പാപനാശത്ത് റസ്റ്റാറന്റിൽ സംഘർഷം; പൊലീസുകാരുൾപ്പെടെ മൂന്നുപേർക്ക് പരിക്ക്

വർക്കല: പാപനാശം ഹെലിപ്പാഡിലെ റസ്റ്റാറന്റിൽ അതിക്രമിച്ചുകയറിയ യുവാക്കൾ ജീവനക്കാരനെയും രണ്ട് പൊലീസുകാരെയും ആക്രമിച്ച് പരിക്കേൽപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ചെറുന്നിയൂർ അയന്തി പുത്തൻവീട്ടിൽ ധീരജ് (25), ആനാട് ഇരിഞ്ചയം ഗംഗ നിവാസിൽ രതീഷ് കുമാർ (33) എന്നിവരാണ് അറസ്റ്റിലായത്. വർക്കല ടൂറിസം പൊലീസുകാരായ സാംജിത്ത്, ജോജിൻ രാജ്, റസ്റ്റാറന്റ് ജീവനക്കാരൻ രാജേഷ് എന്നിവർക്കാണ് പരിക്കേറ്റത്.

ശനിയാഴ്ച രാത്രി ഹെലിപ്പാഡിലെ ബുദ്ധ കഫെ റസ്റ്റാറന്‍റിലായിരുന്നു സംഭവം. റസ്റ്റാറന്റിൽ അതിക്രമിച്ച് കയറിയ യുവാക്കൾ ജീവനക്കാരനെ മർദിക്കുകയും ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് തലക്കടിച്ച് മാരകമായി പരിക്കേൽപ്പിക്കുകയും ചെയ്തെന്ന് പൊലീസ് പറഞ്ഞു.

ആക്രമണം ചെറുക്കാൻ ശ്രമിച്ചപ്പോഴാണ് പൊലീസുകാർക്കും പരിക്കേറ്റത്. ജോജിൻ രാജിന്റെ കൈക്ക് പൊട്ടലുണ്ടെന്നും സാംജിത്തിന് ദേഹമാസകലം മർദനമേറ്റിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

പരിക്കേറ്റ പൊലീസുകാരെ നാട്ടുകാർ ഹെലിപാഡിലെ പൊലീസ് എയ്ഡ് പോസ്റ്റിലേക്ക് മാറ്റി. എയ്ഡ് പോസ്റ്റിലും ആക്രമണം നടത്തിയ യുവാക്കൾ വയർലസും കസേരകളും നശിപ്പിച്ചു. കൂടുതൽ പൊലീസുകാരെത്തി യുവാക്കളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

മെഡിക്കൽ പരിശോധനക്ക് വിധേയരാകാൻ വിസമ്മതിച്ച പ്രതികളെ ക്യാമ്പിൽനിന്ന് കൂടുതൽ പൊലീസുകാരെത്തിയാണ് ആശുപത്രിയിലെത്തിച്ചത്.

ധീരജ് മുമ്പും ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നും രതീഷ് കുമാറിന്റെ ക്രിമിനൽ പശ്ചാത്തലം പരിശോധിച്ചുവരുകയാണെന്നും പൊലീസ് പറഞ്ഞു. നരഹത്യാ ശ്രമത്തിനും പൊതുമുതൽ നശിപ്പിച്ചതിനും യുവാക്കൾക്കെതിരെ വർക്കല പൊലീസ് കേസെടുത്തു.

പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥർ പാരിപ്പള്ളി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. വർക്കല പൊലീസ് ഇൻസ്പെക്ടർ എസ്. സനോജിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ ശരത്, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ഷാനവാസ്, സി.പി.ഒമാരായ ഷജീർ, ശ്രീജിത്ത്, സുജിത്ത്, സുധീർ, റാം ക്രിസ്റ്റിൻ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

പൊലീസ് കസ്റ്റഡിയിലെടുത്ത യുവാക്കൾക്ക് ഗുരുതര പരിക്ക്

വർക്കല: പാപനാശം റസ്റ്റാറന്റിലെ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത യുവാക്കൾക്ക് ഗുരുതര പരിക്ക്. ഇവർ പാരിപ്പള്ളി മെഡിക്കൽ കോളജിൽ പൊലീസ് നിരീക്ഷണത്തിൽ ചികിത്സയിലാണ്.

ധീരജിന്റെ ഒരു ചെവിയുടെ കേൾവി ശക്തി നഷ്ടപ്പെട്ടതായി ബന്ധുക്കൾ പറഞ്ഞു. ഇയാളുടെ നട്ടെല്ലിനും തോളെല്ലിനും പൊട്ടലുണ്ട്. ധീരജിന്റെ സഹോദരീ ഭർത്താവായ രതീഷിന്റെ ഇടത് കാലിനും നട്ടെല്ലിനുമാണ് പൊട്ടൽ.

