വർക്കല: പ്രണയാഭ്യർഥന നിരസിച്ച പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വീട്ടിൽ അതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ. നടയറ സ്വദേശിയായ നൗഫൽ (19) ആണ് അറസ്റ്റിലായത്. വെള്ളിയാഴ്ച പുലർച്ചെ ഒന്നരയോടെയാണ് യുവാവ് ചെമ്മരുതി സ്വദേശിയായ പെൺകുട്ടിയുടെ വീട്ടുകാരെ ഭീഷണിപ്പെടുത്തുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തത്. പെൺകുട്ടിയെ തനിക്കൊപ്പം ഇറക്കിവിടണമെന്നാവശ്യപ്പെട്ട യുവാവ് വീടിെൻറ ജനൽ ഗ്ലാസുകൾ അടിച്ചുപൊട്ടിക്കുകയും ചെയ്തു. തുടർന്ന് കൈയിൽ കരുതിയ പെട്രോൾ കുപ്പി കാണിച്ച് വീട്ടുകാരെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
പ്രണയാഭ്യർഥന നടത്തി നൗഫൽ നിരന്തരം ശല്യപ്പെടുത്തിയിരുന്നത് പെൺകുട്ടി വീട്ടുകാരെ അറിയിക്കുകയും ചെയ്തിരുന്നു. തുടർന്ന് വീട്ടുകാർ നൗഫലിനെ പറഞ്ഞ് വിലക്കുകയും ചെയ്തിരുന്നു. ഓൺലൈൻ പഠന ഗ്രൂപ്പിൽ നിന്നും സുഹൃത്ത് വഴി പെൺകുട്ടിയുടെ മൊബൈൽ നമ്പർ കരസ്ഥമാക്കുകയും ഫോൺ ചെയ്തും മെസേജുകൾ അയച്ചും ശല്യംചെയ്യുന്നത് തുടർന്നപ്പോൾ പെൺകുട്ടി നൗഫലിനെ ബ്ലോക്ക് ചെയ്യുകയായിരുന്നു.
ഇതേതുടർന്നാണ് പെൺകുട്ടിയുടെ വീട്ടിൽ പാതിരാത്രിക്കെത്തിയ ഇയാൾ അക്രമാസക്തനായത്. ബഹളംകേട്ട് സമീപവാസികൾ പൊലീസിൽ വിവരം അറിയിച്ചു.
ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യുമെന്ന് ഇയാൾ ഭീഷണി മുഴക്കിയെങ്കിലും പൊലീസ് തന്ത്രപരമായി കീഴ്പ്പെടുത്തുകയായിരുന്നെന്ന് അയിരൂർ പൊലീസ് ഇൻസ്പെക്ടർ ഗോപകുമാർ അറിയിച്ചു. ഓൺലൈനായി കോടതി നടപടികൾ പൂർത്തിയാക്കി പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.