വെള്ളറട: പെരിങ്കടവിള ഗ്രാമപഞ്ചായത്തിലെ മിക്ക റോഡുകളും തകര്‍ന്നതോടെ യാത്ര ദുഷ്കരമായി. തുടര്‍ച്ചയായി പെയ്യുന്ന ശക്തമായ മഴയിൽ മിക്ക റോഡുകളിലും വെള്ളക്കെട്ടായി. വാഹനങ്ങൾ കുഴിയില്‍വീണ് അപകടത്തിലാകുന്നതും വർധിക്കുന്നു. ജലജീവന്‍ പദ്ധതിക്കായി റോഡ് മുറിച്ചിടുന്നതിനാലാണ് വലിയ കുഴികള്‍ രൂപപ്പെടുന്നത്. നിർമാണത്തിന്റെ ഭാഗമായി കുത്തിപ്പൊളിച്ച റോഡ് വര്‍ഷങ്ങളായി ടാര്‍ ചെയ്തിട്ടില്ല.
ആലത്തൂർ റോഡ് തകര്‍ന്നതോടെ ഇതുവഴിയുള്ള ബസ് സർവീസ് നിര്‍ത്തലാക്കി. ഉദയന്പാറ-പാട്ടവള റോഡ്, മാരായമുട്ടം-മാലകുളങ്ങര സെഹിയോന്‍ നഗര്‍ റോഡ്, ചുള്ളിയൂര്‍ കരിക്കത്തുകുളം റോഡ്, അയിരൂര്‍ പുളിമാങ്ങോട് റോഡ്, മാരായമുട്ടം ഗവ. എച്ച്.എസ്.എസിലെ കുട്ടികള്‍ പ്രധാനമായും ആശ്രയിക്കുന്ന മണലുവിള ഹൈസ്കൂള്‍ റോഡ്, അരുവിപ്പുറം ഒടുക്കത്ത് മാരായമുട്ടം റോഡ്, മാരായമുട്ടം ചിറ്റാറ്റിന്‍കര റോഡ് എന്നിവ തകര്‍ന്ന് കിടക്കുകയാണ്.
നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥിതിചെയ്യുന്ന മാരായമുട്ടത്തെ മിക്ക റോഡുകളും തകര്‍ന്നു ചളി കൂമ്പാരമായി. പഞ്ചായത്ത് ഭരണസമിതിയും സംസ്ഥാന സര്‍ക്കാരും റോഡിന്റെ അറ്റകുറ്റപ്പണി കാലാകാലങ്ങളില്‍ ചെയ്യാത്തതാണ് തകർച്ചയുടെ പ്രധാന കാരണം. പെരുങ്കടവിള പഴമല, പഴമല തെളുക്കുഴി, പഴമല തോട്ടവാരം, ആലത്തൂര്‍ വാഴാലി, കോട്ടയ്ക്കല്‍ പുതുവല്പൊറ്റ, കോട്ടയ്ക്കല്‍ തൃപ്പലവൂര്‍ തുടങ്ങി പഞ്ചായത്തിലെ ജനങ്ങള്‍ ആശ്രയിക്കുന്ന എല്ലാ റോഡുകളും തകര്‍ന്നു കിടക്കുകയാണ്.
റോഡുകള്‍ പുനരുദ്ധരിക്കുന്നതിന് ഫണ്ട് അനുവദിക്കാന്‍ കഴിയില്ല എന്ന നിലപാടിലാണ് പഞ്ചായത്ത് ഭരണസമിതി. റോഡുകളുടെ ദുരവസ്ഥ പരിഹരിച്ചില്ലെങ്കിൽ സമര പരിപാടികള്‍ തുടങ്ങുമെന്ന് കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എം.എസ്. അനിലും കോണ്‍ഗ്രസ് മാരായമുട്ടം മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ബിനില്‍ മണലുവിളയും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.