തിരുവനന്തപുരം: അറ്റകുറ്റപ്പണിയുടെയും നിർമാണപ്രവർത്തനങ്ങളുടെയും പേരിൽ ദിവസങ്ങളോളം കുടിവെള്ളം മുടങ്ങുന്നത് നഗരത്തിൽ ജനജീവിതം ദുസ്സഹമാക്കുന്നു. പൈപ്പ് വെള്ളത്തെ മാത്രം ആശ്രയിക്കുന്ന കുടുംബങ്ങൾ പ്രാഥമിക ആവശ്യങ്ങൾ പോലും നിർവഹിക്കാനാവാതെ ദുരിതത്തിലാണ്. ഹോട്ടലുകൾ, ഹോസ്റ്റലുകൾ, വിവിധ വ്യാപാര-വാണിജ്യ സ്ഥാപനങ്ങൾ എന്നിവയുടെ പ്രവർത്തനവും താളം തെറ്റി. ഏതാനും മാസമായി മിക്കദിവസങ്ങളിലും നഗരത്തിലെ വലിയൊരു പ്രദേശത്ത് ഏതെങ്കിലും കാരണത്താൽ കുടിവെള്ളവിതരണം നിലക്കുകയാണ്.
തിരുവനന്തപുരം-നാഗർകോവിൽ റെയിൽവേ പാത ഇരട്ടിപ്പിക്കൽ പ്രവൃത്തിയുമായി ബന്ധപ്പെട്ട് ജല അതോറിറ്റിയുടെ നേമത്തേക്കും ഐരാണിമുട്ടം ഭാഗത്തേക്കും പോകുന്ന ട്രാൻസ്മിഷൻ മെയ്നിന്റെ പൈപ്പ് ലൈൻ അലൈൻമെന്റ് മാറ്റുന്നതിന്റെ ഭാഗമായി വ്യാഴാഴ്ച രാവിലെ കുടിവെള്ളം മുടങ്ങിയ പ്രദേശങ്ങളിൽ വെള്ളിയാഴ്ച രാത്രി വൈകിയും പുനഃസ്ഥാപിച്ചിട്ടില്ല.
പുത്തൻപള്ളി, ആറ്റുകാൽ, വലിയതുറ, പൂന്തുറ, ബീമാപള്ളി, ബീമാപള്ളി ഈസ്റ്റ്, മാണിക്യവിളകം, മുട്ടത്തറ, പുഞ്ചക്കരി, പൂജപ്പുര, കരമന, ആറന്നൂർ, മുടവൻമുകൾ, നെടുംകാട്, കാലടി, പാപ്പനംകോട്, മേലാംകോട്, വെള്ളായണി, എസ്റ്റേറ്റ്, നേമം, പ്രസാദ് നഗർ, തൃക്കണ്ണാപുരം, പുന്നയ്ക്കാമുകൾ, തിരുമല, വലിയവിള, പി.ടി.പി, കൊടുങ്ങാനൂർ, കാച്ചാണി, നെട്ടയം, വട്ടിയൂർക്കാവ്, കാഞ്ഞിരംപാറ, പാങ്ങോട്, തുരുത്തുമൂല എന്നീ വാർഡുകളിൽ പൂർണമായും ശ്രീവരാഹം, അമ്പലത്തറ, മണക്കാട്, കുര്യാത്തി, വള്ളക്കടവ്, കമലേശ്വരം, തിരുവല്ലം, പൂങ്കുളം, പാളയം, വഞ്ചിയൂർ, കുന്നുകുഴി, പട്ടം എന്നീ വാർഡുകളിൽ ഭാഗികമായുമാണ് ജലവിതരണം തടസ്സപ്പെട്ടത്. വ്യാഴാഴ്ച രാവിലെ എട്ടുമുതൽ വെള്ളിയാഴ്ച രാവിലെ എട്ടുവരെ ജലവിതരണം മുടങ്ങുമെന്നാണ് ജല അതോറിറ്റി അറിയിച്ചിരുന്നത്. എന്നാൽ വെള്ളിയാഴ്ച വൈകീട്ടെങ്കിലും പൈപ്പിൽ വെള്ളം എത്തുമെന്ന പ്രതീക്ഷിച്ച അസ്ഥാനത്തായി.
തമ്പാനൂർ, മണക്കാട് മേഖലകളിൽ തിങ്കളാഴ്ച മുതൽ ജലവിതരണം ഭാഗികമാണ്. സ്മാർട്ട് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട് അട്ടക്കുളങ്ങര ജങ്ഷനിൽ കേരള വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ ഇന്റർ കണക്ഷൻ ജോലികളെ തുടർന്നാണിത്. കുര്യാത്തി സെക്ഷൻ പരിധിയിൽ വരുന്ന തമ്പാനൂർ, ഫോർട്ട്, ശ്രീവരാഹം, ചാല, വലിയശാല, കുര്യാത്തി, മണക്കാട്, ആറ്റുകാൽ, വള്ളക്കടവ്, മുട്ടത്തറ, കമലേശ്വരം, കളിപ്പാൻകുളം, പെരുന്താന്നി, ശ്രീകണ്ഠേശ്വരം വാർഡുകളിലാണ് ജലവിതരണം തടസ്സപ്പെട്ടത്. അട്ടക്കുളങ്ങരയിലെ പണികൾ തീർന്നതിനുപിന്നാലെ റെയിൽവേയുടെ ഭാഗത്ത് നിർമാണം ആരംഭിച്ചതോടെ അടുത്ത നിയന്ത്രണം വരുകയായിരുന്നു.
ജലവിതരണം തടസ്സപ്പെടുന്നതടക്കം ജല അതോറിറ്റിയുമായി ബന്ധപ്പെട്ട പരാതികൾ രജിസ്റ്റർ ചെയ്യാൻ ഓൺലൈൻ സംവിധാനമുണ്ടെങ്കിലും തുടർനപടികൾ ഉണ്ടാകാറില്ല. ചിലപ്പോൾ ഉദ്യോഗസ്ഥർ പരാതിക്കാരെ വിളിച്ച് അന്വേഷിക്കാറുണ്ടെങ്കിലും ഭൂരിഭാഗം പരാതികളിലും പരിഹാരം അകലെയാണ്. ഇതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക ഫോണുകളിൽ ബന്ധപ്പെട്ടാലും പ്രതികരണമില്ല. കൃത്യമായി മീറ്റർ റീഡിങ് നടത്തി ബിൽ നൽകുമ്പോൾ പരാതികൾ കണ്ടില്ലെന്ന് നടിക്കുകയാണ് ചുമതലപ്പെട്ട ഉദ്യോഗസ്ഥർ.
ഭരണ സിരാകേന്ദ്രമായ സെക്രട്ടേറിയറ്റ് ഉൾപ്പെടെ ജലക്ഷാമത്തിന്റെ കെടുതിയറിഞ്ഞു. സെക്രട്ടേറിയേറ്റ് കാന്റീന്, കോഫീഹൗസ് എന്നിവയുടെ പ്രവർത്തനത്തെയും ബാധിച്ചു. ജീവനക്കാര്‍ പ്രാഥമിക ആവശ്യങ്ങൾക്കുപോലും അലഞ്ഞു. ആഹാരം കഴിക്കാൻ കൈ കഴുകുന്നതിനും മറ്റാവശ്യങ്ങള്‍ക്കുമായി പലരും കുപ്പിവെള്ളം വാങ്ങി ഉപയോഗിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.