വർക്കല: യുവാവിനെ വെട്ടികൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികൾ അറസ്റ്റിൽ. വെട്ടൂർ അരിവാളം ഷംനാമൻസിലിൽ ആസാദിനെ(30) പുത്തൻചന്ത റെയിൽവെ മേൽപാലത്തിന് സമീപം വച്ച് മാരകായുധങ്ങൾ ഉപയോഗിച്ച് മൃഗീയമായി വെട്ടിയും കുത്തിയും പരിക്കേൽപിച്ച കേസിലെ പ്രതികളാണ് പിടിയിലായത്. വെട്ടൂർ ആശാൻമുക്ക് വാഴവിളവീട്ടിൽ സൈജു (26), ഇയാളുടെ സഹോദരൻ മാഹീൻ (27), ചിലക്കൂർ പുന്നക്കൂട്ടംവീട്ടിൽ മിമി എന്നു വിളിക്കുന്ന ബൈജു (27) എന്നിവരാണ് അറസ്റ്റിലായത്.
മാർച്ച് 24-ാം തീയതി ആസാദ് വെട്ടൂർ ജെംനോ സ്കൂളിനു സമീപം വച്ച് അറസ്റ്റിലായ സൈജുവിനെ വാൾകൊണ്ട് വെട്ടി പരിക്കേൽപിച്ച ശേഷം ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. ആസാദിന്‍റെ പേരിൽ വർക്കല, അഞ്ചുതെങ്ങ് പൊലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളുണ്ട്. ഇപ്പോൾ അറസ്റ്റിലായ സൈജുവിന്റെ പേരിലും വർക്കല, നെടുമങ്ങാട്, അഞ്ചുതെങ്ങ്, അയിരൂർ തുടങ്ങിയ സ്റ്റേഷനുകളിൽ അടിപിടി, സ്ത്രീപീഡനം ഉൾപെടെ നിരവധി കേസുകൾ നിലവിലുളളതായി പൊലീസ് പറഞ്ഞു.
മാഹീൻ, ബൈജു എന്നിവരുടെ പേരിലും കേസുകളുണ്ട്. ആസാദും അറസ്റ്റിലായ പ്രതികളും തമ്മിൽ ഏറെക്കാലമായി കുടിപ്പകയിലും ശത്രുതയിലും കഴിഞ്ഞു വരികയായിരുന്നു. ഇരുകൂട്ടർക്കുമെതിരെ ഇതിന്‍റെ പേരിൽ നിരവധി കേസുകൾ രജിസ്റ്റർ ചെയ്ത് നടപടികൾ നടന്നു വരികയായിരുന്നു. വർക്കല ഡി.വൈ.എസ്.പി ബാബുക്കുട്ടന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് സൈബർസെല്ലിന്റെ സഹായത്തോടെ അന്വേഷണം നടക്കുന്നതിനിടയിലാണ് വെട്ടൂർ ആശാൻമുക്കിനു സമീപത്തു നിന്നും പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.