തിരുവനന്തപുരം: അരുവിക്കര മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിലെ വീഴ്ചയിൽ സി.പി.എം തിരുവനന്തപുരം ജില്ല സെക്രേട്ടറിയറ്റംഗം വി.കെ. മധുവിനെ ജില്ല കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. ജില്ല പഞ്ചായത്ത് മുൻ പ്രസിഡൻറും ലൈബ്രറി കൗൺസിൽ സംസ്ഥാന സെക്രട്ടറിയുമായ മധു പാർലമെൻററി വ്യാമോഹത്തിന് അടിപ്പെട്ടെന്ന് കണ്ടെത്തിയ ജില്ല സെക്രേട്ടറിയറ്റിെൻറ അച്ചടക്ക നടപടി ജില്ല കമ്മിറ്റി അംഗീകരിച്ചു.
മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രെൻറ വിശ്വസ്തനായ മധുവിനെ ജില്ല കമ്മിറ്റിയിൽ മൂന്നു േപരേ പിന്തുണച്ചുള്ളൂ. ജില്ല െസക്രേട്ടറിയറ്റിൽ കടകംപള്ളി ശിക്ഷ ലഘൂകരിക്കാൻ വാദിച്ചെങ്കിലും സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ. വിജയരാഘവൻ പാർട്ടി രേഖ വായിച്ച് അതിനെ പ്രതിരോധിച്ചു. താക്കീത് മതിയെന്നായിരുന്നു കടകംപള്ളിയുടെ നിർദേശം. പാർലമെൻററി വ്യാമോഹം പാർട്ടി അംഗങ്ങളെ ബാധിക്കുന്നതും അതിൽ നടപടി സ്വീകരിക്കേണ്ടതും സംബന്ധിച്ച രേഖ വായിച്ച് വിജയരാഘവൻ ഇതിനെ എതിർത്തു. സെക്രേട്ടറിയറ്റിലെ ആറ് സംസ്ഥാന കമ്മിറ്റി അംഗങ്ങളിൽ അഞ്ചുപേരും നടപടിയെ അനുകൂലിച്ചു.
ജില്ല പഞ്ചായത്ത് പ്രസിഡൻറ് എന്ന നിലയിൽ പാർട്ടി ഘടകങ്ങളറിയാതെ 32 കോടി രൂപ അരുവിക്കര മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ വികസന പ്രവർത്തനത്തിന് അനുവദിച്ചു, സ്വയം സ്ഥാനാർഥിത്വം പ്രഖ്യാപിച്ചു, ബൂത്ത് കമ്മിറ്റി വിളിച്ച് പ്രചാരണത്തിന് ആളെ ചുമതലപ്പെടുത്തി, വികസന പ്രവർത്തനത്തിെൻറ വിഡിയോ പ്രചാരണം, തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ ആദ്യ 10 ദിവസം വിട്ടുനിന്നു എന്നീ കാരണങ്ങൾ നിരത്തിയാണ് മൂന്നംഗ കമീഷൻ നടപടി ശിപാർശ ചെയ്തത്. കാരണം കാണിക്കൽ നോട്ടീസിന് മധു നൽകിയ മറുപടി സെക്രേട്ടറിയറ്റ് തള്ളി. ചില കാര്യങ്ങളിൽ തെറ്റുപറ്റിയെന്ന് സമ്മതിച്ച മധു റിപ്പോർട്ടിലെ മുഴുവൻ കാര്യങ്ങളും ശരിയല്ലെന്ന് വിശദീകരിച്ചു. തരംതാഴ്ത്താനുള്ള നിർദേശം ജില്ല കമ്മിറ്റിയിൽ സെക്രട്ടറി ആനാവൂർ നാഗപ്പൻ അവതരിപ്പിച്ചപ്പോൾ പട്ടം വാമദേവൻ നായർ, എസ്.എസ്. രാജലാൽ, ഡബ്ല്യു.ആർ. ഹീബ എന്നിവർ നടപടി ലഘൂകരിക്കണമെന്ന് പറഞ്ഞു. എന്നാൽ, തരംതാഴ്ത്തൽ മാതൃകാ നടപടിയല്ലെന്നും കൂടുതൽ കർക്കശ നടപടി വേണമെന്നും വി. ജയപ്രകാശ്, പുല്ലുവിള സ്റ്റാൻലി, എ.എ. റഹീം എന്നിവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.