തിരുവനന്തപുരം: വിവിധ കാരണങ്ങളാൽ ജലവിതരണം അടിക്കടി മുടങ്ങുന്നത് നഗരത്തിൽ സൃഷ്ടിക്കുന്നത് സമാനതകളില്ലാത്ത ദുരിതം. മിക്ക ദിവസങ്ങളിലും നഗരത്തിലെ ഏതെങ്കിലും ഒരുഭാഗത്ത് ജലവിതരണം തടസ്സപ്പെടും. പൈപ്പ് പൊട്ടലും അറ്റകുറ്റപ്പണിയടക്കം പല കാരണങ്ങളാണ് അധികൃതർ നൽകുന്ന വിശദീകരണം. ചില സ്ഥലങ്ങളിൽ വെള്ളം മുടങ്ങുന്നത് ജല അതോറിറ്റി വാർത്തക്കുറിപ്പിലൂടെ അറിയിക്കാറുണ്ടെങ്കിലും മുന്നറിയിപ്പില്ലാതെ വെള്ളം മുടങ്ങുന്ന സ്ഥലങ്ങളുമേറെ.
ജല അതോറിറ്റി ഓഫിസുകളിലും ഉദ്യോഗസ്ഥരുടെ ഔദ്യേഗിക നമ്പറുകളിലും ബന്ധപ്പെട്ടാലും പ്രതികരിക്കാറില്ലെന്ന് ഉപഭോക്താക്കൾ കുറ്റപ്പെടുത്തുന്നു. ജലവിതരണം സംബന്ധിച്ച പരാതികൾ അറിയിക്കാനുള്ള നമ്പറിൽ വിളിച്ച് രജിസ്റ്റർ ചെയ്താലും ഫലമില്ല. പരാതി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് സന്ദേശം ലഭിക്കുന്നതൊഴിച്ചാൽ പരിഹാരം ഉണ്ടാകുന്നില്ല.
പത്ത് ദിവസത്തിലേറെയായി ജലവിതരണം മുടങ്ങിയത് പുനഃസ്ഥാപിക്കാത്തതിനെതിരെ മേട്ടുക്കടയിൽ കഴിഞ്ഞദിവസം രാത്രി വലിയ പ്രതിഷേധമുയർന്നിരുന്നു. സി.പി.എം കൗൺസിലർമാരടക്കം ജല അതോറിറ്റി നടപടിക്കെതിരെ ഇവിടെ രംഗത്തുവന്നു. വലിയശാല, തൈക്കാട് വാർഡുകളിലെ ആയിരത്തിലധികം വീടുകളിൽ വെള്ളം മുടങ്ങിയിട്ടും യഥാസമയം പുനഃസ്ഥാപിക്കാത്തതാണ് പ്രതിഷേധത്തിന് കാരണമായത്.
തിരുവനന്തപുരം മാനവീയം വീഥിയിൽ പൈപ്പ് പൊട്ടിയതാണ് വെള്ളയമ്പലം ആൽത്തറ മുതൽ മേട്ടുക്കട വരെയുള്ള ഭാഗത്ത് ശുദ്ധജലക്ഷാമത്തിന് കാരണമായത്. കഴിഞ്ഞദിവസം മേട്ടുക്കട ഭാഗത്തെ പ്രധാന പ്രമോ പൈപ്പിലെ ലൈൻ മാറ്റി നൽകുന്ന ജോലി നടത്തിയിരുന്നു. പഴയ കാസ്റ്റ് അയൺ പൈപ്പിലേക്ക് ലൈനുകൾ മാറ്റിനൽകേണ്ട സ്ഥലങ്ങളിൽ ഫാബ്രിക്കേഷൻ ജോലികൾ ഉള്ളതിനാലാണ് പണി നീണ്ടതെന്നാണ് അധികൃതരുടെ വിശദീകരണം.
മേട്ടുക്കട സംഗീത കോളജ് ജങ്ഷൻ റോഡ്, വിമൻസ് കോളജ് ജങ്ഷൻ, ബേക്കറി ജങ്ഷൻ റോഡ്, വഴുതക്കാട് ഓൾ ഇന്ത്യ റേഡിയോ റോഡ്, വഴുതക്കാട് അനിരുദ്ധൻ റോഡ്, വഴുതക്കാട് കോട്ടൺഹിൽ റോഡ്, ഗണപതി കോവിൽ റോഡ് എന്നിവിടങ്ങളിലെ ലൈനുകൾ മാറ്റി പുതിയത് സ്ഥാപിക്കാനുണ്ടെന്നും ജല അതോറിറ്റി പറയുന്നു.
നിലവിലെ ജോലികൾ മൂലം ശുദ്ധജലവിതരണം മുടങ്ങുന്ന സാഹചര്യമില്ലെന്നും ഉദ്യോഗസ്ഥർ വിശദീകരിക്കുന്നു. എന്നാൽ പല പ്രദേശങ്ങളിലും വെള്ളം കിട്ടുന്നില്ല. കുര്യാത്തി ജല അതോറിറ്റി ഓഫിസിന് കീഴിലുള്ള പ്രദേശങ്ങളിലും ജലവിതരണം സംബന്ധിച്ച് പരക്കെ ആക്ഷേപമുണ്ട്.
മണക്കാട്, കമലേശ്വരം മേഖലയിൽ മിക്കസ്ഥലങ്ങളിലും പകൽസമയം പൂർണമായി വെള്ളം കിട്ടാറില്ല. ഉച്ചക്കും രാത്രിയിലുമാണ് പൈപ്പുകളിൽ വെള്ളമെത്തുക. ഏറെക്കാലമായുള്ള ഈ പരാതിക്ക് ഇതുവരെയും പരിഹാരം കാണാൻ ജല അതോറിറ്റി തയാറായിട്ടില്ല. പരാതി അറിയിച്ചാലും ചുമതലയുള്ള ഉദ്യോഗസ്ഥർ ഇടപെടാത്ത സാഹചര്യവുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.