വെള്ളറട (തിരുവനന്തപുരം): നവംബറിലെ നൊമ്പരങ്ങളുടെ പട്ടികയില്‍ 40 ജീവനുകളെടുത്ത അമ്പൂരി ദുരന്തത്തിന് ചൊവ്വാഴ്ച 20 വർഷം പൂർത്തിയാകുന്നു. 2001 നവംബര്‍ ഒമ്പതിലെ കറുത്ത വെള്ളിയാഴ്ച ദിവസമാണ് കുടിയേറ്റ ഗ്രാമമായ അമ്പൂരി കുമ്പിച്ചലിന് സമീപം ഉരുൾപൊട്ടലിലുണ്ടായത്. കണ്ണടച്ച് തുറക്കുന്നതിനുമുമ്പ് പ്രിയപ്പെട്ടവരെയെല്ലാം കുത്തിയൊലിച്ചു വന്ന മലവെള്ളം കൊണ്ടുപോയപ്പോൾ സി.ഡി. തോമസ് എന്ന ഗൃഹനാഥൻ മാത്രം രക്ഷപ്പെട്ടു.
ഇരുപതാണ്ടുകളുടെ ദൈര്‍ഘ്യം പോലുമില്ലാതെ ദുരന്തത്തിെൻറ നടുക്കുന്ന ഓര്‍മയില്‍ കഴിയുകയാണ് ദുരന്തം അവശേഷിപ്പിച്ച സി.ഡി. തോമസ് എന്ന എണ്‍പതിനോടടുത്ത വയോധികന്. 1930-40ല്‍ മലയോരദേശത്ത് നിരവധി ജീവനുകളെടുത്ത മലമ്പനിയെന്ന മഹാദുരന്തത്തിനുശേഷം അമ്പൂരിയില്‍ നൊമ്പരം നല്കിയ പ്രകൃതി ദുരന്തമാണിത്. തോമസ് ഇന്നുമതിെൻറ ആഘാതവും ഓര്‍മകളും പേറി ജീവിക്കുന്നു.
2001 നവംബര്‍ 10ന് തോമസിെൻറ മകന് ബിനുവിെൻറ മനസമ്മതം നിശ്ചയിച്ചിരുന്നു. അതിനായി എടത്വ, എരുമേലി, പാല, ആലപ്പുഴ തുടങ്ങിയ സ്ഥലങ്ങളില്‍നിന്നുള്ള ബന്ധുക്കള്‍ ഒത്തുകൂടി. ഇവരുള്‍പ്പെടെ ഇൗ വീട്ടിലെ 25 പേർ മരിച്ചു. ഭാര്യയും മക്കളും പേരക്കിടാങ്ങളുമെല്ലാം നഷ്ടപ്പെട്ട തോമസ് മൂന്നു ദിവസത്തോളം ആശുപത്രിയില്‍ അത്യാസന്നനിലയിലായിരുന്നു. ജീവിതത്തിലേക്ക് മടങ്ങിവന്ന തോമസിനെ വരവേറ്റത് കല്ലിന്മേല് കല്ല് ശേഷിക്കാതെ മണ്‍കൂന മാത്രമായ വീടും പ്രിയപ്പെട്ടവരുടെ ഓര്‍മകളും മാത്രം.
സമീപത്തെ അശോകന്, ടൈറ്റസ്, ത്രസീന എന്നിവരുടെ വീടുകളും തകര്‍ന്നു. ആ വീടുകളിലുണ്ടായിരുന്നവര്‍ ഉള്‍പ്പെടെ 39 പേരാണ് മരിച്ചത്. ഒരാളുടെ മൃതദേഹം ഇനിയും ലഭിച്ചില്ല. പരിസ്ഥിതി ദുര്‍ബലപ്രദേശമായ ഇവിടത്തെ ഖനനപ്രവര്‍ത്തനങ്ങളും മറ്റൊരു കാരണമായി. കാണിക്കാര്‍ക്ക് മാര്‍ത്താണ്ഡവര്‍മ പതിച്ചുനല്‍കിയ 'കാണിപ്പറ്റുഭൂമി'യെ പാല, പത്തനംതിട്ട, കോട്ടയം എന്നിവിടങ്ങളില്‍നിന്ന് കുടിയേറിയവരെത്തി മണ്ണില്‍ പൊന്നുവിളയിച്ചു.
കോരിച്ചൊരിഞ്ഞ പേമാരിയുടെ ഒടുവില്‍ രാത്രി 8.45നാണ് കേരളത്തെ നടുക്കിയ ദുരന്തമുണ്ടായത്. മലഞ്ചരിവിലെ നീരുറവ അടച്ച് വീട് പണിതതാണ് ദുരന്തത്തിന് വഴിെവച്ചത്. ദുരന്തമേഖലയിലേക്ക് പുറത്തുനിന്നെത്തിയ ദുരിതാശ്വാസപ്രവര്‍ത്തകര്‍ക്ക് ഏറെപ്പണിപ്പെടേണ്ടി വന്നു. എത്രപേരാണ് മണ്ണില്‍ പൂണ്ടുപോയതെന്ന് തിരിച്ചറിയാനാകാതെ അവർ കുഴങ്ങിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.