വർക്കല: മഴയിൽ ഇടവ-നടയറ കായൽ നിറഞ്ഞതിനെ തുടർന്ന് കാപ്പിൽ പൊഴി മുറിച്ചു. തിങ്കളാഴ്ച രാവിലെ പതിനൊന്നോടെ ആരംഭിച്ച പൊഴി മുറിക്കൽ വൈകീട്ട് മൂന്നരയോടെയാണ് പൂർത്തീകരിച്ചത്. കനത്ത മഴയിൽ മേഖലയിലെ ഏലാകളും തോടുകളും നിറഞ്ഞിരുന്നു.
ഇലകമൺ പഞ്ചായത്തിലെ അയിരൂർ ഏല, ഇടവ പഞ്ചായത്തിലെ കാക്കുളം, പൂത്തകുളം, കന്നിന്മേൽ, കാപ്പിൽ ഏലാകളും വെള്ളത്തിലായി. ടി.എസ് കനാലിലും ഇടവ നടയറ കായലിലും ജലനിരപ്പ് ക്രമാതീതമായി ഉയർന്നിരുന്നു. ഞായറാഴ്ച രാത്രിയിലെ പേമാരി കൂടിയായപ്പോൾ നാശനഷ്ടങ്ങൾ ഒഴിവാക്കുന്നിനുള്ള മുൻകരുതലായാണ് ഇടവ ഗ്രാമപഞ്ചായത്ത് അധികൃതർ പൊഴിമുറിക്കാൻ തീരുമാനിച്ചത്.
മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണിക്കൂറുകൾ പരിശ്രമിച്ചാണ് പൊഴി മുറിച്ച് കായലിലെ അധികജലം കടലിലേക്ക് ഒഴുക്കിവിടാനുള്ള ശ്രമം തുടങ്ങിയത്. തിങ്കളാഴ്ചയും മേഖലയിൽ മഴ തകർത്തു പെയ്തു.
പൊഴി മുറിച്ചുവിട്ടെങ്കിലും കടൽ പ്രക്ഷുബ്ധമാണ്. ഇടതടവില്ലാതെ കൂറ്റൻ തിരമാലകളാണ് കരയിലേക്കും കായലിലേക്കും അടിച്ചുകയറുന്നത്. തന്മൂലം കായലിലെ അധികജലം കടലിലേക്ക് ഒഴുകിപ്പോകുന്നതിനും തടസ്സം നേരിടുന്നുണ്ട്.
പൊഴി മുറിച്ചെങ്കിലും കായലിലെ ജലനിരപ്പ് സാധാരണ ഗതിയിലാകാൻ ദിവസങ്ങളെടുക്കും. വരും ദിവസങ്ങളിലും മഴ കനക്കുന്ന പക്ഷം പിന്നെയും കാലതാമസം നേരിട്ടേക്കും.
മഴക്കൊപ്പം കനത്ത കാറ്റും വീശിയടിക്കുന്നതിനാൽ ഇടവ, കാപ്പിൽ, ഓടയം, വെട്ടൂർ, അരിവാളം, റാത്തിക്കീ മേഖലയിലെ കടലും പ്രക്ഷുബ്ധമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.