തിരുവനന്തപുരം: തുടർച്ചയായി മൂന്നുദിവസം നഗരത്തിൽ കുടിവെള്ളം മുടങ്ങിയതോടെ അക്ഷരാർഥത്തിൽ വലഞ്ഞ് ജനം. പ്രവൃത്തിദിനങ്ങൾ കൂടിയായതിനാൽ അത്യാവശ്യകാര്യങ്ങൾക്ക് കുടിവെള്ളം കിട്ടാതെ വീട്ടുകാർ നെട്ടോട്ടമോടി. അറ്റകുറ്റപ്പണിയുടെയും നിർമാണപ്രവർത്തനങ്ങളുടെയും പേരിൽ ദിവസങ്ങളോളം കുടിവെള്ളം മുടങ്ങുന്നത് നഗരത്തിൽ ഇപ്പോൾ പതിവാണ്. 44 വാർഡുകളിലാണ് വെള്ളം മുടങ്ങിയത്. പൈപ്പ് വെള്ളത്തെ മാത്രം ആശ്രയിക്കുന്ന കുടുംബങ്ങൾ പ്രാഥമികാവശ്യങ്ങൾ പോലും നിർവഹിക്കാനാവാതെ ബന്ധുവീടുകളിലേക്ക് മാറി.
പുത്തൻപള്ളി, ആറ്റുകാൽ, വലിയതുറ, പൂന്തുറ, ബീമാപള്ളി, ബീമാപള്ളി ഈസ്റ്റ്, മാണിക്യവിളകം, മുട്ടത്തറ, പുഞ്ചക്കരി, പൂജപ്പുര, കരമന, ആറന്നൂർ, മുടവൻമുകൾ, നെടുംകാട്, കാലടി, പാപ്പനംകോട്, മേലാംകോട്, വെള്ളായണി, എസ്റ്റേറ്റ്, നേമം, പ്രസാദ് നഗർ, തൃക്കണ്ണാപുരം, പുന്നയ്ക്കാമുകൾ, തിരുമല, വലിയവിള, പി.ടി.പി, കൊടുങ്ങാനൂർ, കാച്ചാണി, നെട്ടയം, വട്ടിയൂർക്കാവ്, കാഞ്ഞിരംപാറ, പാങ്ങോട്, തുരുത്തുമൂല എന്നീ വാർഡുകളിൽ പൂർണമായും ശ്രീവരാഹം, അമ്പലത്തറ, മണക്കാട്, കുര്യാത്തി, വള്ളക്കടവ്, കമലേശ്വരം, തിരുവല്ലം, പൂങ്കുളം, പാളയം, വഞ്ചിയൂർ, കുന്നുകുഴി, പട്ടം എന്നീ വാർഡുകളിൽ ഭാഗികമായുമാണ് ജലവിതരണം തടസ്സപ്പെട്ടത്. വ്യാഴാഴ്ച രാവിലെ എട്ടുമുതൽ വെള്ളിയാഴ്ച രാവിലെ എട്ടുവരെ ജലവിതരണം മുടങ്ങുമെന്നാണ് ജല അതോറിറ്റി അറിയിച്ചിരുന്നത്. എന്നാൽ ശനിയാഴ്ച വൈകീട്ടായിട്ടും വെള്ളം എത്തിയില്ല.
തിരുവനന്തപുരം: നഗരത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് ബി.ജെ.പി കൗൺസിലർമാർ നഗരസഭയിൽനിന്ന് സെക്രേട്ടറിയറ്റിലേക്ക് മാർച്ച് നടത്തി. ശനിയാഴ്ച രാത്രി 11 ഓടെയാണ് സെക്രട്ടേറിയറ്റിന് മുന്നിലെത്തി കുത്തിയിരിപ്പ് സമരം നടത്തിയത്. കുടിവെള്ളപ്രശ്നം പരിഹരിച്ചില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് കൗൺസിലർമാർ അറിയിച്ചു.
തിരുവനന്തപുരം: നഗരത്തിൽ കുടിവെള്ളവിതരണം ഞായറാഴ്ച പുനരാരംഭിക്കുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും പൂർവസ്ഥിതിയിലാകാൻ ഉച്ചയാകും. എന്നാൽ ഉയർന്ന പ്രദേശങ്ങളിൽ വെള്ളം കിട്ടാൻ പിന്നെയും വൈകിയേക്കും. റെയിൽവേ പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് സി.ഐ.ടി റോഡിലും കുഞ്ചാലുംമുട്ടിലും ജലവിതരണപൈപ്പിന്റെ അലൈൻമെന്റ് മാറ്റുന്ന പ്രവൃത്തി ശനിയാഴ്ച ഉച്ചയോടെ പൂർത്തിയാക്കി.
പമ്പിങ് പുനരാരംഭിച്ചപ്പോൾ ലൈനിൽ വീണ്ടും ചോർച്ച കണ്ടെത്തിയതിനെ തുടർന്ന് അറ്റകുറ്റപ്പണി പുരോഗമിക്കുകയാണ്. ജലവിതരണം മുടങ്ങിയ 44 വാർഡുകളിലും ഞായറാഴ്ച ഉച്ചയോടെ വെള്ളം കിട്ടുമെന്നാണ് ജല അതോറിറ്റി ഉദ്യോഗസ്ഥർ അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.