വെള്ളറട: മലയോര, ഗ്രാമീണമേഖലയില്‍ ശക്തമായി തുടരുന്ന മഴയിൽ വ്യാപക നാശനഷ്ടം. പ്രദേശത്തെ തോടുകളിൽ വെള്ളം ഉയര്‍ന്നു. പന്ത സി.എസ്.ഐ പള്ളിയുടെ മുന്‍വശത്തെ മതില് ഇടിഞ്ഞുവീണു. പാടശേഖരങ്ങളിലും കൃഷിയിടങ്ങളിലും വെള്ളം കയറിയത് കൃഷി നശിച്ചു.
വിതുര: മലയോര മേഖലയിൽ രണ്ടു ദിവസമായി പെയ്യുന്ന കനത്ത മഴയിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. പലയിടത്തും വ്യാപക കൃഷിനാശവും സംഭവിച്ചു. ശനി, ഞായർ ദിവസങ്ങളിൽ പെയ്ത മഴയിൽ വിതുര, തൊളിക്കോട്, പെരിങ്ങമ്മല പഞ്ചായത്തുകളിലെ നിരവധി താഴ്ന്ന സ്ഥലങ്ങൾ വെള്ളത്തിനടിയിലായി.
വാമനപുരം, കരമനയാറുകളിൽ ജലനിരപ്പുയർന്നത് തീരത്തെ താമസക്കാരെ ആശങ്കയിലാക്കി. പലയിടത്തും മണ്ണിടിച്ചിലുണ്ടായി. പൊന്മുടി, മങ്കയം, ഇടിഞ്ഞാർ എക്കോ ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള സഞ്ചാരികളുടെ പ്രവേശനം നിർത്തിവെച്ചു.
വിതുര-തെന്നൂർ റോഡിലെ പൊന്നാംചുണ്ട് പാലം, ചെറ്റച്ചൽ സൂര്യകാന്തിപ്പാലം, പൊന്മുടിപ്പാതയിലെ ചിറ്റാർ പാലം എന്നിവിടങ്ങളിൽ വെള്ളം കയറി. മലയോര റോഡുകളിൽ പലയിടത്തും മണ്ണിടിച്ചിലുണ്ടായത് യാത്രക്ക് തടസ്സമായി. കല്ലാർ കരകവിഞ്ഞൊഴുകിയത് തീരത്തുള്ളവർക്ക് ആശങ്കയായി. തീരത്തെ കൃഷിയിടങ്ങളിൽ വെള്ളം കെട്ടിനിൽക്കുന്നത് കാർഷിക വിളകളുടെ നാശത്തിനിടയാക്കി.
കാട്ടാക്കട: മഴയില്‍ പന്നിയോട് കാട്ടുകണ്ടം സ്വദേശി അശോകന്റെ വീടിന്റെ ഭാഗം ഇടിഞ്ഞു. വീട് അപകടാവസ്ഥയിലായി. മണ്ണിടിഞ്ഞു വീണ് അയൽവാസി പി. രാജുവിന്റെ വീടും അപകട ഭീഷണിയിലായി. കുളിമുറിയും ശൗചാലയവും തകര്‍ന്നു. ശനിയാഴ്ച രാത്രി 11 ഓടെയാണ് അയല്‍വാസിയുടെ വീടിന്റെ ഭാഗം തകർന്നതെന്ന് രാജുവിന്റെ വീട്ടുകാര്‍ പറഞ്ഞു.
സംഭവസമയം അശോകനും ഭാര്യയും മക്കളും ബന്ധുവിന്റെ വീട്ടിലായിരുന്നതിനാൽ ആളപായം ഒഴിവായി. നെയ്യാർ ഡാം അസിസ്റ്റൻറ് സ്റ്റേഷൻ ഓഫിസർ രാധാകൃഷ്ണൻ, ഫയർ ഓഫിസർമാരായ ശശികുമാർ, സുരേഷ്കുമാർ, ഗോഡ് വിൻ, ഗോപകുമാർ, രാജൻ തുടങ്ങിയവർ രക്ഷാപ്രവർത്തനം നടത്തി.
പാലോട്: മലയോര ഹൈവേയുടെ അശാസ്ത്രീയ നിർമാണം കാരണം മണ്ണിടിച്ചിലുണ്ടായി കുടുംബം ദുരിതത്തിൽ. പെരിങ്ങമ്മല പഞ്ചായത്തിലെ നരിക്കല്ലിൽ സോമരാജനും കുടുംബവുമാണ് മണ്ണും വെള്ളവും വീട്ടിലേക്ക് ഒലിച്ചിറങ്ങിയതിലൂടെ കഷ്ടപ്പെടുന്നത്. വീടിനകത്ത് വെള്ളവും ചളിയും കയറി. കിണറും മണ്ണുമൂടി.
സോമനും ഭാര്യയും മകളും ഒന്നര വയസ്സായ കുഞ്ഞുമാണ് വീട്ടിലുള്ളത്. ശനിയാഴ്ച ഉച്ച മുതൽ മണ്ണിടിഞ്ഞുവീണ് തുടങ്ങി. 30 അടി ഉയരത്തിൽ നിന്നാണ് മണ്ണിടിഞ്ഞുവീഴുന്നത്. താമസം സാധ്യമല്ലാതായതോടെ വീട്ടുകാരെ പഞ്ചായത്തംഗം സുലൈമാൻ സ്വന്തം കെട്ടിടത്തിലേക്ക് മാറ്റിപ്പാർപ്പിച്ചു.
മലയോര ഹൈവേയുടെ നിർമാണത്തിനിടെ ഈ ഭാഗത്തെ കല്ല് കെട്ട് ഒഴിവാക്കിയതാണ് മണ്ണിടിച്ചിലിന് കാരണം. നേരത്തേ ഇവിടെ മണ്ണിടിച്ചിലുണ്ടായപ്പോൾ ആ ഭാഗം സംരക്ഷണ ഭിത്തി നിർമിക്കാമെന്ന് കരാറുകാരനും പൊതുമരാമത്ത് വകുപ്പും ഉറപ്പുനൽകിയെങ്കിലും വാക്കുപാലിച്ചില്ല. നെടുമങ്ങാട് തഹസിൽദാർ അനിൽകുമാർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.