വർക്കല: എസ്.എൻ കോളജിൽ അധ്യാപകരും വിദ്യാർഥികളും തമ്മിൽ കശപിശ; സംഭവം സംഘർഷത്തിലേക്ക് നീങ്ങാതെ അവസാനിച്ചു. കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചതായി അധികൃതർ പത്രക്കുറിപ്പിൽ അറിയിച്ചു. വിദ്യാർഥി സംഘർഷത്തെതുടർന്നാണ് അടച്ചതെന്നാണ് വാർത്താക്കുറിപ്പിൽ പറയുന്നത്. വ്യാഴാഴ്ചയാണ് ഫ്രഷേഴ്സ് ഡേയുമായി ബന്ധപ്പെട്ട് കോളജ് അധികൃതരും വിദ്യാർഥികളും തമ്മിൽ തർക്കമുണ്ടായത്.
ആഘോഷം സംഘടിപ്പിക്കാൻ അനുമതി തരണമെന്ന് ആവശ്യപ്പെട്ട് ഏതാനും വിദ്യാർഥികൾ പ്രിൻസിപ്പൽ പ്രീതക്ക് വ്യാഴാഴാഴ്ച രാവിലെ അപേക്ഷ നൽകി. ഉച്ചക്ക് രണ്ടിന് കൂടുന്ന സ്റ്റാഫ് കൗൺസിൽ യോഗത്തിൽ ചർച്ചക്കുശേഷം തീരുമാനം അറിയിക്കാമെന്ന് പ്രിൻസിപ്പൽ വിദ്യാർഥികളെ അറിയിക്കുകയും ചെയ്തു. മാനേജ്മെൻറ് പ്രതിനിധികൾ ഉൾപ്പെടെ പങ്കെടുത്ത സ്റ്റാഫ് കൗൺസിൽ യോഗത്തിലേക്ക് കയറിച്ചെന്ന വിദ്യാർഥികൾ ഫ്രഷേഴ്സ് ഡേക്ക് അനുമതി നൽകണമെന്ന് ആവശ്യമുന്നയിച്ച് ബഹളമുണ്ടാക്കി.
മുദ്രാവാക്യം വിളിയുമായാണ് വിദ്യാർഥികൾ യോഗം നടന്ന ഹാളിലേക്ക് കടന്നത്. വിഷയം ചർച്ച ചെയ്യാനിരിക്കുന്നതേയുള്ളെന്ന് പ്രിൻസിപ്പൽ പറഞ്ഞതോടെ വിദ്യാർഥികൾ ബഹളംവെക്കുകയായിരുന്നു. ഇതിനിടെ അധ്യാപകരും വിദ്യാർഥികളും തമ്മിൽ ഉന്തും തള്ളും ഉണ്ടാകുന്ന ഘട്ടവുമായി.
ബഹളംെവച്ച വിദ്യാർഥികളുടെ രക്ഷാകർത്താക്കളെ വിവരമറിയിക്കുമെന്ന് പ്രിൻസിപ്പൽ പറഞ്ഞതോടെ രക്ഷാകർത്താക്കളെ പ്രിൻസിപ്പൽ ആക്ഷേപിച്ചെന്നായി വിദ്യാർഥികൾ. പൊലീസ് സ്ഥലത്തെത്തി പ്രിൻസിപ്പലിനോടും വിദ്യാർഥികളോടും സംസാരിച്ചതിനെതുടർന്ന് വിദ്യാർഥികൾ പിരിഞ്ഞുപോയി. കഴിഞ്ഞവർഷം കോളജിൽ ഡി.ജെ പാർട്ടി നടന്നതുമായി ബന്ധപ്പെട്ട് ആക്ഷേപങ്ങളും പരാതികളും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.