ശനിയാഴ്ച രാത്രി 10.45ഓടെയാണ് ഇരുവരെയും പൊലീസ് വാഹനത്തിൽ വർക്കല താലൂക്ക് ആശുപത്രിയിലും തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചത്. കസ്റ്റഡിയിലെടുത്ത യുവാക്കൾക്ക് പൊലീസ് സ്റ്റേഷനിൽ മനുഷ്യത്വരഹിതമായ പീഡനമുറകൾ ഏൽക്കേണ്ടിവന്നെന്നും സംഭവത്തിൽ പൊലീസിന്റെ ഭാഗത്ത്‌ ഗുരുതര വീഴ്ച ഉണ്ടായെന്നുമാണ് ബന്ധുക്കൾ ആരോപിക്കുന്നത്.

ശനിയാഴ്ച രാത്രി 9.30ഓടെയാണ് സംഭവങ്ങളുടെ തുടക്കം. പാപനാശം ഹെലിപാഡിൽ പ്രവർത്തിക്കുന്ന ബുദ്ധ കഫേ റസ്റ്റാറന്‍റിലെത്തിയ യുവാക്കൾക്ക് തിരക്ക് കാരണം സീറ്റ് ലഭിച്ചിരുന്നില്ല. അവിടെ ഡി.ജെ പാർട്ടിക്ക് സമാനമായി നടന്ന ഡാൻസ് പാരിപാടിയിൽ ഇവരും ഡാൻസ് ചെയ്തതാണ് പ്രശ്നമായത്.

സീറ്റ് ലഭിക്കില്ലെന്നും പുറത്തുപോകണമെന്നും റസ്റ്റാറന്റ് ജീവനക്കാരൻ ഇവരോട് ആവശ്യപ്പെട്ടു. തുടർന്ന് വാക്കേറ്റവും കൈയാങ്കളിയും നടക്കുകയായിരുന്നു. റസ്റ്റാറന്റ് ജീവനക്കാരൻ രാജേഷിന്റെ തലക്ക് പരിക്കേറ്റു. സ്ഥലത്തെത്തിയ രണ്ട് ടൂറിസം പൊലീസുകാർ യുവാക്കളെ പിടിച്ചുമാറ്റാൻ ശ്രമിച്ചതും പിടിവലിക്കിടയാക്കി.

യുവാക്കൾ പൊലീസിനെ അസഭ്യം വിളിച്ചു. ഉന്തിലും തള്ളിലും പൊലീസുകാരനായ ജോജിൻ കൈകുത്തി നിലത്തു വീഴുകയും പൊട്ടലുണ്ടാവുകയും ചെയ്തു. വിവരമറിഞ്ഞ് സ്റ്റേഷനിൽനിന്ന് കൂടുതൽ പൊലീസെത്തി യുവാക്കളെ ജീപ്പിൽ കയറ്റിക്കൊണ്ടുപോയി.

വിവരമറിഞ്ഞ് ധീരജിന്റെ ഭാര്യയും ബന്ധുക്കളും പൊലീസ് സ്റ്റേഷനിലെത്തിയെങ്കിലും കാണാനോ സംസാരിക്കാനോ അനുവദിച്ചില്ലെന്നും യുവാക്കളെ ക്രൂരമായി മർദിച്ച ശേഷം വൈദ്യപരിശോധനക്കായി വർക്കല താലൂക്കാശുപത്രിയിലേക്ക് പൊലീസ് വാഹനത്തിലാണ് എത്തിച്ചതെന്നും ബന്ധുക്കൾ ആരോപിച്ചു.

പരിക്ക് ഗുരുതരമായതിനാൽ ഇരുവരെയും ഉടൻ പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് പൊലീസ് തന്നെ കൊണ്ടുപോകുകയായിരുന്നത്രെ. സ്റ്റേഷനിലെത്തിച്ച യുവാക്കളെ ഒരുമണിക്കൂറിനു ശേഷം വൈദ്യപരിശോധനക്കായി പുറത്തിറക്കുമ്പോൾ നിവർന്ന് നിൽക്കാനോ നടക്കാനോ കഴിയാത്തവിധം അവശരായിരുന്നുവെന്ന് ധീരജിന്റെ ഭാര്യ ഐശ്വര്യ പറഞ്ഞു.

മനുഷ്യാവകാശ കമീഷൻ, മുഖ്യമന്ത്രി, പൊലീസ് കംപ്ലയിന്റ്സ് അതോറിറ്റി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകാനൊരുങ്ങുകയാണ് യുവാക്കളുടെ കുടുംബം. അതിനിടെ, യുവാക്കളെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ശേഷം പൊലീസ് കാവലിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുമെന്നാണ് പൊലീസ് വൃത്തങ്ങളിൽനിന്ന് ലഭിക്കുന്ന വിവരം.

Tags:    
News Summary - Clash at Papanasam Restaurant-three people including policeman were injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.