വർക്കല: വീട് കുത്തിത്തുറന്ന് സ്വർണാഭരണങ്ങൾ കവർന്നതായി പരാതി. വർക്കല കുരയ്ക്കണ്ണി തനൂജ മൻസിലിൽ ഉമർ ഫാറൂഖിന്റെ വീട്ടിലാണ് കവർച്ച നടന്നത്. ഞായറാഴ്ച രാത്രി ഒമ്പതരക്കും പുലർച്ച ഒന്നരക്കുമിടയിലാണ് മോഷണം നടന്നതെന്ന് കരുതുന്നത്. ഏകദേശം 20 പവനോളം നഷ്ടപ്പെട്ടതായി ഗൃഹനാഥനായ ഉമർ ഫാറൂഖ് വർക്കല പൊലീസിൽ പരാതി നൽകി.
ഞായറാഴ്ച രാത്രി ഉമർ ഫാറൂഖിന്റെ ഭാര്യ സഹോദരി മരിച്ചു. തുടർന്ന് കുടുംബത്തിലെ എല്ലാവരും മരണവീട്ടിലേക്ക് പോയ സമയത്താണ് മോഷണം നടന്നത്. പുലർച്ച ഒന്നരയോടെ ഇവർ മടങ്ങിയെത്തി. വീടിന്റെ വാതിൽ തുറക്കാൻ നോക്കിയപ്പോഴാണ് അകത്തുനിന്നും പൂട്ടിയതായി മനസ്സിലായത്. തുടർന്ന് വീട്ടുകാർ പിറകുവശത്തെത്തിയപ്പോൾ പിറകിലെ വാതിൽ തുറന്നു കിടക്കുന്നതായി കണ്ടു.
കിടപ്പുമുറിയിലെ അലമാര കുത്തിപ്പൊളിച്ച് അതിൽ സൂക്ഷിച്ചിരുന്ന വള, മാല, കമ്മൽ എന്നിവയുൾപ്പെടെ 20 പവനോളം മോഷണം പോയതായാണ് പരാതിയിൽ പറയുന്നത്. മകന്റെ വീട് നിർമാണത്തിനായി സൂക്ഷിച്ച മൂന്നു ലക്ഷം രൂപ തറയിൽ ചിതറിക്കിടക്കുന്ന നിലയിലും കണ്ടെത്തി. കവർച്ചക്കു ശേഷം മോഷ്ടാവ് ധിറുതിയിൽ രക്ഷപ്പെടാൻ ശ്രമിച്ചപ്പോഴാകും പണം തറയിൽ വീണതെന്നാണ് പൊലീസ് നിഗമനം.
ഫോറൻസിക് സംഘവും പൊലീസ് ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാള വിദഗ്ധരെത്തി സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. മോഷ്ടാവിനായി വർക്കല പൊലീസ് അന്വേഷണം ഊർജിതമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.