വിഴിഞ്ഞം ഉറൂസിന് ബുധനാഴ്ച തുടക്കം

വിഴിഞ്ഞം: തെക്കൻ കേരളത്തിലെ പ്രമുഖ തീർഥാടന കേന്ദ്രമായ വിഴിഞ്ഞം മുഹിയിദ്ദീൻ പള്ളി ഉറൂസ് ബുധനാഴ്ച മുതൽ നവംബർ ആറ് വരെ നടക്കുമെന്ന് വിഴിഞ്ഞം തെക്കും ഭാഗം മുസ്ലിം ജമാഅത്ത് പ്രസിഡന്റ് ഡോ.എച്ച്.എ. റഹ്മാൻ, സെക്രട്ടറി യു. സുധീർ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.

ഉറൂസ് ദിവസങ്ങളിൽ പള്ളിയും പരിസരവും ഓരോ ദിവസവും അണുനശീകരണം, കൊതുക് നശീകരണം, ശുചീകരണം, രണ്ട് കേന്ദ്രങ്ങളിൽ ശുദ്ധജല സംവിധാനം, ഇ-ടോയ്ലറ്റ് എന്നിവ സജ്ജമാക്കാൻ തീരുമാനമായതായി തെക്കും ഭാഗം മുസ്ലിം ജമാഅത്ത് കമ്മിറ്റി അറിയിച്ചു.

ഒക്ടോബർ 26ന് വൈകീട്ട് നാലിന് കൊടിയേറ്റിന് മുന്നോടിയായുള്ള ഭക്തിസാന്ദ്രമായ ഘോഷയാത്രയുണ്ടാകും. ഘോഷയാത്ര മുഹ്യിദ്ദീൻ പള്ളി അങ്കണത്തിൽ എത്തിച്ചേരുന്നതോടെ 6.30ന് ജമാഅത്ത് പ്രസിഡന്റ് ഡോ.എച്ച്.എ. റഹ്മാൻ കൊടി ഉയർത്തും. സമൂഹ പ്രാർഥനക്ക് കെ.പി. അബൂബക്കർ ഹസ്റത് നേതൃത്വം നൽകും.

രാത്രി 9.30ന് കണ്ണൂർ കല്ലായി ജുംആ മസ്ജിദ് ചീഫ് ഇമാം മൗലവി യഹ്യാ ബാഖവി മതപ്രഭാഷണം നടത്തും. രാത്രി 12.30ന് ഇശൽ മീഡിയ മലപ്പുറം അവതരിപ്പിക്കുന്ന മദീന നിലാവ്. എല്ലാ ദിവസവും രാത്രി മൗലിദ് പാരായണവും മുനാജാത്തും ഉണ്ടാകും.

നവംബർ ആറിന് പുലർച്ച 3.30ന് പട്ടണപ്രദക്ഷിണം. തുടർന്ന് സുബ്ഹ് നമസ്കാരാനന്തരം മൗലവി അബ്ദുൽ സത്താർ മൗലവിയുടെ നേതൃത്വത്തിൽ നടക്കുന്ന മൗലിദ് പാരായണത്തിനും ദുആക്കും ശേഷം അന്നദാനത്തോട് കൂടി ഉറൂസ് സമാപിക്കും.

ഉറൂസിനോടനുബന്ധിച്ച് ഒക്ടോബർ 26, നവംബർ നാല്, അഞ്ച് തീയതികളിൽ ജില്ലയിലെ വിവിധ കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽനിന്നും മുഹ്യിദ്ദീൻ പള്ളിയിലേക്ക് ആവശ്യാനുസരണം സർവിസുകൾ ഉണ്ടായിരിക്കുമെന്ന് തെക്കും ഭാഗം മുസ്ലിം ജമാഅത്ത് പ്രസിഡന്റ് ഡോ.എച്ച്.എ. റഹ്മാൻ, സെക്രട്ടറി യു. സുധീർ, ഷാർ എൻ.എം. സാദിഖ്, വൈസ് പ്രസിഡന്റുമാർ മാഹീൻ കെ.എം. അലി, എസ്. ഇബ്രാഹിം, ജോയന്റ് സെക്രട്ടറിമാർ കബീർ സിദ്ദീഖ് എ. ജോയന്റ് ട്രഷറർ നിസാമുദ്ദീൻ എ, എക്സിക്യുട്ടിവ് മെംബേഴ്സ് സിദ്ദീഖ് എ, അൽ അമീൻ എ എന്നിവർ അറിയിച്ചു.

Tags:    
News Summary - Vizhinjam Urus starts on Wednesday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.