വര്‍ക്കല: കുണ്ടും കുഴിയും നിറഞ്ഞ് വെള്ളക്കെട്ടായി ഗുഡ്സ് ഷെഡ് റോഡ്. നഗരത്തിലെ പ്രധാന ഇടറോഡായ റെയില്‍വേ സ്റ്റേഷന് പുറകുവശത്തെ ഗുഡ്സ് ഷെഡ് റോഡാണ് വര്‍ഷങ്ങളായി തകര്‍ന്നു കിടക്കുന്നത്. റോഡിന്റെ പലഭാഗങ്ങളിലും കുഴികൾ നിറഞ്ഞ് കാൽനടയാത്ര പോലും ദുസ്സഹമാണ്. ഓട്ടോ ഡ്രൈവർമാർ ഇതുവഴി സവാരി പോകാനും വിസമ്മതിക്കുകയാണ്. വീതികുറഞ്ഞ റോഡില്‍ മഴ പെയ്തതോടെ പൂർണമായും വെള്ളക്കെട്ടായി.
വര്‍ക്കല മൈതാനത്തെ അടച്ചുപൂട്ടിയ ലെവല്‍ക്രോസ് മുതല്‍ റെയില്‍വേ സ്റ്റേഷന് സമീപത്തെ ലെവല്‍ക്രോസ് വരെയാണ് റെയില്‍വേ ലൈനിന് സമാന്തരമായി ഒരു കിലോമീറ്റര്‍ നീളമുള്ള റോഡുള്ളത്. ലെവല്‍ക്രോസുകളിൽ യാത്ര ദുരിതമുണ്ടാകുമ്പോള്‍ ഏവരും ആശ്രയിക്കുന്ന റോഡാണിത്.
പ്രധാന റോഡില്‍ നിന്നും റെയില്‍വേ സ്റ്റേഷന് സമീപത്തെയും പുന്നമൂട്ടിലെയും ലെവല്‍ക്രോസുകള്‍ ഒഴിവാക്കി പാരിപ്പള്ളി, ഊന്നിന്മൂട് ഭാഗങ്ങളിലേക്ക് എളുപ്പത്തില്‍ കടന്നു പോകാന്‍ ഇതുവഴി കഴിയും. വര്‍ക്കല ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും ഗുഡ്സ് ഷെഡ് റോഡ് വഹിക്കുന്ന പങ്ക് ചെറുതല്ല. റെയില്‍വേ സ്റ്റേഷന് കിഴക്ക് ഭാഗത്ത് താമസിക്കുന്നവര്‍ക്ക് പ്രധാന റോഡിലേക്ക് കടക്കാനുള്ള ഏക റോഡ് ഇതുമാത്രമാണ്.
റോഡ്തകര്ന്ന് തുടങ്ങിയിട്ട് വര്‍ഷങ്ങളായി. റോഡ് തുടങ്ങുന്ന മൈതാനം ഗേറ്റിന്റെ ഭാഗത്തും തകർന്നു. പഴയ വി.ആര്. കോളജിന് സമീപം വെള്ളക്കെട്ട് ചെളിക്കുണ്ടായ നീലയിലാണ്. കഷ്ടിച്ച് ചെറിയ കാറിന് കടന്നുപോകാന്‍ മാത്രം ഇടമുള്ള ഈ ഭാഗത്ത് ഗതാഗതക്കുരുക്കും ഉണ്ടാകുന്നുണ്ട്.
താഴ്ന്ന ഭാഗമായതിനാൽ റോഡിൽ വീട്ടുമുറ്റങ്ങളിൽ നിന്നും ഒഴുകിവരുന്ന മഴവെള്ളവും കെട്ടിനിൽക്കുന്നതിനാൽ ഏറ്റവുമധികം തകര്‍ച്ച നേരിടുന്നതും ഇവിടമാണ്. ഇരുചക്ര വാഹനയാത്രക്കാര്‍ ഇവിടെ പതിവായി തെന്നിവീണ് അപകടത്തില്‍പ്പെടുന്നുണ്ട്. 10 വർഷങ്ങൾക്ക് മുൻപ് റോഡില്‍ പാകിയ തറയോട് പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്.
ഫെബ്രുവരിയില്‍ റെയില്‍വേയുടെ സിഗ്നല്‍ കേബിള്‍ സ്ഥാപിക്കുന്ന ജോലിക്കിടെ റോഡില്‍ നിരവധി തവണ പൈപ്പ് പൊട്ടിയിരുന്നു. ചോര്‍ച്ച പരിഹരിക്കാന്‍ റോഡിന്റെ പാര്‍ശ്വഭാഗങ്ങള്‍ വെട്ടിപ്പൊളിച്ചതും മഴക്കാലത്ത് തകർച്ചക്ക് ആക്കം കൂട്ടി. റെയില്‍വേയുടെ അധീനതയിലുള്ള സ്ഥലത്താണ് റോഡ് സ്ഥിതിചെയ്യുന്നത്. റോഡ് 2016 ലാണ് അവസാനമായി റീടാറിങ് ചെയ്തത്. റോഡ് നവീകരിക്കാന്‍ റെയില്‍വേയുടെ അനുമതിയും ആവശ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.