്ടും ആറ്റിങ്ങലിന്റെ പ്രതിനിധിയായി. മന്ത്രി സ്ഥാനത്തിന് പകരം കെ. കരുണാകരൻ മന്ത്രിസഭയിൽ 1982 മുതൽ 1984 വരെ ഏഴാം നിയമസഭയുടെ സ്പീക്കറായി. ജീവിച്ചിരിക്കുന്നവരിൽ പി.ജെ. ജോസഫും രമേശ് ചെന്നിത്തലയും ഉൾപ്പെടെ 26 മന്ത്രിമാരുണ്ടായിരുന്നു ആ മന്ത്രിസഭയിൽ.
ആലപ്പുഴനിന്ന് ലോക്സഭയിലേക്ക് മത്സരിക്കാനായി ഡിസംബർ 28ന് നിയമസഭാംഗത്വം രാജിവെച്ചു. 1984-1989, 1989-1991 കാലത്ത് ആലപ്പുഴയിൽനിന്നുള്ള ലോക്സഭാംഗമായിരുന്നു. 1993 മുതൽ 1996 വരെ അന്തമാൻ നികോബാർ ലഫ്റ്റനൻറ് ഗവർണറായി.
2001ൽ 10,816 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അദ്ദേഹം ആറ്റിങ്ങലിൽനിന്ന് വിജയിച്ചത്. സി.പി.എമ്മിലെ കടകംപള്ളി സുരേന്ദ്രനായിരുന്നു മുഖ്യ എതിരാളി. 11ാം നിയമസഭയിൽ എ.കെ. ആന്റണി മുഖ്യമന്ത്രിയായ കാലയളവിൽ 2001 ജൂൺ ആറ് മുതൽ 2004 സെപ്റ്റംബർ നാലുവരെ സ്പീക്കറായിരുന്നു. എ.കെ. ആന്റണിയുടെ രാജിയെതുടർന്ന് അധികാരത്തിൽ വന്ന ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ ധന-എക്സൈസ് മന്ത്രിയായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.