മ​നോ​ജി​നെ ഫ​യ​ർ​ഫോ​ഴ്സ് കി​ണ​റ്റി​ൽ​നി​ന്ന്​ ര​ക്ഷി​ച്ച് പു​റ​ത്തെ​ത്തി​ച്ച​പ്പോ​ൾ

കിണറ്റിൽ കുടുങ്ങി രാവും പകലും കയറിൽ തൂങ്ങിനിന്നയാളെ രക്ഷപ്പെടുത്തി

വർക്കല: ജോലിക്കിടെ കാൽവഴുതി കിണറ്റിൽ വീണുപോയയാളെ രണ്ടാം ദിവസം ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്തി. വർക്കല എം.ജി കോളനിയിൽ മനോജാണ് (41) മരണമുഖത്തുനിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടത്.

വർക്കല ശ്രീനിവാസപുരത്ത് കിണർ വൃത്തിയാക്കുന്നതിനിടെയാണ് കാൽ വഴുതി മനോജ് കിണറ്റിൽ വീണത്. പമ്പ്സെറ്റിൽ കെട്ടിയിരുന്ന കയറിൽ പിടികിട്ടിയതിനാലാണ് ഇയാൾ രക്ഷപ്പെട്ടത്. കയറിൽ തൂങ്ങി ഒരുദിവസം മുഴുവൻ കിണറ്റിൽ മരണത്തെ മുഖാമുഖം കണ്ടശേഷമാണ് മനോജ് അദ്ഭുതകരമായി രക്ഷപ്പെട്ടത്. തിങ്കളാഴ്ചയാണ് അപകടം നടന്നത്.

ശ്രീനിവാസപുരം ശാന്തിഗിരി ക്ഷേത്രത്തിന് സമീപം ശിൽപ നിവാസിൽ മണിലാലിന്റെ പറമ്പിലെ കിണർ വൃത്തിയാക്കുന്നതിനിടെയാണ് മനോജ് അപകടത്തിൽപെട്ടത്. 60 അടിയോളം താഴ്ചയുള്ള കിണർ വൃത്തിയാക്കുന്നതിനിടെ കാൽവഴുതിയാണ് കിണറ്റിലകപ്പെട്ടത്.

പണിക്കുപോയ മനോജ് ചൊവ്വാഴ്ച രാവിലെയായിട്ടും മടങ്ങിയെത്താതായതോടെ വീട്ടുകാർ പൊലീസിൽ പരാതി നൽകുകയും ചെയ്തു. മനോജ് ജോലിക്ക് പോയ പറമ്പിന്റെ ഉടമസ്ഥനെയും വിവരമറിയിച്ചു.

തുടർന്നാണ് ബന്ധുക്കൾ തിരച്ചിലാരംഭിച്ചത്. തിരച്ചിലിന്‍റെ ഭാഗമായി കിണറിന്‍റെ സമീപത്തെത്തിയപ്പോഴാണ് കിണറ്റിനുള്ളിൽനിന്ന് മനോജിന്റെ ശബ്ദം കേൾക്കുന്നത്.

വർക്കല ഫയർഫോഴ്‌സ് സംഘമെത്തി കിണറിനുള്ളിലേക്ക് വല ഇറക്കിയാണ് മനോജിനെ പുറത്തെത്തിച്ചത്. ഇയാളെ താലൂക്കാശുപത്രിയിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകി. ആരോഗ്യനിലയിൽ പ്രശ്നങ്ങളൊന്നും ഇല്ലാത്തതിനാൽ ആശുപത്രിയിൽനിന്ന് വിട്ടയക്കുകയും ചെയ്തു.

ഫയർഫോഴ്സ് വർക്കല സ്റ്റേഷൻ ഓഫിസർ അരുൺ മോഹന്റെ നേതൃത്വത്തിൽ ഗ്രേഡ് എ.എസ്.ടി.ഒ മുകുന്ദൻ ആർ.കെ, ഫയർ ആൻഡ് റെസ്ക്യു ഓഫിസർമാരായ ബി. ദിനേശ്, വിപിൻ.എസ്, ഷൈൻ ആർ.എസ്, വിനീഷ് കുമാർ, ജ്യോതിഷ് കുമാർ, നാജിം, എസ്. വിജയൻ എന്നിവർ ഉൾപ്പെട്ട സംഘമാണ് മനോജിനെ കിണറ്റിൽനിന്ന് രക്ഷപ്പെടുത്തിയത്.

Tags:    
News Summary - A person who was stuck in a well and hanging on a rope day and night was rescued

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.